go

വ്യാജ ഡിഐജി പറഞ്ഞു:‘ഞങ്ങൾ നാടകക്കാരാ... ഇതൊക്കെ കോസ്റ്റ്യൂംസാ..’, യൂണിഫോമിൽ മെഡലും

fake-police
SHARE

തൃശൂർ ∙ ഡിഐജിയെന്ന പേരിൽ തട്ടിപ്പുകാരൻ വിലസുന്നതറിഞ്ഞ് മണ്ണുത്തി താളിക്കുണ്ടിലെ വീട്ടിൽ അന്വേഷിക്കാനെത്തിയ പൊലീസ് സംഘം കണ്ടതു മുറ്റത്തു പാർക്ക് ചെയ്തിരുന്ന ‘പൊലീസ് ജീപ്പ്’. വണ്ടിക്കുള്ളിൽ ഹാങ്ങറിൽ ഒരുജോടി യൂണിഫോം ഇസ്തിരിയിട്ടു തൂക്കിയിരുന്നു.

ഇതെന്താ സംഭവമെന്നാരാഞ്ഞ ഒറിജിനൽ പൊലീസിനോടു വ്യാജ ഡിഐജി പറഞ്ഞു: ‘ഞങ്ങൾ നാടകക്കാരാ സാറേ, വണ്ടിക്കുള്ളിൽ കിടക്കുന്ന യൂണിഫോം ഞങ്ങളുടെ കോസ്റ്റ്യൂംസിൽപെട്ടത‍ാണ്.’ അപ്പോൾ ജീപ്പിൽ ഒട്ടിച്ചിരിക്കുന്ന പൊലീസ് എന്ന സ്റ്റിക്കർ എന്തിനാണെന്ന ചോദ്യത്തിനു മുന്നിൽ തട്ടിപ്പുകാരൻ കുടുങ്ങി. 

യൂണിഫോമിൽ മെഡൽ!

നാട്ടുകാരെ പറ്റിക്കാൻ മിഥുൻ അണിഞ്ഞിരുന്ന യൂണിഫോം വാങ്ങി പരിശോധിച്ച പൊലീസ് ഞെട്ടി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ യൂണിഫോമിൽ പതിച്ചിരിക്കുന്നു! യൂണിഫോം മൊത്തത്തിൽ യഥാർഥ ഐപിഎസ് ഓഫിസർമാരുടെതിനു സമം. ആർ. ഭാനുകൃഷ്ണ ഐപിഎസ് എന്ന നെയിം ബോർഡ് പതിച്ചിട്ടുണ്ട്.

എയർ പിസ്റ്റൾ യഥാർഥ പൊലീസ് തോക്കിന്റെ അതേപതിപ്പ് തന്നെ. ജീപ്പിനുള്ളിൽ വയർലെസ് സെറ്റ് ഘടിപ്പിച്ചിരുന്നു. വയർലെസിന്റെ ആന്റിന ജീപ്പിന്റെ മുന്നിൽ ഇരുവശത്തും ഘടിപ്പിച്ചു. ഹോൺ പോലും പൊലീസ് ജീപ്പിന്റെതിനു സമാനം. മുകളിൽ നീല ബീക്കൺലൈറ്റും. ജീപ്പിൽ ലാത്തിയുമുണ്ടായിരുന്നു. 

17 –ാം വയസ്സിൽ തുടങ്ങിയ തട്ടിപ്പ്

പൊലീസ് രേഖകൾ പ്രകാരം മിഥുൻ പൊലീസ് വേഷത്തിൽ തട്ടിപ്പു തുടങ്ങിയത് 17 വയസ്സു മുതൽ. ചേർപ്പിൽ സ്ഥലംമാറിയെത്തിയ എസ്ഐ ആണെന്ന പേരിൽ ഒരാൾക്കു ജോലി വാഗ്ദാനം ചെയ്തു പണം തട്ടാൻ ഇയാൾ ശ്രമിച്ചിരുന്നു. സംശയം തോന്നിയ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. അന്നു പിടിയിലായെങ്കിലും 18 വയസ്സ് തികയാത്തതിന്റെ ആനുക‍ൂല്യത്തിൽ ജയിൽവാസത്തിൽനിന്നു രക്ഷപ്പെട്ടു. ഇതിനിടെ ചേർപ്പ് സ്വദേശിനിയെ വിവാഹം കഴിച്ചു.

ഐപിഎസ് വേഷം കെട്ടി ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് താളിക്കുണ്ട് സ്വദേശിനിയെയും പിന്നീട് വിവാഹം കഴിച്ചു. പൊലീസിൽ ജോലിനൽകാമെന്നു പറഞ്ഞ് ഭാര്യയുടെ സഹോദരനിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങി. ഇയാൾക്ക് സിവിൽ പൊലീസ് യൂണിഫോം തയ്പിച്ചു നൽകി. സർക്കാർ മുദ്ര സഹിതം നിയമന ഉത്തരവും പ്രിന്റ് ചെയ്തു നൽകി!

പത്താംക്ലാസുകാരൻ ഡിഐജി

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നിങ്ങൾ എന്തിന് ഐപിഎസ് വേഷംകെട്ടുന്നു എന്നു ചോദിച്ച പൊലീസ് സംഘത്തോട് മിഥുൻ പറഞ്ഞ മറുപടി വിചിത്രം. പൊലീസിൽ ചേരണമെന്നതാണ് തന്റെ ജീവിതാഭിലാഷമെന്നായിരുന്നു മിഥുന്റെ മറുപടി. അതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ പൊലീസ് വേഷം കെട്ടുന്നു എന്നും പറഞ്ഞു. തട്ടിപ്പിന്റെ വിവരമറിഞ്ഞ നാട്ടുകാരിൽ ചിലർ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയെ ഫോണിൽ ബന്ധപ്പെട്ടാണ് ആദ്യം വിവരമറിയിച്ചത്.

സിറ്റി ക്രൈം ബ്രാഞ്ച് എസിപി ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ എസ്ഐ ടി.ആർ.ഗ്ലാഡ്സ്റ്റൺ, എഎസ്ഐമാരായ എൻ.ജി.സുവൃതകുമാർ, പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, സിപിഒമാരായ ടി.വി.ജീവൻ, പി.കെ.പഴനിസ്വാമി, കെ.ബി.വിപിൻദാസ്, എം.എസ്.ലിഗേഷ്, മണ്ണുത്തി എസ്ഐ പി.എം.രതീഷ്, സിപിഒമാരായ ബിനീഷ്, ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama