go

പ്രളയത്തിന്റെ മുറിപ്പാടകലുന്നു; നവീകരിച്ച വേലൂപ്പാടം സ്‌കൂൾ കെട്ടിട ഉദ്ഘാടനം നാളെ

വേലൂപ്പാടം എഎൽപി സ്കൂളിലെ നവീകരിച്ച ക്ലാസ്മുറികൾ
വേലൂപ്പാടം എഎൽപി സ്കൂളിലെ നവീകരിച്ച ക്ലാസ്മുറികൾ
SHARE

വരന്തരപ്പിള്ളി ∙ പ്രളയത്തിൽ തകർന്ന് അറ്റക്കുറ്റപണികൾക്കായി അടച്ചിടേണ്ടിവന്ന വേലൂപ്പാടം എഎൽപി സ്‌കൂൾ കൂടുതൽ സൗകര്യങ്ങളോടെ നാളെ നാടിനു സമർപ്പിക്കും. സമീപത്തെ പൗണ്ട് ഹിറാ സെന്ററിലാണു സ്‌കൂൾ താൽക്കാലികമായി പ്രവർത്തിച്ചിരുന്നത്. നവീകരിച്ച സ്വന്തം വിദ്യാലയത്തിലേ കേടുപാടുകൾ സംഭവിച്ചിരുന്നു.

നവീകരിച്ച കെട്ടിടത്തിന്റേയും കംപ്യൂട്ടർ ലാബിന്റേയും ഉദ്ഘാടനം രാവിലെ 11ന് മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും. കലക്ടർ ടി.വി.അനുപമ ചടങ്ങിൽ പങ്കെടുക്കും. സ്‌കൂൾ നവീകരണം നടത്തിയ മുംബൈ ബ്ലും ഇന്ത്യ കമ്പനി മാനേജിങ് ഡയറക്ടർ ഹെർബെർട്ട് സോന്ന്‌ലൈറ്റ്‌നർ സ്‌കൂൾ കെട്ടിടവും കംപ്യൂട്ടർ ലാബും നാടിന് സമർപ്പിക്കും. കുട്ടികൾക്കുള്ള പാർക്കും, ജൈവ വൈവിധ്യ ഉദ്യാനവും ലൈബ്രറിയും കളിയുപകരണങ്ങളും പുതുതായി ഒരുക്കിയിട്ടുണ്ട്. 

എല്ലാം തകർത്ത പ്രളയം

പ്രളയത്തിൽ
പ്രളയത്തിൽ

70 വർഷം പഴക്കമുള്ള സ്‌കൂളിന്റെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പ്രളയത്തിൽ അപ്പാടെ നശിച്ചു. 7 അടി ഉയരത്തിലാണ് കെട്ടിടത്തിൽ 2 ദിവസത്തിലേറെ വെള്ളം കെട്ടി നിന്നത്. മണ്ണിഷ്ടികയിൽ പണിത കെട്ടിടത്തിലെ ഇടചുമരുകൾ തകർന്നടിഞ്ഞു. ഓടുമേഞ്ഞ മേൽക്കൂരയും ഭാഗികമായി നശിച്ചു. ലാബിൽ ഉണ്ടായിരുന്ന 6 കംപ്യൂട്ടറുകളും പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും നശിച്ചു. ഓഫീസ് ഫയലുകൾ ഉൾപ്പെടെയുള്ളവ നാമാവശേഷമായി. ഇലക്ട്രിക് വയറിങ്ങുകളും ഉപകരണങ്ങളും നശിച്ചു. അറ്റകുറ്റപ്പണികൾ്കായി അടച്ചിടേണ്ടി വന്നതു 4 മാസത്തിലേറെ.

ഉയിർപ്പ് 

ഇപ്പോൾ
ഇപ്പോൾ

പ്രളയത്തിൽ സഹായം നൽകാൻ തയ്യാറായ ബ്ലും ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് സർക്കാർ നിർദേശിച്ച മൂന്ന് സ്‌കൂളുകളിൽ ഒന്നായിരുന്നു വേലൂപ്പാടം പൗണ്ട് 73ലെ എഎൽപി സ്‌കൂൾ. 20 ലക്ഷം രൂപയോടെ ചെലവഴിച്ചാണ് നവീകരണം നടത്തിയതെന്ന് കമ്പനി പ്രതിനിധി ടി.പി.റെജീഷ് പറഞ്ഞു. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ തേപ്പ് അടർത്തിമാറ്റി പുതുതായി തേച്ച് ബലപ്പെടുത്തി. തകർന്ന ഇടച്ചുമരുകൾക്കുപകരം ഇരുമ്പിന്റെ ഷട്ടർ സംവിധാനം സ്ഥാപിച്ചു. ആവശ്യമെങ്കിൽ ഇവിടെ ഹാളായും ക്രമീകരിക്കാവുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.

മേൽക്കൂരയിലെ ഓടും മരത്തിന്റെ ചട്ടകൂടും മാറ്റി ട്രസ് മേഞ്ഞു. ചൂട് കുറയ്ക്കാൻ സീലിങ്ങ് നടത്തി. വയറിംഗും ഫാൻ, ലൈറ്റ് ഉപകരണങ്ങളെല്ലാം പുതിയവ സ്ഥാപിച്ചു. ലാബിൽ നശിച്ച 6 കംപ്യൂട്ടറുകൾക്ക് പകരം പുതിയത് 7 എണ്ണം സ്ഥാപിച്ചു. പുതിയ പ്രൊജക്ടറും സ്ഥാപിച്ചു. മുറ്റത്തു കുട്ടികൾക്കായി പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. 2 സ്ഥിരം അധ്യാപകരും 3 താൽക്കാലിക അധ്യാപകരും മാത്രമുള്ള ഇവിടെ അധ്യാപകർ മാത്രം 3.5 ലക്ഷം രൂപ സ്‌കൂൾ നവീകരണത്തിന് നൽകി.

ആവശ്യമായ ജനലുകളും വാതിലുകളും ലാബിനാവശ്യമായ മറ്റു അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിച്ചത് അധ്യാപരുടെ നേതൃത്വത്തിലാണെന്നു പ്രധാനാധ്യാപകൻ എ.എൽ.ജോയ് പറഞ്ഞു. തൃശൂരിലെ 41ക്ലബ് അംഗങ്ങൾ കുട്ടികൾക്കാവശ്യമായ കളിയുപകരണങ്ങളും നൽകി. സ്റ്റാഫ് മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളിൽ 101 വിദ്യാർഥികളാണ് ഉള്ളത്. പ്രീപ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama