go

ബൈക്കിന്റെ സി.സിക്കൊപ്പം മരണവും കൂടുന്നു; ‘സൂപ്പറു’മായി ചീറിപ്പായുന്നവർ അറിയാൻ....

trissur-hand
SHARE

തൃശൂർ∙ ബൈക്കിന്റെ സിസിയും വേഗവുമാണ് ഹീറോയിസമെന്നു കരുതുന്ന പുതുതലമുറയിലെ കൗമാരം വിടാത്ത കുട്ടികളും അവരുടെ മാതാപിതാക്കളും അറിയാൻ..;

ഒരു കലണ്ടർ മാറ്റത്തിനിടെ വെറും 304 ദിനത്തിൽ നമ്മുടെ റോഡിൽ പൊലിഞ്ഞത് 136 ജീവനുകൾ. ആഹാരം വിളമ്പി വൈകുവോളം അമ്മമാർ കാത്തിരുന്നിട്ടും വീടണയാതെ പോയ കൗമാര,യൗവനങ്ങൾ.

ജില്ലയിലെ ഇരുചക്രവാഹന അപകടമരണങ്ങളുടെ മാത്രം കണക്കാണിത്. മരിച്ചവരിൽ ഭൂരിഭാഗവും 17നും 30നും ഇടയിലുള്ളവർ. ആഡംബരവും അമിതവേഗവും അശ്രദ്ധയും നിരത്തിൽ മത്സരത്തിനു നിരന്നപ്പോൾ നിറംകെട്ട കുടുംബങ്ങളുടെ എണ്ണം ഇതിലും ഭയാനകമാണ്. ഗുരുതരമായി പരുക്കേറ്റവർ മാത്രം 1759 പേർ വരും.

വാഹനങ്ങളുടെ കരുത്ത് പരീക്ഷിക്കുന്ന ‘റേസിങ് സർക്യൂട്ടുകൾ’ ആണ് ഇന്ന് നിരത്തുകൾ. ചീറിപ്പാഞ്ഞാൽ പോരാ, ഇരമ്പിയാർക്കണം. എൻജിന്റെ കരുത്തും സൈലൻസറിന്റെ മുരൾച്ചയും നാലാൾ കാണണം, കേൾക്കണം. ഇതിനു ലക്ഷങ്ങൾ‌ പൊടിക്കാനും മടിയില്ല. കാറെടുത്തു നൽകാൻ രക്ഷിതാക്കൾ തയാറായിട്ടും ലക്ഷങ്ങൾ വിലമതിക്കുന്ന വിദേശനിർമിത സൂപ്പർ ബൈക്കുകൾക്കു ശാഠ്യംപിടിക്കുന്ന കൗമാരക്കാർ ഇടത്തരം കുടുംബങ്ങളിലും ഉണ്ടെന്നതാണ് യാഥാർഥ്യം. ലോൺ എടുത്തു വാങ്ങിയ സൂപ്പർ ബൈക്കുകളിൽ‌ പോലും ലക്ഷങ്ങൾ മുടക്കി ആഡംബരം കൂട്ടാൻ മടിയില്ലാത്തവർ.

കഴിഞ്ഞദിവസം എറിയാട് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ ബൈക്കുകളിൽ ഒന്ന് 320 സിസിയുടേതാണ്. അമിതവേഗം നിയന്ത്രിക്കാൻ ബൈക്ക് പൂട്ടി താക്കോലുമെടുത്താണ് മരിച്ച യുവാക്കളിൽ ഒരാളുടെ ബാപ്പ ഗൾഫിലേക്കു മടങ്ങിയത്.

ഗൾഫിൽനിന്നു തിരിച്ചുപോരുന്നതിനിടെ ബാപ്പയിൽനിന്നുനിർബന്ധപൂർവം മകൻ തിരികെപിടിച്ചത് മരണത്തിലേക്കുള്ള താക്കോലായിരുന്നു. ഒരാഴ്ചമുൻപ് കരൂപ്പടന്ന പുതിയ റോഡിൽ യുവാവിന്റെ മരണത്തിനിടയാക്കിയതും റജിസ്ട്രേഷൻ പോലും നടത്താത്ത ആഡംബര ബൈക്കാണ്.

അതിനുമാത്രമുണ്ടോ നമ്മുടെ റോഡുകൾ? നിയമത്തിന്റെ കണ്ണിൽ

മാനദണ്ഡങ്ങൾക്കു വിധേയമായി നിർമാതാക്കൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഘടനയിൽ വരുത്തുന്ന ഏതൊരു മാറ്റവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കുറ്റകരമാണ്. 52–ാം വകുപ്പുപ്രകാരം രൂപമാറ്റ നിരോധനം എല്ലാത്തരം വാഹനങ്ങൾക്കും ബാധകമാണ്.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങൾക്കെതിരെ കർശന നടപടിക്കു നിർദേശിച്ച് 2016ൽ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയിരുന്നു.

ഇത്തരം വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാനും വാഹനം പൂർവ സ്ഥിതിയിലാക്കാനും നടപടിയെടുക്കണമെന്നായിരുന്നു നിർദേശം. എല്ലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർക്കും ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും ഇതിന്റെ പകർപ്പ് അയച്ചെങ്കിലും നടപടി പാതിയിൽ പൊലിഞ്ഞു.

മാരക ശബ്ദം

അനുവദനീയമായ ശബ്ദത്തിന്റെ 150% വരെ ഉയരാറുണ്ട് രൂപമാറ്റം നടത്തിയ ബൈക്കുകളിൽ. സൈലൻ‌സറിനു പുറമെ, ഫ്രണ്ട് ഫോർക്ക്, ഹെഡ് ലൈറ്റ്, ഷോക്ക് അബ്സോർബർ, പിൻഭാഗത്ത് വീതികൂടിയ ടയർ, ഫുട് റെസ്റ്റ് എന്നിവയിൽ വരെ പരീക്ഷണങ്ങളുണ്ട്.

ശബ്ദം കൂട്ടിക്കോ, ഒപ്പം തീ വരാം!

ഉയർന്ന ശബ്ദമുണ്ടാക്കാൻ സൈലൻസറുകളിൽനിന്നു ഫിൽട്ടറുകൾ (Catalytic Converter) വിഘടിപ്പിക്കും. പുറന്തള്ളപ്പെടുന്ന വാതകത്തിന്റെ വിഷാംശം കുറയ്ക്കാനാണ് ഇത്തരം ഫിൽട്ടറുകൾ. ഇവ വിഘടിപ്പിക്കുന്നതുമൂലം പുറന്തള്ളപ്പെടുന്ന പുകയുടെ അളവും മലിനീകരണ തോതും ക്രമാതീതമാകും. ഇത്തരം വാഹനങ്ങൾ തീപിടിക്കാനുള്ള സാധ്യതയും കൂടും.

കെഎസ്ആർടിസി ബസിൽ‌ ഇടിച്ചുകയറിയ ബൈക്ക് അഗ്നിക്കിരയായത് അടുത്തിടെ വലിയ വാർത്തയായിരുന്നു. വലിയ ടയർ ഘടിപ്പിക്കാൻ ഷോക്ക് അബ്സോർബർ‌ മാറ്റി സീറ്റിന്റെ ഉയരം കൂട്ടും. വാഹനവും നിരത്തും തമ്മിലുള്ള സ്വാഭാവിക ബാലൻസ് നഷ്ടപ്പെടുത്തും.

ഹാൻഡിൽ ബാറുകളുടെ രൂപമാറ്റത്തിനു വേണ്ടി ആക്സിലേറ്റർ, ക്ലച്ച് കേബിളുകൾ വരെ മാറ്റിപ്പിടിപ്പിക്കുന്നുണ്ട്. മുറുകി നിൽക്കുന്ന കേബിളുകൾ ഹാൻഡിൽ ചലനത്തിനനുസരിച്ച് വലിഞ്ഞു പൊട്ടാനും സാധ്യതയേറെയാണ്.

കൂടും; സിസിക്കൊപ്പം മരണവും

ബൈക്കുകളുടെ കരുത്തിന് (സി.സി–Cubic Centimeters) അനുസരിച്ചാണ് പ്രിയം. കുതിപ്പാണ് പ്രധാനം. 250–മുതൽ 500 വരെ സിസിയുള്ള ബൈക്കുകൾ ലൈറ്റ് വെയ്റ്റ് വിഭാഗത്തിലും 750 വരെയുള്ളവ മിഡിൽ വെയ്റ്റിലും അതിനു മുകളിലുള്ളവ സൂപ്പർ ബൈക്ക് വിഭാഗത്തിലുമാണ്. നാലു മുതൽ 30 ലക്ഷം വരെ വില. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗം!

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama