go

കൊട്ടാരത്തിന് 5.1 കോടി

Thrissur news
ചെമ്പുക്കാവ് ശക്തൻ കൊട്ടാര മ്യൂസിയം.
SHARE

തൃശൂർ∙ രാജപ്രതാപത്തിനും കാലത്തിനുനൊത്ത മാറ്റത്തോടെ ‘ശക്തൻ’ മടങ്ങിരും. ശക്തനെന്നാൽ ശക്തൻ തമ്പുരാൻ മ്യൂസിയം.നവീകരണത്തിന് 5.1 കോടി രൂപ കേന്ദ്ര സാംസ്കാരിക മന്ത്രാലയം അനുവദിച്ചു.

Thrissur news
ശക്തൻ തമ്പുരാൻ മ്യൂസിയത്തിന്റെ ഉൾവശം നവീകരിക്കാനായി സമർപ്പിച്ചിരിക്കുന്ന പദ്ധതിയിൽ നിന്ന് (ചിത്രകാരന്റെ ഭാവനയിൽ)

 അത്യാധുനിക മാതൃകയിലാണ് നവീകരണം. ഗാലറികൾ, പ്രദർശന രീതി, വെളിച്ച വിന്യാസം, ഉദ്യാനം എന്നിവ ഘടനാപരമായും ആശയപരമായും നവീകരിക്കുന്നതാണ് പദ്ധതി. സംസ്ഥാന പുരാവസ്തു വകുപ്പു നൽകിയ പദ്ധതി നിർദേശം അംഗീകരിച്ച കേന്ദ്ര സാംസ്കാരിക മന്ത്രാലയം 5.1 കോടി രൂപയുടെ വികസന പദ്ധതിക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 4.85 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക സംസ്ഥാന സർക്കാർ വിഹിതമായി നൽകണമെന്നുമാണ് നിർദേശം.

കാലം കഥ പറയണം...

കാലവും ചരിത്രവും കാണികളോടു നേരിട്ടു കഥപറയുന്ന രീതിയിലാണ് ലോകത്തെ മ്യൂസിയങ്ങളുടെ മാറ്റം. നിലവിലെ മ്യൂസിയങ്ങൾ ഈ രീതിയിൽ നവീകരിച്ചും ശാസ്ത്രീയമായി നിർമിച്ചും അതേ പാതയിൽ മുന്നേറാനാണ് സാംസ്കാരിക വകുപ്പിന്റെ ശ്രമം. മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പിനു കീഴിലെ കേരള മ്യൂസിയമാണ് നവീകരണ പ്രവൃത്തികളുടെ നോഡൽ ഏജൻസി. നെടുമങ്ങാട് കോയിക്കൽ കൊട്ടാരവും (ഫോക്‌ലോർ മ്യൂസിയം), തൃശൂർ കൊല്ലങ്കോട് കൊട്ടാരവും നിർമാണം പൂർത്തിയാക്കി.

കണ്ണോരം കാതോരം ചരിത്രം

ആധുനിക ഇലക്ട്രോണിക് ടെക്നോളജിയുടെ അകമ്പടിയോടെയാണ് ഗാലറികൾ വിഭാവനം ചെയ്യുന്നത്. കാണികളോടു സംവദിക്കാൻ എആർ (ഓഗ്‌മെന്ററി റിയാലിറ്റി), വിആർ (വിർച്വൽ റിയാലിറ്റി) അവതരണ സങ്കേതങ്ങളും പ്രദർശന രീതികൾക്കൊത്ത നവീന വെളിച്ച വിന്യാസവും ഒരുക്കും. പ്രത്യേക സോഫ്ട്‌വെയറുമായി ബന്ധിപ്പിച്ച് ഗാലറികളിലെ വിവരങ്ങൾ കാണികളുടെ സ്മാർട്ഫോണും സ്മാർട് വാച്ചുകളുമായി പങ്കുവയ്ക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ(ബീക്കൺ)യും സജ്ജീകരിക്കും. മ്യൂസിയത്തിനു ചേർന്ന രീതിയിൽ അങ്കണം, ഉദ്യാനം, നടപ്പാതകൾ എന്നിവയും പുതുക്കിപ്പണിയും. കെട്ടിടങ്ങളും ശക്തിപ്പെടുത്തും.

ശക്തന്റെ തിരുശേഷിപ്പുകൾ

12 ഗാലറികളും 2000ഓളം പ്രദർശന വസ്തുക്കളുമാണ് നിലവിൽ ശക്തൻ തമ്പുരാൻ മ്യൂസിയത്തിലുള്ളത്. ശക്തൻ തമ്പുരാന്റേതടക്കം 3 ശവകുടീരങ്ങൾ, ടിപ്പു സ്ഥാപിച്ച കൊടിമരം, കൊച്ചി രാജകുടുംബത്തിന്റെ നാഗ വിഗ്രഹങ്ങൾ അടങ്ങുന്ന കാവും, കൊച്ചി രാജവംശത്തിന്റെ മുദ്ര ആലേഖനം ചെയ്ത കൊട്ടാര വാതിലുകളും(കിഴക്കും പടിഞ്ഞാറും), പൈതൃക–ശലഭോദ്യാനവും അടക്കം 6.5 ഏക്കർ സ്ഥലത്താണ് കൊട്ടാരവും മ്യൂസിയും സ്ഥിതിചെയ്യുന്നത്. വടക്കേക്കര എന്ന പേരിലും അറിയപ്പെട്ടിരുന്ന കൊട്ടാരത്തിനു 400 വർഷത്തോളം പഴക്കമാണ് കണക്കാക്കുന്നത്. കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന കൊട്ടാരം തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.

നാഴികക്കല്ലുകൾ

ശക്തൻ തമ്പുരാൻ (രാജ രാമവർമ 1751–1805)

കിരീടധാരണം 1790

തൃശൂർ നഗരത്തിന്റെയും തൃശൂർപൂരത്തിന്റെയും ശിൽപി.

1795– കേരള–ഡച്ച് വാസ്തുവിദ്യ ശൈലിയിൽ കൊട്ടാരം പുനർനിർമിച്ചു.

1996 മാർച്ച് 17

പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ ശക്തൻ കൊട്ടാരം കേന്ദ്ര വ്യവസായവകുപ്പു മന്ത്രി കെ.കരുണാകരൻ രാഷ്ട്രത്തിനു സമർപ്പിച്ചു.

2005 ഫെബ്രുവരി 20

പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം–സാംസ്കാരിക മന്ത്രി എ.പി.അനിൽകുമാർ

പൈതൃകോദ്യാനം ഉദ്ഘാടനം–സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama