go

7 വയസ്സുള്ള കുട്ടി മണ്ണുവാരി തിന്നുകയായിരുന്നു; ഒഴുക്കിയത് കോടികൾ; എന്നിട്ടും!

trivandrum-kerala-state-counsil-for-child-welfare-taken-the-child-of-sreedevi
ശ്രീദേവി മൂന്നു മാസം പ്രായമുള്ള ഇളയകുഞ്ഞിനൊപ്പം. നാലു കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിവരമറിഞ്ഞു വീട്ടിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ എന്നിവർ സമീപം.
SHARE

തിരുവനന്തപുരം ∙ ‘ഞങ്ങൾ ആ കുടിലിൽ ചെല്ലുമ്പോൾ വിശപ്പു സഹിക്കാനാകാതെ 7 വയസ്സുള്ള കുട്ടി മണ്ണുവാരി തിന്നുകയായിരുന്നു’– സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക്കിന്റെ വെളിപ്പെടുത്തൽ.ഞായറാഴ്ച ഉച്ചയ്ക്ക് അവിടെ കണ്ട കാഴ്ചകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ഉള്ളം പൊള്ളിക്കുന്നതായിരുന്നു. സംഭവം അറിഞ്ഞു കുടിലിൽ എത്തിയവർക്കു താങ്ങാനായില്ല ആ കാഴ്ചകൾ. ദരിദ്രർക്കു വേണ്ടി സർക്കാർ വിവിധ പദ്ധതികൾ കടലാസിൽ പ്രഖ്യാപിക്കുമ്പോൾ പട്ടിണിയിൽ കഴിയുന്നവർക്ക്  ചെറിയൊരു അംശം പോലും ലഭിക്കുന്നില്ലെന്നതിന്റെ തെളിവായിരുന്നു മണ്ണ് ഉണ്ണേണ്ടി വന്ന കുരുന്നുകൾ.

ശ്രീദേവിയും മക്കളും ദിവസങ്ങളായി പട്ടിണിയിലായതിനെതുടർന്ന്  നാലുകുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിവരമറിഞ്ഞ് ഇന്നലെ രാത്രി എത്തിയ മേയർ കെ. ശ്രീകുമാർ വീട്ടിന്റെ മുന്നിൽ.
ശ്രീദേവിയും മക്കളും ദിവസങ്ങളായി പട്ടിണിയിലായതിനെതുടർന്ന് നാലുകുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിവരമറിഞ്ഞ് ഇന്നലെ രാത്രി എത്തിയ മേയർ കെ. ശ്രീകുമാർ വീട്ടിന്റെ മുന്നിൽ.

വഞ്ചിയൂരിനടുത്ത് ഉപ്പിടാംമൂട് പാലത്തിനു താഴെ പനമൂട് റെയിൽവേ കോളനിയിൽ 10ലേറെ ഷെഡുകളുണ്ട്. ഒരിടത്തും അടിസ്ഥാന സൗകര്യങ്ങളില്ല.  വാതിൽ ഇല്ലാത്ത വീടുകളിൽ അന്തിയുറങ്ങുന്നവർ. ഇവരെ പുനരധിവസിപ്പിക്കാൻ നടപടികളില്ല. ഭവന രഹിതർക്കു വേണ്ടിയുള്ള ലൈഫ് പദ്ധതി പ്രകാരം വീടുകൾ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചിരിക്കുകയാണ് അവർ. എന്നാൽ അതിന്റെ പട്ടികയിൽ തന്റെ കുടുംബം ഇല്ലെന്നു 6 മക്കൾക്ക് ഒരു നേരത്തേ ഭക്ഷണം പോലും നൽകാൻ സാധിക്കാത്ത ശ്രീദേവി പറയുന്നു.

എല്ലാ വീടുകളിലും പരിശോധന നടത്തി കുട്ടികൾക്കു പോഷകാഹാരക്കുറവുണ്ടോയെന്നു പരിശോധിക്കാൻ കോർപറേഷനിൽ വിപുലമായ സംവിധാനം ഉണ്ട്. എന്നാൽ ഒന്നിനും നടപടിയില്ല. വിവരമറിഞ്ഞ് ഇവിടെ എത്തിയ മേയർ കെ.ശ്രീകുമാർ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നു പറഞ്ഞു. മാതാവ് ശ്രീദേവിക്ക് കോർപറേഷനിൽ താത്കാലിക ജോലി നൽകുമെന്നും ഒഴിവുള്ള ഫ്ലാറ്റിൽ താമസിപ്പിക്കുമെന്നും വാഗ്ദാനം. കുഞ്ഞുമോൻ–ശ്രീദേവി ദമ്പതികളുടെ 6 മക്കളിൽ മൂത്തവരായ 2 പേരും ചെട്ടിക്കുളങ്ങര യുപി സ്കൂളിലെ രണ്ടാം ക്ലാസിലെയും യുകെജിയിലെയും വിദ്യാർഥികളാണ്. 

സ്കൂൾ അധികൃതരും കുട്ടികളുടെ അവസ്ഥ മനസ്സിലാക്കുന്നില്ലെന്നാണു സംഭവങ്ങൾ വ്യക്തമാകുന്നത്. ആറു കുട്ടികളും പട്ടിണി കിടന്ന സ്ഥലത്തുനിന്ന് 20 മീറ്റർ അപ്പുറം ഒരു ഹോട്ടലുണ്ട്–  പേര്– ‘സഖാവ്’. പുറമ്പോക്ക് കയ്യേറി കെട്ടി ഉയർത്തിയ സ്ഥലം ഹോട്ടൽ നടത്താൻ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇവിടെ നിന്ന് ഒട്ടേറെപ്പേർ ഭക്ഷണം വാങ്ങി മടങ്ങുമ്പോൾ അതിനു താഴെ കോളനിയിലെ കുടിലിൽ ഈർപ്പം ഉണങ്ങാത്ത നിലത്തിരുന്നു വിശപ്പടക്കാൻ മണ്ണുകുഴയ്ക്കുകയായിരുന്നു ഇന്നലെ വരെ ആ കുരുന്നുകൾ. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama