go

മുറ്റത്ത് മീന്തോട്ടം തുടങ്ങാം; കുഞ്ഞുങ്ങളെ കിട്ടും, പരിശീലനവും

പീച്ചി ഫിഷറീസ് കോംപ്ലക്സിലെ ഹാച്ചറി
പീച്ചി ഫിഷറീസ് കോംപ്ലക്സിലെ ഹാച്ചറി
SHARE

പീച്ചി∙ തൃശൂർക്കാർക്കിനി ധൈര്യമായി മത്സ്യകൃഷി തുടങ്ങാം. മത്സ്യക്കുഞ്ഞുങ്ങളെ പീച്ചിയിൽ നിന്നുകിട്ടും, എങ്ങനെ വളർത്തണമെന്നു പഠിപ്പിച്ചു തരികയും ചെയ്യും. സാങ്കേതിക ഉപദേശങ്ങൾ ഫ്രീയായി ലഭിക്കും. പീച്ചി ഫിഷറീസ് കോംപ്ലക്‌സ് ഉദ്ഘാടനം നാളെ  മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും. വർഷം 1 കോടി ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ പീച്ചിയിൽ ഉത്പാദിപ്പിക്കുന്നതിനാണു ലക്ഷ്യമിടുന്നത്.

ഈ വർഷം മാർച്ചിനു മുൻപായി 45 ലക്ഷം കുഞ്ഞുങ്ങളെയാണ് ഉൽപാദിപ്പിക്കുക. അതിൽ 43 ലക്ഷം വിൽപന കഴിഞ്ഞു. കാർപ്പ മത്സ്യ ഇനങ്ങളായ കട്‌ല, റോഹു, മൃഗാല, കോമൺകാർപ്പ, സംസ്ഥാന മത്സ്യമായ കരിമീൻ, നൂതന കൃഷി രീതിയിലെ ഏറ്റവും ജനപ്രിയമായ ഗിഫ്റ്റ് തിലാപ്പിയ, ശുദ്ധജല അലങ്കാര മത്സ്യമായ മിസ് കേരള, നാടൻ ഇനങ്ങളായ കടു, മുഷി, വരാൽ, വാള മഞ്ഞക്കൂരി എന്നിവയെല്ലാമാണ് ഉത്പാദിപ്പിക്കുന്നത്.

കുഞ്ഞുങ്ങളും പരിശീലനവും

നാളെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്ന ഫിഷറീസ് കോംപ്ലക്സിന്റെ ഓഫിസ് കാര്യാലയം
നാളെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്ന ഫിഷറീസ് കോംപ്ലക്സിന്റെ ഓഫിസ് കാര്യാലയം

30 കർഷകർക്കു വീതം മൽസ്യകൃഷിയിൽ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങളും പുതിയതായി നിർമിച്ച ഓഫിസ് മന്ദിരത്തിലുണ്ട്. മത്സ്യക്കുഞ്ഞുങ്ങളുടെ പ്രജനനത്തിനും വളർത്തലിനുമായി ചെറുതും വലുതുമായി എഴുപതോളം ടാങ്കുകൾ സജീകരിച്ചിട്ടുണ്ട്. 40 സെന്റിൽ അമ്മമത്സ്യങ്ങളുടെ പരിപോഷണത്തിനുള്ള ടാങ്കും 5 സെന്റിൽ 11ഉം 2 സെന്റിൽ ആറും  കരിമീനിന്റെ പ്രജനനത്തിനായി മുപ്പത്തിനാലും ടാങ്കുകളുണ്ട്. ‍വെള്ളം പരിശോധിക്കുന്നതിനുള്ള ലാബ് സൗകര്യങ്ങളും ഗവേഷണ സൗകര്യങ്ങളുമെല്ലാമുൾപ്പെടുന്നതാണു ഫിഷറീസ് കോംപ്ലക്‌സ്.

2016-17, 2018-19 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി 4.64 കോടി രൂപ മുതൽമുടക്കിലാണു 3 ഏക്കറിൽ ഹാച്ചറിയും കെട്ടിടസമുച്ചയവും പൂർത്തിയായത്. അടുത്ത വർഷം ഉത്പാദനം ഒരു കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നു ഡപ്യൂട്ടി ഡയറക്ടർ കെ.സുഹൈബ്്് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ ഓഫ്്് ഫിഷറീസ് ഡോ.വിനു ജേക്കബിനാണു പീച്ചിയിലെ ഫിഷറീസ് കോംപ്ലക്‌സിന്റെ ചുമതല. 11നു 12നു നടക്കുന്ന ഉദ്ഘാടനത്തിൽ കെ.രാജൻ എംഎൽഎ അധ്യക്ഷത വഹിക്കും 

നാടൻ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനം വെല്ലുവിളി

നാടൻ ഇനത്തിൽപ്പെട്ട കടു, മുഷി, വരാൽ വാള, മഞ്ഞക്കൂരി ഇവയുടെ ഉദ്പാദനമാണു പ്രയാസകരം. ഇവ ജീവനുള്ളവയെ മാത്രമേ കഴിക്കൂ. തീറ്റ കണ്ടെത്തി നൽകിയില്ലെങ്കിൽ മത്്‌സ്യം ചെറു മത്സ്യങ്ങളെ കഴിക്കും. പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തി മാത്രമേ നാടൻ മീനുകളുടെ പ്രജനനം സാധ്യമാകൂ. 

തിലാപ്പിയയുടെ ഗിഫ്റ്റ് ലാഭം! 

6 മാസംകൊണ്ട്്് മുക്കാൽ കിലോ വലുപ്പം വയ്ക്കുന്ന ഗിഫ്റ്റ് തിലാപ്പിയ മീൻ കൃഷിയിൽ ലാഭംകൊയ്യുന്നവർ ഏറെയാണ്. ഇവയെല്ലാം ആൺമത്സ്യങ്ങളാണ്. ചെറിയസ്ഥലത്തും കൃഷി ചെയ്യാം. ഒരു കുഞ്ഞിന് 8 രൂപയാണ് വില.

സുന്ദരി മിസ് കേരള

പേരു പോലെ സുന്ദരിയായ അലങ്കാര മൽസ്യമാണു ചെങ്കണിയൻ എന്ന മിസ് കേരള. ആവശ്യക്കാരേറെ. ഒന്നിനു 100 രൂപയാണ് വില. 

മീൻകുഞ്ഞുങ്ങൾ ലഭിക്കുന്ന സമയം

കട്‌ള, രോഹു, മൃഗാല എന്നിവയുടെ കുഞ്ഞുങ്ങളെ ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിക്കും. 4 സെന്റീമീറ്റർ നീളമുള്ള കുഞ്ഞ് ഒന്നിന് 60 പൈസയാണു വില. എത്രവേണമെങ്കിലും ഈ സീസണിൽ വാങ്ങാം

∙ കോമൺ കാർപ്പ്, ഗിഫ്റ്റ് തിലാപ്പിയ എന്നിവ ജനുവരി, ഫെബ്രുവരി മാസത്തിലാണ് ലഭിക്കുക

∙ കരിമീൻ കുറഞ്ഞ എണ്ണത്തിൽ വർഷം മുഴുവൻ ലഭിക്കും. ഒന്നിനു 10 രൂപയാണു വില. ബുക്കിങ്ങിന്. sifpeechi@gmail.com.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama