go

കാക്കാൻ കണ്ണില്ല

Thrissur news
വിയ്യൂർ സെൻട്രൽ ജയിലിലെ പൊട്ടിത്തകർന്ന സിസിടിവി ക്യാമറകളിലൊന്ന്
SHARE

തൃശൂർ ∙ രാജ്യദ്രോഹ – ഭീകരവാദ കേസുകളിലെ പ്രതികളെയടക്കം പാർപ്പിക്കുന്ന വിയ്യൂർ സെൻട്രൽ ജയിലിനു സിസിടിവി സംരക്ഷണമില്ല. 6 വർഷം മുൻപു ജയിലിൽ 66 ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. കംപ്യൂട്ടർ ഡിസ്പ്ലേ സംവിധാനം കേടായതോടെ 6 മാസം മുൻപു സിസിടിവി കൺട്രോൾ റൂം അടച്ചുപൂട്ടി. ജയിൽ കവാടത്തിനു മുന്നിലെ ക്യാമറ ചില്ലുപൊട്ടിത്തകർന്ന നിലയിലാണ്. തടവുകാരുടെ ലഹരി ഉപയോഗത്തിനും സ്വൈരവിഹാരത്തിനും ഇതു വഴിയൊരുക്കുന്നു. 

തടവറകളുടെ നിരീക്ഷണത്തിനായി 2012ൽ ആണ് ഇവിടെ 66 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്യാമറകളുടെ അതേ സാങ്കേതിക നിലവാരത്തിലുള്ള ക്യാമറകളാണ് സ്ഥാപിച്ചത്. പ്രധാന കവാടം, ചുറ്റുമതിലുകൾ, ടവർ, തടവുകാരുടെ സെൽ, ബ്ലോക്കുകൾ, അടുക്കള, ഇന്റർവ്യു ഹാൾ, ലൈബ്രറി എന്നിവിടങ്ങളിലായാണ് ക്യാമറകൾ ഒരുക്കിയത്. രാത്രിയിലും പകലും ഒരുപോലെ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്നവയാണിവ. മഴയും വെയിലുമേറ്റു നശിക്കാതിരിക്കാൻ വെതർപ്രൂഫ് പുറംചട്ടയും സ്ഥാപിച്ചിരുന്നു.

360 ഡിഗ്രി തിരിയാനും 180 ഡിഗ്രി മുകളിലേക്കും ത‍ാഴേക്കും ചെരിയാനും 200 മീറ്റർ ദൂരം വരെ കാഴ്ചകൾ വ്യക്തതയോടെ പകർത്താനും കഴിയുന്ന പാൻ ടിൽറ്റ് സൂം സിസിടിവി ക്യാമറകൾക്കൊപ്പം അത്യാധുനിക കൺട്രോൾ റൂമും ഒരുക്കിയിരുന്നു. എന്നാൽ നവീകരണമോ പരിപാലനമോ ഇല്ലാതെ ക്യാമറകൾ കേടായി. ഇവ സമയബന്ധിതമായി നന്നാക്കാനും കഴിയാതെ പോയതോടെ പല ക്യാമറകളും ഇനി പ്രവർത്തിപ്പിക്കാൻ കഴിയാത്തവിധം നശിച്ചു. 

ചില ക്യാമറകളുടെ ലെൻസ് തകർന്ന നിലയിലാണ്. ഡിസ്പ്ലേ സംവിധാനം നശിച്ചതുമൂലം കൺട്രോൾ റൂം താഴിട്ടുപൂട്ടി. സമീപത്തെ അതിസുരക്ഷാ ജയിൽ പ്രവർത്തനം തുടങ്ങുന്നതുവരെ എൻഐഎ കേസുകളിലെ പ്രതികളെയടക്കം പാർപ്പിക്കുന്നതു വിയ്യൂർ സെൻട്രൽ ജയിലിലാണ്. അതുകൊണ്ടു തന്നെ സിസിടിവി സംവിധാനം പ്രവർത്തിക്കാത്തതു ഗുരുതര സുരക്ഷാവീഴ്ചയ്ക്കു ക‍ാരണമ‍ാകും. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama