go

പണിമുടക്ക്: കൂടുതൽ കടകൾ തുറന്നു; വാഹനങ്ങൾ ഓടി

 ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തിയ പണിമുടക്കിന്റെ രണ്ടാം ദിവസത്തിൽ തൃശൂർ കോർപറേഷൻ ഓഫിസിനു മുൻപിലെ സമാപന സമ്മേളന ശേഷം കൊടികൾ അഴിച്ചുകൊണ്ടുപോകുന്ന പ്രവർത്തകർ.                      ചിത്രം: മനോരമ
ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തിയ പണിമുടക്കിന്റെ രണ്ടാം ദിവസത്തിൽ തൃശൂർ കോർപറേഷൻ ഓഫിസിനു മുൻപിലെ സമാപന സമ്മേളന ശേഷം കൊടികൾ അഴിച്ചുകൊണ്ടുപോകുന്ന പ്രവർത്തകർ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസം ജില്ലയിൽ കൂടുതൽ കടകൾ തുറക്കുകയും കൂടുതൽ വാഹനങ്ങൾ ഓടുകയും ചെയ്തു. എന്നാൽ, ജില്ലാ ആസ്ഥാനത്ത് തുറന്ന കടകളുടെ എണ്ണം കുറഞ്ഞു, മറ്റിടങ്ങളിൽ കൂടുതൽ തുറക്കുകയും ചെയ്തു. ചാവക്കാട്ട് തുറന്ന കടകൾ അടപ്പിച്ചു. എല്ലായിടത്തും നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണം കൂടി. ഒരു സ്വകാര്യ ബസും കെഎസ്ആർടിസിയുടെ പമ്പ പ്രത്യേക ബസും സർവീസ് നടത്തി. ട്രെയിൻ ഗതാഗതത്തെ പണിമുടക്ക് ഇന്നലെ ബാധിച്ചില്ല.

തൃശൂർ നഗരത്തിലും ഇരിങ്ങാലക്കുടയിലും ഓട്ടോ, ടാക്സികൾ ആദ്യ ദിവസത്തെ അപേക്ഷിച്ച് കൂടുതലായി ഓടി. തൃശൂരിൽ പലയിടത്തും ഓട്ടോ സ്റ്റാൻഡുകൾ പ്രവർത്തിച്ചു. ആദ്യദിവസം വൈകിട്ട്  പ്രകടനമായെത്തി ഭീഷണി മുഴക്കിയതിനു പുറമേ, ഇന്നലെ രാവിലെയും സമരക്കാരുടെ ഭാഗത്തു നിന്ന് അഭ്യർഥനയും ആവശ്യപ്പെടലും  ഉണ്ടായതാണ് ജില്ലാ ആസ്ഥാനത്ത് കടകൾ കൂടുതലായി അടഞ്ഞുകിടക്കാൻ കാരണം. ആദ്യദിവസം പമ്പുകൾ തുറന്നതിനാലാണ് ഇന്നലെ വാഹനങ്ങൾ കൂടുതലായി ഓടിയത്. പീച്ചി ഡാം ഉദ്യാനം രണ്ടു ദിവസവും തുറന്നില്ല. 

ചാവക്കാട്ട് തഹസിൽദാർ മാത്രം

ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലെ ഒ‌ാഫിസുകൾ അടഞ്ഞുകിടക്കുന്നു.
ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലെ ഒ‌ാഫിസുകൾ അടഞ്ഞുകിടക്കുന്നു.

ചാവക്കാട് ∙  താലൂക്ക് ഓഫിസിൽ തഹസിൽദാർ മാത്രമാണെത്തിയത്. മറ്റ് 63 ജീവനക്കാരും എത്തിയില്ല. മിനി സിവിൽ സ്റ്റേഷനിലെ 22 ഓഫിസുകളും പ്രവർത്തിച്ചില്ല. താലൂക്ക് സപ്ലൈ ഓഫിസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഡിഇഒ, എഇഒ, മണത്തല വില്ലേജ്, വാണിജ്യ നികുതി, സബ് ട്രഷറി തുടങ്ങിയ ഓഫിസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. 

കൊടുങ്ങല്ലൂരിൽ 3 പേർ മാത്രം

കൊടുങ്ങല്ലൂർ ∙ സംയുക്ത തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ മിനി സിവിൽ സ്റ്റേഷൻ പൂട്ടിയിട്ടു. 20 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ തഹസിൽദാർ കെ.വി. തോമസ്, അഡീഷനൽ തഹസിൽദാർ ജെസി സേവ്യർ എന്നിവരും ട്രഷറി കാവൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരനും മാത്രമാണ് ജോലിക്ക് എത്തിയത്. വില്ലേജ് ഓഫിസുകളും പ്രവർത്തിച്ചില്ലെന്നു താലൂക്ക് അധികൃതർ പറഞ്ഞു. താലൂക്ക് ഓഫിസിന്റെ മുൻവശത്തെ രണ്ടു പ്രധാന വാതിലുകളും അടച്ചിട്ടിരുന്നു.

ഇരിങ്ങാലക്കുട 3 പേർ

 പണിമുടക്കു മൂലം ഉദ്യോഗസ്ഥർ ഒഴി‍ഞ്ഞ മുകുന്ദപുരം താലൂക്ക് ഒ‌ാഫിസ്.
പണിമുടക്കു മൂലം ഉദ്യോഗസ്ഥർ ഒഴി‍ഞ്ഞ മുകുന്ദപുരം താലൂക്ക് ഒ‌ാഫിസ്.

ഇരിങ്ങാലക്കുട ∙ സിവിൽ സ്റ്റേഷനിൽ രണ്ട് തഹസിൽദാർമാരും ഡ്രൈവറും മാത്രമാണ് ജോലിക്കെത്തിയത്. തൊട്ടടുത്ത അനക്സ് കെട്ടിടത്തിലെ ആർടി ഓഫിസിൽ ആർടിഒ അടക്കം മൂന്ന് പേരും. ജില്ലാ വിദ്യാഭ്യാസ ഓഫിസ്, താലൂക്ക് വ്യവസായ ഓഫിസ് എന്നിവ ഇന്നലെ പൂട്ടിയിരിക്കുകയായിരുന്നു. 

നഷ്ടം മാത്രം ബാക്കി

തൃശൂർ ∙ പുതുവർഷത്തിലെ ആദ്യ 9 ദിവസത്തിനിടെ ബസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചത് 4 ദിവസം മാത്രം. സ്വകാര്യ ബസുടമകൾക്കും ചെറുകിട വ്യാപാരികൾക്കും പങ്കുവയ്ക്കാനുള്ളത് തീരാനഷ്ടത്തിന്റെ കണക്ക്. തുടർച്ചയായ ഹർത്താലുകളിൽ നിന്ന് മോചനം വേണമെന്ന നിലപാടാണ് മിക്ക വ്യാപാരികളും പ്രകടിപ്പിച്ചത്. പലയിടത്തും വ്യാപാരസ്ഥാപനങ്ങൾ തുറന്നെങ്കിലും പൊതുഗതാഗതം ഇല്ലാത്തതിനാൽ നഷ്ടക്കച്ചവടമായിയെന്നാണ് വിലയിരുത്തൽ.

 ചാലക്കുടി താലൂക്ക് ഓഫിസിലെ തഹസിൽദാരുടെ (ലാൻഡ് റെക്കോർഡ്സ്) ഓഫിസ് അടഞ്ഞുകിടക്കുന്നു.
ചാലക്കുടി താലൂക്ക് ഓഫിസിലെ തഹസിൽദാരുടെ (ലാൻഡ് റെക്കോർഡ്സ്) ഓഫിസ് അടഞ്ഞുകിടക്കുന്നു.

ഒന്നാം തീയതി സർക്കാരിന്റെ വനിതാമതിലിന്റെ ഭാഗമായി ഭൂരിഭാഗം ബസുകളും സർവീസ് ഭാഗികമായി മാത്രമാണ് നടത്തിയത്. ശബരിമല യുവതീപ്രവേശത്തിന്റെ പേരിൽ രണ്ടാം തീയതി വ്യാപാരസ്ഥാപനങ്ങൾ അടപ്പിക്കുകയും ബസുകൾക്കു നേരെ അക്രമം ഉണ്ടാവുകയും ചെയ്തു. മൂന്നാം തീയതിയിലെ ഹർത്താൽ പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ചു. ആറാം തീയതി ഞായർ അവധിയായതിനാൽ മിക്ക കടകളും പ്രവർത്തിച്ചില്ല. 2 ദിവസത്തെ അഖിലേന്ത്യ പണിമുടക്ക് കൂടി എത്തിയതോടെ വ്യാപാരികളുടെയും സ്വകാര്യ ബസുടമകളുടെയും നട്ടെല്ലൊടിഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുമെന്നത് പ്രഖ്യാപനം മാത്രമായെന്നും പിന്തുണ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.

തീർഥാടക തിരക്കിന് കുറവില്ല

ഗുരുവായൂരിൽ തീർഥാടക തിരക്കിനു കുറവുണ്ടായില്ല. ബസുകൾ ഓടിയില്ലെന്നതൊഴിച്ചാൽ പണിമുടക്കിന്റെ ഒരു പ്രതീതിയും ഇന്നലെ ഇവിടെ ഉണ്ടായില്ല. ചാലക്കുടിയിലും വടക്കാഞ്ചേരിയിലും പുന്നയൂർക്കുളത്തും പഴയന്നൂരിലും പുതുക്കാട്ടും ഒല്ലൂരും മണ്ണൂത്തിയിലും തൃപ്രയാറും ഇരിങ്ങാലക്കുടയിലും ഇന്നലെ കടകൾ കൂടുതലായി തുറന്നു. ആദ്യദിനം തന്നെ ഏറെക്കുറെ മുഴുവൻ കടകളും തുറന്ന കുന്നംകുളത്ത് ഇന്നലെയും സ്ഥിതിയിൽ മാറ്റമുണ്ടായില്ല.

എന്നാൽ, പുന്നയൂർക്കുളത്ത് ആദ്യദിനം ഉച്ചവരെ തുറന്ന സഹകരണ ബാങ്ക് ഇന്നലെ തുറന്നില്ല. കേച്ചേരിയിൽ ആദ്യദിനത്തിലെ പോലെ കടകൾ തുറക്കുകയും ആളുകൾ വരാതായതോടെ വൈകിട്ടോടെ അടയ്ക്കുകയും ചെയ്തു. ചെറുതുരുത്തിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ കടകളെല്ലാം ഇന്നലെ തുറന്നു. കൊടുങ്ങല്ലൂരിൽ സർക്കാർ ഓഫിസുകൾ ഒഴിച്ച് ബാക്കി സ്ഥാപനങ്ങളെല്ലാം പ്രവർത്തിച്ചു.

ഓട്ടോ, ടാക്സികൾ ഓടാതിരുന്നതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്. എന്നാൽ, ആദ്യദിനം ഉച്ചയ്ക്കു ശേഷം കടയടച്ചു പോയ വ്യാപാരികൾ ഇന്നലെ മുഴുവൻ സമയവും പ്രവർത്തിപ്പിച്ചു. മുളങ്കുന്നത്തുകാവ്, കോലഴി, മുണ്ടത്തിക്കോട് എന്നിവിടങ്ങളിൽ ആദ്യ ദിനത്തിലെപ്പോലെ ഭാഗികമായി കടകൾ തുറന്നു. കൊരട്ടിയിൽ തിരുമുടിക്കുന്ന് ടിഎസ്എച്ച് സ്കൂൾ പ്രവർത്തിച്ചു. 

ചാലക്കുടിയിൽ ഗേറ്റ് തുറന്നതുപോലുമില്ല

ചാലക്കുടി ∙ സർക്കാർ ഓഫിസുകൾ ആളൊഴി‍ഞ്ഞ നിലയിലായിരുന്നു. പത്തിലധികം ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ ഗേറ്റ് പോലും തുറന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എപിപി ഓഫിസ്, പിഡബ്ല്യുഡി, മണ്ണു സംരക്ഷണ ഓഫിസ്, മോട്ടോർ വാഹന വകുപ്പ് ഓഫിസ് എന്നിവ അടഞ്ഞു കിടന്നു. താലൂക്ക് ഓഫിസ് തുറന്നെങ്കിലും ജീവനക്കാരില്ലായിരുന്നു. ഓഫിസുകളിലേക്ക് ജനങ്ങളുടെ വരവും കുറവായിരുന്നു. വന്നവർ നിരാശരായി മടങ്ങുകയും ചെയ്തു. സ്കൂളുകളും കോളജുകളും പ്രവർത്തിച്ചില്ല.

തൃശൂർ സിവിൽ സ്റ്റേഷനിൽ 8 പ്രധാന ഓഫിസുകളും അടഞ്ഞുകിടന്നു

തൃശൂർ ∙ ജില്ലാ ആസ്ഥാനത്ത് പ്രധാന സർക്കാർ ഓഫിസുകളെല്ലാം അടഞ്ഞുകിടന്നു. സിവിൽ സ്റ്റേഷനിലെ 8 പ്രധാന ഓഫിസുകളും അടഞ്ഞുകിടന്നു. തുറന്ന ഓഫിസുകളിലും പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഹാജർ നില വളരെ കുറവായിരുന്നു. തൃശൂർ താലൂക്ക് ഓഫിസും പ്രവർത്തിച്ചില്ല. ജില്ലാ ട്രഷറി അടക്കമുള്ള ട്രഷറികളുടെയെല്ലാം പ്രവർത്തനം മുടങ്ങി. ജില്ലാ ആസ്ഥാനത്തും മിനി സിവിൽ സ്റ്റഷനുകളിലുമായി സ്ഥിതി ചെയ്യുന്ന 203 ഓഫിസുകളിൽ 185 ഓഫിസുകളും അടഞ്ഞുകിടന്നതായാണ് സംഘടനാ നേതാക്കൾ അവകാശപ്പെട്ടത്. ആദ്യ ദിനത്തിൽ അടഞ്ഞുകിടന്ന ഓഫിസുകളെല്ലാം ഇന്നലെയും അടഞ്ഞുകിടന്നു. 

രണ്ടാം ദിനവും യാത്രാദുരിതം

തൃശൂർ ∙ അഖിലേന്ത്യ പണിമുടക്ക് രണ്ടാം ദിനവും യാത്രക്കാരെ സാരമായി ബാധിച്ചു.‍ തൃശൂർ കെഎസ്ആർടിസി ഡിപ്പോയിലെ 66 ഷെഡ്യൂളുകളിൽ അയ്യപ്പ ഭക്തർക്കായി പമ്പ സ്പെഷൽ സർവീസ് മാത്രമാണ് നടത്തിയത്. 492 സ്ഥിരം ജീവനക്കാരിൽ 24 പേരും 61 താൽക്കാലിക ജീവനക്കാരിൽ 6 പേരും ജോലിക്ക് ഹാജരായി.

തൃശൂർ–തൃപ്രയാർ റൂട്ടിൽ കിരൺ എന്ന സ്വകാര്യ ബസ് സർവീസ് നടത്തി. സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞതോടെ യാത്രാദുരിതം ഇരട്ടിയായി. തിരുവനൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് എറണാകുളം നോർത്തിൽ തടഞ്ഞതിനെത്തുടർന്നു തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർ വലഞ്ഞു. വേണാട് എക്സ്പ്രസ്, ശബരി, ശതാബ്ദി ട്രെയിനുകൾ വൈകിയതും യാത്രാക്കാർക്ക് ദുരിതമായി.

∙ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ ഗുരുവായൂർ, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനുകളിൽ സമരാനുകൂലികൾ‍ ട്രെയിൻ തടഞ്ഞു. ഇരിങ്ങാലക്കുട സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.05ന് രപ്തിസാഗർ എക്സ്പ്രസ് 6 മിനിറ്റ് തടഞ്ഞു.എസ്ഐ ജി.ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പിന്നീട് സമരക്കാരെ അറസ്റ്റ്  ചെയ്തു നീക്കി.  12 പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ഒട്ടേറെ അയ്യപ്പ ഭക്തർ ട്രെയിനിലുണ്ടായിരുന്നു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എ.ഗോപി, യു.കെ.പ്രഭാകരൻ, എം.എസ്. മൊയ്തീൻ, അർജുനൻ, ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി. ഗുരുവായൂർ–തൃശൂർ പാസഞ്ചർ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു. ഇവിടെ 6 പേർക്കെതിരെ കേസെടുത്തു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama