അപകടത്തെ തുടർന്ന് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുതിരാൻ ∙ വഴുക്കുംപാറയിൽ ദേശീയപാതയിലെ കുഴികളും ചെളിയും മൂലം റോഡിൽ തെറിച്ചുവീണു ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് പ്രദേശത്തു വൻ പ്രതിഷേധം. രാവിലെ അപകടമുണ്ടായ ഉടൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.അഭിലാഷിന്റെ നേതൃത്വത്തിൽ പ്രവർത്തകരും ഭാരവാഹികളും റോഡിൽ കുത്തിയിരുന്നു. സിറ്റി പൊലീസ് മേധാവി ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.

കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പൊലീസും തമ്മിൽ വാഗ്വാദമുണ്ടായി.ദേശീയപാത സ്തംഭിച്ചതിനെ തുടർന്നു പീച്ചി പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തു പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സി.അഭിലാഷ്, വൈസ് പ്രസിഡന്റ് സി.വി.ജോസ്, പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, പി.ടി.ഔസേഫ്, മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, വൈസ് പ്രസിഡന്റ് ബേബി ആശാരിക്കാട് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കെപിസിസി അംഗം എം.പി.വിൻസന്റ്, ഡിസിസി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് എന്നിവരെത്തിയാണ് അറസ്റ്റിലായവരെ ജാമ്യത്തിലിറക്കിയത്. അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.വി.പത്രോസ്, ടി.പി.ജോർജ്, കെ.പി.എൽദോസ്, ശകുന്തള ഉണ്ണിക്കൃഷ്ണൻ, കെ.പി.ചാക്കോച്ചൻ, ഷിജോ പി.ചാക്കോ എന്നിവർ പ്രതിഷേധങ്ങളിൽ പങ്കെടുത്തു.

മണ്ണുത്തിയിലും പാണഞ്ചേരിയിലും ഇന്നു ഹർത്താൽ

പട്ടിക്കാട് ∙ ദേശീയപാതയിൽ റോഡിന്റെ തകർച്ചയെ തുടർന്നു ബൈക്കുയാത്രക്കാരൻ മരിക്കുകയും കോൺഗ്രസ് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ നടത്താൻ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. പാണഞ്ചേരി പഞ്ചായത്തിലും മുടിക്കോട് മുതൽ മണ്ണുത്തി വരെയുള്ള ഹൈവേ പ്രദേശത്തുമാണ് ഹർത്താൽ. ദേശീയപാത വിഷയത്തിൽ എംഎൽഎയും എംപിയും പ്രകടിപ്പിച്ച നിസംഗതയാണ് അപകടങ്ങൾക്കു കാരണമെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.

കമ്പനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എംഎൽഎ

മണ്ണുത്തി ∙ കുതിരാനിലുണ്ടായ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു കെ.രാജൻ എംഎൽഎ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ളതാണ്. ദേശീയപാത നിർമാണത്തെ സംബന്ധിച്ചു ഒട്ടേറെ പരാതികൾ നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. ശക്തമായ മഴക്കാലം ആരംഭിക്കുന്നതിനു മുൻപേ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു കർശന നിർദേശം നൽകിയിരുന്നു. കരാർവ്യവസ്ഥകളെല്ലാം ലംഘിച്ച കരാർ കമ്പനിക്കതിരെ നടപടിയെടുക്കാൻ എൻഎച്ച് അതോറിറ്റി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ പാത റീടാറിങ് നടത്തണം

മണ്ണുത്തി ∙ ദേശീയപാതയുടെ നിർമാണം അനിശ്ചിതമായി നീളുന്നതിനാൽ സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ടനുവദിച്ചു ദേശീയപാത സഞ്ചാരയോഗ്യമാക്കണമെന്നു മുൻ എംഎൽഎ എം.പി.വിൻസന്റ് ആവശ്യപ്പെട്ടു. അതേ സമയം ദേശീയപാതയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി നിർദേശിച്ച സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കരാർ കമ്പനി ചെയർമാൻ എംഡി എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പീച്ചി പൊലീസിൽ ഡിസിസി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പരാതി നൽകി.

ഡിവൈഎഫ്ഐ സമരം നടത്തി

മണ്ണുത്തി ∙ വഴുക്കുംപാറയിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തെ തുടർന്നു ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി എൻഎച്ച് ഓഫിസ് ഉപരോധിച്ചു. ബ്ലോക്ക് സെക്രട്ടറി വി.സി.സുജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നിബിൻ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ.ആർ.രവി, പി.പ്രശാന്ത്, മനു പുതിയാമഠം എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

പട്ടിക്കാട് ∙ ആറുവരിപ്പാതയിലെ കുഴികളടയ്ക്കാത്ത ദേശീയപാത അതോറിറ്റിയുടെ നിലപാടിനെതിരെയും കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. വിനോദ് തേനം പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.എ.ജയ, സന്തോഷ് കീറ്റിക്കൽ, കെ.എം.സുജിത്, വി.എ.ഉണ്ണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.