go

കുഴഞ്ഞുമറിഞ്ഞ് ശക്തൻ സ്റ്റാൻഡിലെ പ്രവേശന കവാടം

Thrissur news
അപകട വഴി: തൃശൂർ ശക്തൻ സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ട്രാക്ക് ഹംപുകളും സീബ്രാ ലൈനുമില്ലാത്ത ഇവിടെയാണ് ഇന്നലെ ബസിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചത്.
SHARE

തൃശൂർ ∙ ഇടുങ്ങിയ കവാടവും ചെറിയ ട്രാക്കും. ശക്തൻ സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന രണ്ടാം കവാടത്തിൽ അപകടം ക്ഷണിച്ചുവരുത്തുന്നത് ഇത് രണ്ടുമാണ്. ഓട്ടോ സ്റ്റാ‍ൻഡിന് പുറകിലായുള്ള പ്രവേശന കവാടത്തിൽ 2 ട്രാക്കുകളാണുള്ളത്.

ഇതിൽ ബസുകൾ ഇടത് കവാടത്തിലൂടെ പ്രവേശിച്ച് (ഒന്നാം ട്രാക്ക്) വലതു കവാടത്തിലൂടെ (രണ്ടാം ട്രാക്ക്) പുറത്തേക്കിറങ്ങണമെന്നാണ് ചട്ടം. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെയാണു ബസുകൾ വരുന്നതും പോകുന്നതും. കാൽനടക്കാർ ഒരു ഭാഗം മാത്രം ശ്രദ്ധിച്ച് കടന്നു പോകുമ്പോഴായിരിക്കും അതേ വഴിയിലൂടെ ബസുകൾ പുറത്തേക്ക് എത്തുന്നത്. ഇത്തരത്തിൽ ബസ് പാഞ്ഞടുക്കുന്നത് കണ്ട് വീണാണ് പല അപകടങ്ങളും ഉണ്ടാകുന്നത്.

ഇങ്ങനെ മതിയോ കവാടം?

സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയും പോവുകയും ചെയ്യുന്ന ബസുകളുടെ വേഗം കുറയ്ക്കാനായി കവാടത്തിന് വീതി കുറച്ചാണ് നിർമിച്ചിരിക്കുന്നത്. ബസുകൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന വീതി മാത്രമാണിവിടെയുള്ളത്. ഈ വഴിയിലൂടെ യാത്രക്കാർ കടക്കാൻ ശ്രമിക്കുമ്പോൾ അപകടം ഉറപ്പാണ്.

2 ട്രാക്കുകളും കഴിഞ്ഞുള്ള സ്ഥലം ചെറുതായി ഉയർത്തി കോൺക്രീറ്റ് ഇട്ട് ചെറു മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുകയാണ്. ട്രാക്കിലേക്കെത്തുന്ന ബസിനെ കണ്ട് ഉയർന്ന ഭാഗത്തേക്കു ചാടിക്കയറാൻ ശ്രമിക്കുമ്പോഴാണ് പലരും കാൽവഴുതി വീഴുക. വ്യാഴാഴ്ച സ്റ്റാൻഡിലുണ്ടായ മരണവും ഇത്തരത്തിലായിരുന്നു.

ഇതോടൊപ്പം ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്ന മരങ്ങൾ പലപ്പോഴും സ്റ്റാൻഡിലേക്ക് വരുന്ന ബസുകളുടെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായി പരാതിയുണ്ട്. ഈ മരങ്ങളുടെ മറവിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങുന്നവരുമുണ്ട്. മരങ്ങൾ വെട്ടിമാറ്റണമെന്നാണ് സ്ഥലത്തെ വ്യാപാരികൾ ആവശ്യപ്പെടുന്നു.

ക്ഷണിച്ചുവരുത്തുന്ന അപകടം

പ്രവേശന കവാടത്തിലെ വീതി കുറഞ്ഞ പാതയിലൂടെ യാത്രക്കാർ പോകാൻ പാടില്ല എന്നാണ് ചട്ടം. എന്നാൽ ബസ് കിട്ടേണ്ട തിരക്കുകാരണവും അനായാസം സ്റ്റാൻഡിലെത്തുന്നതിനും മിക്കവരും ഈ ഇടുങ്ങിയ ബസ് പ്രവേശന ട്രാക്കിലൂടെയാണ് പോവുക. 

വ്യാഴം ഉണ്ടായ അപകടത്തിന് സമാനമായ അപകടം ഒരാഴ്ച മുൻപ് ഉണ്ടായതായി സ്ഥലത്തെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. അന്ന് യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അനധികൃത പാർക്കിങ്

ശക്തൻ സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കാൻ 4 ട്രാക്കുകളുണ്ട്. അതിൽ 2 ട്രാക്ക് മാത്രമാണ് നിലവിൽ ബസുകൾ ഉപയോഗിക്കുന്നത്. 

മറ്റ് ട്രാക്കുകളിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. അതിനാൽ ബസുകൾക്ക് മാത്രമല്ല കാൽനടയാത്രക്കാർക്കും കടന്നു പോകാനാകില്ല. ഇതും അപകടങ്ങളുണ്ടാക്കുന്നുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama