തൃശൂർ∙ പ്ലാവിൻ തൈ കച്ചവടക്കാർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ ചക്കയുദ്ധം. രണ്ടു വിഭാഗവും കച്ചവടക്കാരാണെന്ന് ഓർക്കണമെന്നും നാട്ടുകാർ ഈ ചക്ക മാത്രം കണ്ട് പ്ലാവു കൃഷി തുടങ്ങരുതെന്നും കാർഷിക സർവകലാശാല വിദഗ്ധർ.
യുദ്ധത്തിൽ പങ്കെടുക്കുന്നവർ:
പ്രത്യേക പ്ലാവിൻ തൈകൾ ബഡ് ചെയ്തെടുത്തിട്ടുണ്ടെന്നും ചട്ടിയിൽവച്ചാൽപോലും കൊല്ലം മുഴുവൻ ചക്കയുണ്ടാകുമെന്നും ഒരു കർഷകൻ മാസങ്ങളായി സമൂഹമാധ്യമത്തിൽ നടത്തിയ പ്രചരണത്തോടെയാണു യുദ്ധം തുടങ്ങിയത്. ഈ പ്ലാവിനെക്കുറിച്ചു ഗവേഷണം നടത്താൻ വിദേശത്തുനിന്നുപോലും സംഘങ്ങൾ എത്തുമെന്നും അവകാശപ്പെട്ടു.
സംസ്ഥാന അവാർഡ് നേടിയ നഴ്സറി ഉടമ ഇതിനെതിരെ രംഗത്തുവന്നു. മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിയ ബഡ് ചെയ്ത പിങ്ക് പ്ലാവാണിതെന്നും ഇതിൽ 365 ദിവസവും ചക്ക ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. കൊൽക്കത്തയിൽ 30 രൂപയ്ക്കും മണ്ണുത്തിയിൽ 150 രൂപയ്ക്കും ഈ തൈ ലഭ്യമാണ്. സ്വന്തമായി തൈ വികസിപ്പിച്ചുവെങ്കിൽ എവിടെ ഗവേഷണം നടത്തിയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കാർഷിക വിദഗ്ധ:
ബഡ് ചെയ്ത ധാരാളം പ്ലാവിനങ്ങൾ ലഭ്യമാണെങ്കിലും ഇതു ചട്ടിയിൽ വച്ചാൽ കൊല്ലം മുഴുവൻ ചക്ക ഉണ്ടാകുമെന്ന പ്രചരണം ശരിയല്ലെന്നും കാർഷിക സർവകലാശാല കണ്ണാറ ഗവേഷണ കേന്ദ്രം മേധാവി പി.ബി.പുഷ്പലത പറഞ്ഞു. ഒട്ടിക്കുന്ന ബഡിന്റെയും ഒട്ടിക്കാനെടുക്കുന്ന ഇനത്തിന്റെയും ഗുണം അനുസരിച്ചേ പ്ലാവ് നന്നാകൂ. മണ്ണിൽ നട്ടാൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ നല്ല കായ്ഫലം കിട്ടും. പുറത്തുനിന്നു വരുന്ന എല്ലാ ബഡും നമ്മുടെ കാലാവസ്ഥയ്ക്കു അനുകൂലമാണോ എന്നു പറയാനാകില്ല.
നാടൻ ഗവേഷണ വിദഗ്ധൻ:
പ്ലാവിന്റെ പേരിൽ പടരുന്ന തട്ടിപ്പിൽ പെട്ടുപോകരുതെന്ന് പ്ലാവു ഗവേഷണത്തിനും പ്രചരണത്തിനും ജീവിതം ഉഴിഞ്ഞുവച്ച പ്ലാവ് ജയൻ മുന്നറിയിപ്പു നൽകുന്നു. ബഡ് ഇനങ്ങൾ മിക്കതും നാലോ അഞ്ചോ വർഷത്തിനു ശേഷം ഉണങ്ങും. വളരെ നല്ല ഇനം മാത്രമേ രക്ഷപ്പെടൂ. നല്ല നാടൻ ഇനവും നല്ല ബഡ് ഇനവും കണ്ടെത്തുക മാത്രമാണു വഴി. ചട്ടിയിലും ചാക്കിലും വച്ച് ആയിരക്കണക്കിനു ചക്കയുണ്ടാക്കാമെന്ന പ്രചരണം ശരിയല്ലെന്നും ജയൻ പറഞ്ഞു.