go

ഹംപ്; അപകട ജംപ്

Thrissur news
മുരിങ്ങൂർ ഡിവൈൻ ജംക്‌ഷനിൽ ഒട്ടേറെ അപകടങ്ങൾക്കു കാരണമായ ഹംപ്‌.
SHARE

കൊരട്ടി ∙ സീബ്രാലൈൻ അടയാളപ്പെടുത്തിയിട്ടും മുരിങ്ങൂർ ഡിവൈൻ ജംക്‌ഷനിലെ ഹംപുകൾ ഒട്ടേറെ അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. 3 പേ‍ർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത അപകടങ്ങൾക്ക് ഈ ഹംപ് സാക്ഷിയാണ്. മരിച്ചവരും പരുക്കേറ്റവരും ഇരു ചക്ര വാഹന യാത്രികരാണ്. 

ദേശീയപാതയിൽ കൊരട്ടി ഭാഗത്തു നിന്ന് ചാലക്കുടി ഭാഗത്തേക്കു യാത്ര ചെയ്യുന്നവർക്ക് കാടുകുറ്റി, ഡിവൈൻ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാൻ നിർമിച്ചിരിക്കുന്ന ഉപറോഡിലാണ് ഈ ഇരട്ട ഹംപുളളത്. ഒന്നിലേറെ മരണങ്ങൾ സംഭവിച്ചതോടെയാണ് ഹംപിൽ അടയാളം പതിച്ചത്. 

എന്നാൽ, സൂചന ബോർഡുകളില്ലാത്തതും ഉയരക്കൂടുതലും മൂലം ഹംപ് ഇരുചക്ര വാഹന യാത്രികർക്ക് അപകടക്കെണിയാവുകയാണ്.  മുരിങ്ങൂർ മുതൽ ജില്ലാ അതിർത്തിയായ പൊങ്ങം വരെ ദേശീയപാത ഉപറോഡിലെ ഹംപുകളിൽ ഭൂരിഭാഗവും മാനദണ്ഡങ്ങൾ പാലിക്കാതെയാണു നിർമിച്ചിരിക്കുന്നതെന്ന് നേരത്തെ മുതലുള്ള പരാതിയാണ്. 

ഇരുവശത്തുമായി ഇരുപതോളം ചെറുതും വലുതുമായ ഹംപുകളാണുള്ളത്. റോഡിൽ ഹംപുണ്ടെന്നുള്ള സൂചനാ ബോർഡുകൾ ഇല്ല. വാഹനം പ്രവേശിച്ച ശേഷമാണ് ഹംപുകൾ ശ്രദ്ധയിൽപ്പെടുക. പലതും കാഴ്ചയിൽപെടുന്നതിനേക്കാൾ ചെറിയതാണ്.

നിർദേശം നോക്കുകുത്തി? 

അപകടകാരികൾ എന്നു കോടതി നിരീക്ഷിച്ചിട്ടും ഹംപുകൾ റോഡിൽ തുടരുകയാണ്. റോഡിൽ ഹംപ് സ്ഥാപിക്കരുത് എന്ന് ഹൈക്കോടതി നിർദേശമുള്ളതിനാൽ ഹംപിനു പകരം വെളിച്ചം പ്രസരിപ്പിക്കുന്ന വിവിധ നിറത്തിലുള്ള സ്റ്റഡ് ആണ് ഇപ്പോൾ മരാമത്തു വകുപ്പ് സ്ഥാപിക്കുന്നത്. എന്നാൽ, നിലവിലുള്ള ഹംപുകൾ മാറ്റമില്ലാതെ തുടരുന്നു. ഇവ റോഡ് പുനർ നിർമിക്കും വരെ തുടരാനാണിട. 

ഹംപുകൾക്ക് അതത് ഇടങ്ങളിലെ ട്രാഫിക് കൗൺസിലിന്റെ അംഗീകാരം വേണമെന്നാണ് നിയമം. ഹംപിന് 15 സെന്റീമീറ്ററിൽ കൂടുതൽ ഉയരം പാടില്ല. ഹംപിൽ ഇടവിട്ടുള്ള വെള്ളനിറം പൂശിയിരിക്കണം. റോഡിന്റെ നിലവാരം അനുസരിച്ച് വാഹനങ്ങൾക്ക് ബ്രേക്ക് ചെയ്യാൻ പാകത്തിൽ ഹംപിന് 70 – 100 മീറ്റർ മുൻപിലായി സൂചനാ ബോർഡ് വേണം. ഹംപിന് തൊട്ടടുത്തും ബോർഡ് സ്ഥാപിക്കണം. ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാത്തവയാണ് ഹംപുകളിൽ ഭൂരിഭാഗവും. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama