go

റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉപകേന്ദ്രം പ്രവർത്തനോദ്ഘാടനം നാളെ

Thrissur news
കുഴൂരിലെ ഗവേഷണ ഉപകേന്ദ്രം.
SHARE

മാള ∙ തഴക്കൈത ഉൽപാദനത്തിൽ വിപ്ലവം ലക്ഷ്യമിട്ട് കുഴൂരിൽ ആരംഭിക്കുന്ന ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉപകേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാജ്യത്ത് ആദ്യമായാണ് ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യവഴി തഴക്കൈത ചെടി ഉൽപാദനം തുടങ്ങുന്നത്. 

തഴപ്പായ നിർമാണത്തിനായുള്ള തഴ (ഇല) ലഭിക്കാതെ അന്യം നിന്നു പോകാനിരിക്കുന്ന പാരമ്പര്യ കുടിൽ വ്യവസായ മേഖലക്ക് ഉപകേന്ദ്രം വരുന്നതോടെ വലിയ ആശ്വാസമാണ് ലഭിക്കുക. കേന്ദ്രത്തിലെ ടിഷ്യൂ കൾച്ചർ ലാബിൽ‍ നിന്ന് ഒരു വർഷം തഴക്കൈതയുടെ 10 ലക്ഷം ടിഷ്യൂകൾച്ചർ തൈകൾ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപകേന്ദ്രം മേധാവിയും പ്രധാന ശാസ്ത്രജ്ഞനുമായ ഡോ. കെ.സതീഷ്കുമാർ പറഞ്ഞു.

തുടക്കം 2015ൽ

 ഒന്നേകാൽ ഏക്കർ ഭൂമിയിൽ 2015 ലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 2014 ൽ കെഎസ്ഐഡിസി കേന്ദ്രത്തിന്റെ നിർമാണത്തിനായി 18.99 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. 

ഇതിന്റെ ആദ്യഘട്ടത്തിൽ 8.94 കോടി രൂപയും അനുവദിച്ചു. 6.41 കോടി രൂപ കെട്ടിടനിർമാണത്തിനും ഉപകരണങ്ങൾ വാങ്ങുന്നത് ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തികൾക്ക് അടക്കം 8 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. 4 നിലകൾ ലക്ഷ്യമിടുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിനാണ് നിർമാണ ചുമതല. 10000 ചതുരശ്ര അടി വിസ്ത്രീർണ്ണമുള്ള കെട്ടിടത്തിൽ ടിഷ്യൂകൾച്ചർ ലബോറട്ടറിയാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്. 3 ഘട്ടങ്ങളിലായി കാർഷിക മേഖലയുടെ സമഗ്രമായ വളർച്ചക്ക് സഹായകരമായ 5 ഗവേഷണ വിഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കൾ നിർമിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുമുള്ള ഗവേഷണങ്ങളും ഇവിടെ നടക്കും. ആദ്യഘട്ടത്തിൽ തഴക്കൈത, 15 ഇനം വാഴതൈകൾ, ജാതി, ഏലം, കുരുമുളക്, ഔഷധ ചെടികൾ, അലങ്കാലചെടികൾ എന്നിവയുടെ ടിഷ്യൂകൾച്ചർ തൈകൾ ആണ് ഉൽപ്പാദിപ്പിക്കുക. 

രണ്ടാംഘട്ടത്തിൽ പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്ന സാങ്കേതിക വിദ്യയാകും വികസിപ്പിച്ചെടുക്കുക. പ്രാദേശികമായുള്ള അപൂർവ ഇനം ചെടികളും മറ്റും ഉൽപാദിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. 

ഇതിലൂടെ കാർഷിക ഗ്രാമമായ കുഴൂരിൽ പ്രദേശിക വികസനത്തിനും കേന്ദ്രം സഹായകരമാകും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama