ഹരിശ്രീ കുറിച്ചത് പിഴച്ചില്ല; ആദരത്തിന്റെ നെറുകയിൽ നളിനി മിസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നളിനി ചന്ദ്രൻ നളിനി ചന്ദ്രൻ

തൃശൂർ∙ നെഞ്ചു വിരിച്ചു നിന്ന ഒരു സ്ത്രീ 80 വയസ്സു തികയ്ക്കുന്നു. വെറുതെ നിൽക്കുകയായിരുന്നില്ല. ഓടിക്കൊണ്ടു നിൽക്കുകയായിരുന്നു. ഹരി ശ്രീ വിദ്യാനിധി സ്കൂൾ സ്ഥാപിച്ച നളിനി ചന്ദ്രൻ എന്ന പ്രിയപ്പെട്ട അധ്യാപികയ്ക്കു 80 വയസ്സു തികഞ്ഞു. സ്കൂളിൽ ലളിതമായ ചടങ്ങിൽ ആഘോഷം ഒതുക്കുകയും ചെയ്തു. ഇംഗ്ളിഷ് സ്കൂളുകളോടു അലർജിയുണ്ടായിരുന്ന കാലത്താണു നളിനി ചന്ദ്രൻ നഗരത്തിലെത്തുന്നത്.

ഭർത്താവ് ലഫ്റ്റനന്റ് കേണൽ കെ.ആർ. ഈശ്വരചന്ദ്രൻ മരിച്ചപ്പോൾ നളിനിക്കു ചെറുപ്പമായിരുന്നു. ഭർത്താവ് ജോലി ചെയ്ത സ്ഥലത്തെല്ലാം അധ്യാപികയായി ജോലി ചെയ്ത നളിനിക്കു അറിയാവുന്ന ഏക ജോലിയും അതായിരുന്നു. പക്ഷേ പെട്ടെന്നൊരു വലിയ സ്കൂൾ കെട്ടിപ്പടുക്കാനുള്ള സാമ്പത്തിക കരുത്തു അന്നുണ്ടായിരുന്നില്ല. എന്നാൽ, ഈശ്വരചന്ദ്രന്റെ ഭാര്യയ്ക്കൊപ്പം ഈശ്വരനുണ്ടായിരുന്നു. നളിനി മിസ് എന്നറിയപ്പെടുന്ന മിസ്സിലേക്കു നളിനി ചന്ദ്രൻ യാത്ര തുടങ്ങുന്നത് അന്നാണ്.

1978ൽ പൂങ്കുന്നത്തെ ചെറിയൊരു വീട്ടിൽ ആറു വിദ്യാർഥികളുമായി നളിനി ഒരു ഇംഗ്ളിഷ് സ്കൂൾ തുടങ്ങി. പക്ഷേ സ്കൂളിന്റെ പേര് നല്ല പച്ച മലയാളത്തിലായിരുന്നു. ‘ഹരി ശ്രീ’. അന്നു എൽകെജി ഇതുപോലെ രക്ഷിതാക്കളുടെ മോഹമായിത്തുടങ്ങിയിട്ടില്ല. രണ്ടാം വർഷമാകുമ്പോഴേക്കും പത്തു പന്ത്രണ്ടുപേർ കൂടി അന്വേഷിച്ചെത്തി. പതുക്കെ വീടു വളരുകയായിരുന്നു. നാലാം ക്ളാസു വരെ അവിടെ നടത്താൻ തുടങ്ങി.

രക്ഷിതാക്കൾക്കു കുട്ടികളെ വേറെ സ്ഥലത്തേക്കു കൊണ്ടു പോകേണ്ട അവസ്ഥ വന്നപ്പോൾ‌ അവർ പുതിയ സ്കൂൾ തുടങ്ങാൻ നിർബന്ധിച്ചു. ജസ്റ്റിസ് ടി.ആർ. ബാലകൃഷ്ണനാണു ഹരിശ്രീ എന്ന ട്രസ്റ്റു തുടങ്ങാൻ നിർദ്ദേശിച്ചത്. 1000 രൂപ തരുന്നവരെ അംഗങ്ങളാക്കി ട്രസ്റ്റ് തുടങ്ങാനായിരുന്നു തീരുമാനം. അതു പ്രവേശന ഫീസായിരുന്നില്ല. സ്കൂളിനുള്ള അടിത്തറയായിരുന്നു. കേട്ടതു പാതി എസ്എഫ്ഐ സ്കൂളിനു മുന്നിൽ കൊടി പിടിച്ചു.

സ്വകാര്യ സ്കൂൾ കോഴ പിരിക്കുന്നു എന്നതായിരുന്നു പരാതി. പതിവുപോലെ സമരം കുറച്ചു കഴിഞ്ഞപ്പോൾ അവസാനിച്ചു. സ്കൂളും ടീച്ചറും ബാക്കിയായി. ഇന്നു നഗരത്തിലെ പ്രമുഖ 14 സ്കൂളുകളിലെ പ്രിൻസിപ്പൽമാർ ഹരി ശ്രീയിൽ ജോലി ചെയ്തവരാണ്. കുട്ടികളെ എടുക്കുന്നതിലും കടുത്ത നിബന്ധനയായിരുന്നു നളിനിക്കു അധ്യാപകരുടെ കാര്യത്തിൽ. അതിനാൽ ഹരി ശ്രീ നല്ല കുട്ടികളോടെ‍ാപ്പം നല്ല അധ്യാപികമാരെയും സൃഷ്ടിച്ചു.

ലോകത്തിന്റെ എല്ലാ കോണിലും ഈ അധ്യാപികയുടെ കുട്ടികളുണ്ട്. ഇല്ലായ്മയിൽനിന്നു വന്നവരെ അവർ ഫീസ് വാങ്ങാതെ പഠിപ്പിച്ചു. മിടുക്കന്മാരെ വഴി തിരിച്ചു വിട്ടു. ചിലരെ തിരുത്തി. ആദ്യം ശത്രുക്കളായവരെ പിന്നീടു വേണ്ടപ്പെട്ടവരാക്കി. പല രക്ഷിതാക്കളുടെയും കടപ്പാടാണ് നളിനി എന്ന അധ്യാപികയുടെ ബാങ്ക് ബാലൻസ്. 52 വർഷമായി അവർ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നളിനിക്കു തെറ്റുകൾ പറ്റിയിട്ടുണ്ട്. പക്ഷേ ചെയ്തതെല്ലാം അവർ ശരിയെന്നു വിശ്വസിച്ചതായിരുന്നു.

എൺപതാം വയസ്സിലും അവർ സ്കൂളുകളിൽപ്പോയി ക്ളാസുകൾ എടുക്കുന്നു, കുട്ടികളെ പതിവുപോലെ ഹൃദയവുമായി അടുപ്പിച്ചു നിർത്തുന്നു. തന്നെ സ്കൂളിൽനിന്നു പുറത്താക്കാൻ ശ്രമിച്ച ട്രസ്റ്റ് അംഗങ്ങളോടു പകയില്ലാതെ പെരുമാറുന്നു. അന്നുകൂടെയുള്ള രണ്ടു പേർ എൺപതാം വയസ്സിലും നളിനി മിസ്സിന്റെ കൂടെ ബാക്കിയാണ്. ലഫ്റ്റനന്റ് കേണൽ കെ.ആർ. ഈശ്വരചന്ദ്രന്റെ ഓർമയും ഈശ്വരനും. പോരാട്ടമാണു സഖാവ് എന്നു വിളിക്കുന്നതിന്റെ മാനദണ്ഡമെങ്കിൽ നളിനി മിസ്സിനെയും സഖാവ് എന്നു വിളിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.