go

ചാലക്കുടിപ്പുഴ കണ്ണീർ‌ച്ചാലായി

   Thrissur News
ചാലക്കുടിപ്പുഴ മുനിപ്പാറ ഭാഗത്ത് ജലനിരപ്പ് താഴ്ന്ന് അടിത്തട്ട് കാണാവുന്ന വിധത്തിലായപ്പോൾ.
SHARE

ചാലക്കുടി ∙ ചാലക്കുടിപ്പുഴ ജലനിരപ്പു താഴ്ന്നു കണ്ണീർ‌ച്ചാലായി.
വേനലിനു കരുതലാകേണ്ട പുഴ വറ്റിവരളുന്നത് ആശങ്കയ്ക്കു വഴിയൊരുക്കിയിരിക്കുകയാണ്. നീരൊഴുക്കു കുറഞ്ഞു പല ഭാഗത്തും അടിത്തട്ടിലെ പാറക്കെട്ടുകൾ തെളിഞ്ഞു കാണാം.
തുമ്പൂർമുഴി, മുനിപ്പാറ ഭാഗങ്ങളിൽ പുഴയുടെ മുക്കാൽ പങ്കും വറ്റിവരണ്ടു.

കടവുകൾ കവിഞ്ഞൊഴുകാറുള്ള പുഴ തുടിമുഴക്കവും തുലാവർഷപ്പകർച്ചയും അകന്നു നിന്നതോടെ മെലിഞ്ഞത  കൃഷിമേഖലയ്ക്ക് തിരിച്ചടിയാകും.  ഇക്കഴിഞ്ഞ പ്രളയകാലത്ത് നിലച്ച തുമ്പൂർമുഴി വലതുകര, ഇടതുകര കനാലുകളിലൂടെയുള്ള ജലസേചനം ഇനിയും പൂർണമായി പുനരാരംഭിക്കാനായില്ല.

സംസ്ഥാനത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പുഴയായ ചാലക്കുടിപ്പുഴയെ ആശ്രയിച്ച് ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, അങ്കമാലി നിയോജക മണ്ഡലങ്ങളിലെ 12,000 ഏക്കറിലാണ് കൃഷി നടത്തുന്നത്.

നേരത്തെ കനത്ത വേനലിലും പുഴ നിറഞ്ഞൊഴുകിയിരുന്നു. പറമ്പിക്കുളം ആളിയാർ കരാർ തമിഴ്നാട് ലംഘിച്ചതു വഴി കേരളത്തിനു നൽകേണ്ട ജല വിഹിതം ലഭിക്കാതിരുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

  കേരള ഷോളയാറിലും പെരിങ്ങൽക്കുത്തിലും സംഭരിക്കുന്ന ജലത്തിന്റെ അളവിനെ ആശ്രയിച്ചാണ് പുഴയും 2 ജലവൈദ്യുത പദ്ധതികളും തുമ്പൂർമുഴി ജലസേചന പദ്ധതിയും നിലനിൽക്കുന്നത്. പുഴയിലെ നീരൊഴുക്ക് നിയന്ത്രിക്കുന്നത് പ്രധാനമായും പെരിങ്ങൽക്കുത്ത് ജലസേചന പദ്ധതിയാണ്.

ഇവിടുത്തെ വൈദ്യുതോൽപാദനത്തിനു ശേഷം പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ തോതനുസരിച്ച്  പുഴയിലെ നീരൊഴുക്ക് വർധിക്കും.ഷോളയാർ ഡാമിൽ നിന്നുള്ള ജലമാണ് പ്രധാനമായും പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതിയിൽ വൈദ്യുത ഉൽപാദനത്തിനായി ലഭിക്കുന്നത്. 

ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിൽ 24 മണിക്കൂറും വൈദ്യുതോൽപാദനത്തിന് ആവശ്യമായ ജലം പെരിങ്ങൽക്കുത്തിൽ ലഭ്യമല്ല.  ഇറിഗേഷൻ വകുപ്പും മറ്റു വകുപ്പുകളുമായി ആലോചിച്ച് പുഴയിൽ പരമാവധി ഒരേ അളവിൽ ജലം ലഭ്യമാക്കുന്ന തരത്തിൽ ഇവിടുത്തെ വൈദ്യുതോൽപാദനം ക്രമീകരിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് ഈ വർഷവും പാലിക്കപ്പെടാതിരുന്നതും ജലനിരപ്പ് താഴുന്നതിന് വഴിയൊരുക്കി.കൃഷിമേഖലയ്ക്കു പുറമെ ടൂറിസം മേഖലയ്ക്കും വലിയ തിരിച്ചടിയാകും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama