മലയിൻകീഴ് ∙ ജംക്ഷനിലെ പഴക്കടയിൽ രാത്രി തീയും പുകയും പിന്നാലെ പൊട്ടിത്തെറിയും . മലയിൻകീഴ് സ്വദേശി മോഹന്റെ പഴക്കടയിൽ ആണ് കഴിഞ്ഞ ദിവസം രാത്രി 10ന് ആണ് അപകടം . ജീവനക്കാരനായ സലിം കടയിൽ സാധനങ്ങൾ അടുക്കി വയ്ക്കുന്നതിനിടെയാണ് പുക ഉയർന്നത്. സമീപത്തെ കടക്കാരും നാട്ടുകാരും ചേർന്ന് സാധനങ്ങൾ എടുത്ത് പുറത്തേക്ക് ഇടുന്നതിനിടെ തീ പടർന്നു.
പൊട്ടിത്തെറിയുടെ ശബ്ദവും. കാട്ടാക്കട ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻഞ്ചിനുകൾ എത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. സമീപ കടകളിലേക്കു തീ വ്യാപിക്കാതെ തടയാൻ സാധിച്ചു. ഹോട്ടൽ, ബേക്കറി തുടങ്ങി ഒട്ടേറെ സ്വകാര്യ കടകൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഇടുങ്ങിയ മുറിയിൽ പ്രവർത്തിച്ചിരുന്ന പഴക്കടയിൽ സാധനങ്ങൾ കുത്തി നിറച്ചാണ് സൂക്ഷിച്ചിരുന്നത്.
പകുതിലേറെ സാധനങ്ങളും അഗ്നിക്കിരയായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുത കണക്ഷനിലെ ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴങ്ങൾ പഴുക്കാൻ ഉറയിട്ടിരുന്ന സ്ഥലത്തു നിന്നും തീ പടരാൻ സാധ്യത ഉള്ളതായി സംശയിക്കുന്നു.