go

അരിപ്പ പക്ഷി സങ്കേതം: സാധ്യതകളേറെ, ഒന്നിനും ചിറക് മുളയ്ക്കുന്നില്ല

trivandrum-palode-rare-birds
അരിപ്പ വനമേഖലയിലെ ചില അപൂർവയിനം പക്ഷികൾ
SHARE

പാലോട്∙ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള അരിപ്പ വനപ്രദേശം അപൂർവങ്ങളായ പക്ഷി വർഗങ്ങളുടെ സങ്കേതമായിട്ടും സാധ്യതകൾക്ക് ചിറക് മുളയ്ക്കുന്നില്ലെന്നും  ഇവിടം പക്ഷി സങ്കേതമായി പ്രഖ്യാപിക്കുന്നില്ലെന്നും പക്ഷി നിരീക്ഷകരുടെ വിമർശനം. പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. 

കേരളത്തിലെ പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തോളം കിടപിടിക്കുന്ന പക്ഷികളുടെ കാഴ്ച ഇവിടെയുണ്ടെന്ന് പക്ഷിനിരീക്ഷകർ തെളിവു സഹിതം സാക്ഷ്യപ്പെടുത്തുന്നു. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട ‘അരിപ്പ അമ്മയമ്പലം പച്ച’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതം അപൂർവത നിറഞ്ഞ പച്ചപ്പിന്റെ പറുദീസ കൂടിയാണ്. സമതല, നിത്യഹരിത വനമാണ് ഇവിടെയുള്ളത്. 

വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാൽ പക്ഷികളെ കാണാനും നിരീക്ഷിക്കാനും കഴിയുന്നു എന്നത് ഇവിടത്തെ സവിശേഷതയാണ്. മാക്കാച്ചി കാടയെന്ന അപൂർവ പക്ഷിവർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി തിരിച്ചറിഞ്ഞത് അരിപ്പയിലാണെന്ന് നിരീക്ഷകർ പറയുന്നു. ഇതിന് ശേഷമാണ് തട്ടേക്കാട് ഈ പക്ഷിയെ കാണുന്നതത്രെ. എന്നാൽ അരിപ്പയിൽ ഇതിനെ കണ്ട വിവരം വനംവകുപ്പിൻെറ ഒൗദ്യോഗിക രേഖകളില്ലെന്നും ആക്ഷേപമുണ്ട്. 

താടിക്കാരൻ വേലിതത്ത കാട്ടുമൂങ്ങ , ചാരത്തലയൻ ബുൾബുൾ ചാരത്തലയൻ മീൻപരുന്ത് , മേനിപൊന്മാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്, മീൻ കൂമൻ, മേനിപ്രാവ് കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, കാട്ടുതത്ത തുടങ്ങിയ 270ൽ ഏറെ പക്ഷിവർഗങ്ങൾ അരിപ്പയിലുണ്ടെന്ന് പക്ഷി നിരീക്ഷകർ പറയുന്നു. കേരളത്തിൽ കാണുന്ന വലിയ മരങ്കൊത്തിയായ ബ്ളാക്ക് വുഡ് പെക്കർ എന്ന കാക്ക മരങ്കൊത്തിയും പക്ഷികളിലെ ഗാനഗന്ധർവനായ ഷാമക്കിളി എന്ന ഇന്ത്യൻ ഷാമയേയും അരിപ്പ വനത്തിൽ ധാരാളമായി കണ്ടിരുന്നു.എന്നാൽ ഇവയുടെ എണ്ണം അതിവേഗം കുറഞ്ഞു വരുന്നതായും പറയുന്നു. 

ഇതിനു കാരണം അരിപ്പ പക്ഷിസങ്കേതമായി ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതിരിക്കുകയും ആ വകയിൽ കിട്ടേണ്ടതായ സംരക്ഷണം കിട്ടാതിരിക്കുകയും ചെയ്യുന്നതു കൊണ്ടു തന്നെ. ഇവിടം പക്ഷിസങ്കേതമായി പ്രഖ്യാപിച്ചാൽ ചുറ്റുവട്ടത്തുള്ള ആര്യങ്കാവ്,പാലരുവി, തെന്മല, കുളത്തുപ്പുഴ, പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, പൊന്മുടി ഹിൽ റിസോർട്ട് തുടങ്ങിയ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഉണർവേകും.

പക്ഷികൾക്കു പുറമേ ആന, കാട്ടുപോത്ത്, മ്ലാവ് , പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്.അരിപ്പ പക്ഷിസങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്.കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയിനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേർന്നാണ്. 

പക്ഷേ ഈ പച്ചപ്പ് നിലനിർത്താൻ വേണ്ടത്ര ഇടപ്പെടലുകൾ ഇല്ലെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama