go

ചെങ്കാലൻ പുള്ളിന്റെ ചിറകിൽ ജിപിഎസ് ഘടിപ്പിച്ചു വിട്ടു; പിന്നാലെ വെളിപ്പെട്ടത്....

Thrissur news
ഒരാഴ്ച മുൻപ് തൃശൂർ കോൾപ്പാടത്ത് വിരുന്നെത്തിയ ചെങ്കാലന്‍ പുള്ള്. ചിത്രം: ശ്രീകുമാർ കെ.ഗോവിന്ദൻകുട്ടി.
SHARE

തൃശൂർ ∙ ഒരാഴ്ച മുൻപു തൃശൂരിലെ കോൾമേഖലയിലേക്കു ഒരപൂർവ അതിഥി പറന്നെത്തി. ചെങ്കാലൻപുള്ളുകൾ (അമുർ ഫാൽക്കൺ) എന്നറിയപ്പെടുന്ന ദീർഘദൂര സഞ്ചാരപ്രിയരുടെ വിഭാഗത്തിൽപ്പെട്ട പക്ഷിയാണ് എത്തിയത്. ഇക്കൂട്ടത്തിൽ രണ്ടു പക്ഷിയുടെ ചിറകിൽ മണിപ്പൂരിലെ പക്ഷിശാസ്ത്രജ്ഞർ ജിപിഎസ് – സാറ്റലൈറ്റ് റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിച്ചുനോക്കി. ഇതിലൊരു പക്ഷി കടൽതാണ്ടി പറന്നെത്തിയതു സൊമാലിയയിൽ! ‘തമിങ്‌ലോങ്’ എന്നുപേരിട്ട പിടപ്പക്ഷിയാണ് കൗതുകയാത്ര നടത്തിയത്. ഒപ്പമുണ്ടായിരുന്ന ആൺപക്ഷി ചത്തുപോയിട്ടും തമിങ്‌ലോങ് യാത്ര തുടർന്നു.

thrissur news
ജിപിഎസ്–സാറ്റ്‌ലൈറ്റ് റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിച്ച് മണിപ്പൂരിൽനിന്നു പറത്തിവിടുന്നതിനു മുൻപുള്ള ‘തമിങ്‌ലോങിന്റെ’ ചിത്രം.

കേരളവും വിഹാരകേന്ദ്രം

മലമ്പുഴ ഡാമിനു സമീപം 2016 ഡിസംബറിൽ 20 ഓളം ചെങ്കാലൻ പുള്ളുകൾ എത്തിയിരുന്നു. കണ്ണൂർ മാടായിപ്പാറ, തിരുവനന്തപുരം പുഞ്ചക്കരി തണ്ണീർത്തടം (വെള്ളായനിക്കായൽ) എന്നിവിടങ്ങളാണ് മറ്റ് ഇഷ്ട കേന്ദ്രങ്ങൾ. കഴിഞ്ഞയാഴ്ച പുള്ളുകളിൽ ഒന്നു തൃശൂർ കോൾപ്പാടത്തും വിരുന്നെത്തിയിരുന്നു.

thrissur news

സംഭവബഹുലമായ 19 ദിവസങ്ങൾ 

നവംബർ 5:

മണിപ്പൂരിലെ തമിങ്‌ലോങ് ജില്ലയിലെ ചിലൂവൻ ഗ്രാമത്തിൽ നിന്നാണ് ‘മണിപ്പൂർ’ എന്നു പേരിട്ട ആൺ ചെങ്കാലൻപുള്ളിനൊപ്പം പെൺപക്ഷിയെ പറത്തിവിട്ടത്. യാത്രയ്ക്കിടെ കെബൂചിങ് ഗ്രാമത്തിൽ വച്ച് ആൺപക്ഷി ചത്തു. എന്നാൽ പെൺപക്ഷി യാത്രതുടർന്നു. 19ന് ‘തമിങ്‌ലോങ്’ ഇന്ത്യയിൽ നിന്നു നിർത്താതെ പറക്കൽ ആരംഭിച്ചു.

നവംബർ 24:

19 ദിവസം പിന്നിട്ട യാത്രയ്ക്കൊടുവിൽ തമിങ്‍‌ലോങ് സൊമാലിയൻ തീരത്തെത്തി. 5 ദിവസവും 8 മണിക്കൂറും നിർത്താതെ പറന്നു. പിന്നിട്ടത് 5700 കിലോമീറ്റർ. ദിവസത്തിൽ 4 മണിക്കൂർ ഇടവിട്ടു ജിപിഎസ് സന്ദേശം എത്തിക്കൊണ്ടിരുന്നു.

ജിപിഎസിന് 1.5 ലക്ഷം

ഒരു പക്ഷിയിൽ ജിപിഎസ്–സാറ്റ്‌ലൈറ്റ് റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിക്കാൻ 1.5 ലക്ഷമാണ് ചെലവ്. വിവര ശേഖരണത്തിനു ഒരു ലക്ഷവും ചെലവാകും.

ദിശ തെറ്റാത്ത ലക്ഷ്യം

ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും മണിപ്പൂർ സർക്കാരും ഹംഗറിയിൽ നിന്നുള്ള പക്ഷിശാസ്ത്രജ്ഞരും സർക്കാരേതര സംഘടനകളും സംയുക്തമായി നടപ്പാക്കുന്ന അമുർ ഫാൽക്കൺ സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ജിപിഎസ് ദൗത്യം. ദേശാടനപ്പക്ഷികളുടെ സ‍ഞ്ചാരമാർഗവും യാത്രയ്ക്കെടുക്കുന്ന സമയവും അതിജീവനവും നിരീക്ഷിക്കുകയാണ് ലക്ഷ്യം. 

വന്യജീവി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി വനം–പരിസ്ഥിതി മന്ത്രാലയമാണ് ധനസഹായം നൽകുന്നത്. ജിപിഎസ്–സാറ്റ്‌ലൈറ്റ് റേഡിയോ ട്രാൻസ്മിറ്ററുകൾ വഴി ലഭ്യമായ സന്ദേശങ്ങൾ നിരീക്ഷിക്കുകയും ഓൺലൈൻ പോർട്ടൽ വഴി ക്രോഡീകരിച്ച് രേഖപ്പെടുത്തുകയും ചെയ്യും. നാഗാലാൻഡിൽ നിന്നു 2016 ഒക്ടോബർ 30ന് പറത്തിവിട്ട ‘ലോങ്‌ലങ്’ എന്ന പിടപ്പക്ഷി ദിവസങ്ങളുടെ ഇടവേളയിൽ ഇപ്പോഴും സന്ദേശങ്ങൾ കൈമാറുന്നുണ്ട്.

ചെങ്കാലൻ പുള്ള് (അമുർ ഫാൽക്കൺ)

തുടർച്ചയായി ഏറെ ദൂരം സഞ്ചരിക്കുന്ന ദേശാടനപ്പക്ഷിവർഗം. വടക്കുകിഴക്കൻ സൈബീരിയയിൽ നിന്നു ദേശാടന ആരംഭം. അമുർ റീജിയൺ (കൊറിയ, കിഴക്കൻ മംഗോളിയ, വടക്കു കിഴക്കൻ ചൈന, തെക്കുകിഴക്കൻ റഷ്യ) ആണ് പ്രധാന പ്രജനനകേന്ദ്രങ്ങൾ. ഇന്ത്യയ്ക്കും അറബിക്കടലിനും കുറുകേ പടിഞ്ഞാറേക്കു പറക്കുന്ന ഇവ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ശൈത്യകാലം ചെലവിടുകയാണു പതിവ്. തിരിച്ചു സൈബീരിയയിലേക്കു മടക്കം. 22,000 കിലോമീറ്റർ (13,670 മൈൽ) താണ്ടിയാണ് ദേശാടനം. കാറ്റിന്റെ ഗതി അനുസരിച്ചു സഞ്ചാരം. പ്രാണിവർഗങ്ങളിലെ ദേശാടകരായ ‘ഡ്രാഗൺ‌ ഫ്ലൈ’ ആണ് യാത്രാവേളകളിലെ പ്രധാന ഭക്ഷണം.

ഫാൽക്കൺ ക്യാപിറ്റൽസ്

മണിപ്പൂരും നാഗാലാൻഡുമാണ് ഇന്ത്യയിലെ പ്രധാന അമുർ ഫാൽക്കൺ തലസ്ഥാനങ്ങൾ. ഒക്ടോബർ–നവംബർ മാസങ്ങളിൽ മണിപ്പൂരിലും നാഗാലാൻഡിലും ഇവ കൂട്ടത്തോടെ ചേക്കേറും. ലോകത്തിലെ 99% അമുർ ഫാൽക്കണുകളും ഇവിടെ എത്തുന്നുണ്ടെന്നാണ് പഠനം.

പഠനങ്ങളിൽ മലയാളിമുഖം

thrissur news
ആർ.എസ്. അരുൺ

മണിപ്പൂർ സർക്കാരിന്റെ അമുർ‌ ഫാൽക്കൺ സംരക്ഷണ പദ്ധതിയുടെ മലയാളി മുഖമാണ് ആർ.എസ്. അരുൺ. നിലവിൽ മണിപ്പൂർ തമിങ്‌ലോങ് ഫോറസ്റ്റ് ഡിവിഷനിൽ ഡിഎഫ്ഒ(ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ) ആണ്. കോഴിക്കോട് ആണ് സ്വദേശം. കേരള കാർഷിക സർവകലാശാല ഫോറസ്ട്രി കോളജിൽ നിന്നു ഫോറസ്ട്രിയിൽ ബിരുദവും പഞ്ചാബ് കാർഷിക സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും നേടി.

ഫോറസ്ട്രി സർവീസിൽ പ്രവേശിച്ചശേഷം ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഡ്വാൻസ് വൈൽഡ് ലൈഫ് മാനേജ്മെന്റിൽ പിജി ഡിപ്ലോമയും നേടി. ഇംഫാലിലെ മണിപ്പൂർ സുവോളജിക്കൽ ഗാർഡൻ ഡയറക്ടറായി 2012ൽ ആദ്യ നിയമനം. 2015ൽ കയ്ബുൽ ലംജോ ദേശീയോദ്യാനത്തിൽ ഡപ്യൂട്ടി കൺസർവേറ്റർ.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama