go

ആനയിടഞ്ഞ് രണ്ടുപേർ മരിച്ച സംഭവം: പൊലീസ് നിയമോപദേശം തേടും

Malappuram News
SHARE

ഗുരുവായൂർ ∙ കോട്ടപ്പടിയിൽ പൂരത്തിനു കൊണ്ടുവന്ന ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് 2 പേർ മരിച്ച സംഭവത്തിൽ കേസെടുക്കുന്നതിന് പൊലീസ് നിയമോപദേശം തേടും. തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനെതിരെ കേസെടുത്തുവെന്നത് വ്യാജപ്രചാരണമാണെന്ന് പൊലീസ് പറഞ്ഞു.വേണ്ടത്ര സുരക്ഷയൊരുക്കാതെ അപകടത്തിനിടയാക്കും വിധം ആനയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പാപ്പാൻമാരായ വിനോദ്, നിധീഷ് എന്നിവർക്കെതിരെയാണ്  കേസെടുത്തത്. 

ഇതിനപ്പുറമുള്ള വകുപ്പുകൾ നിലനിൽക്കുമോ എന്നതാണ് പൊലീസിനെ കുഴക്കുന്നത്. നിയമോപദേശത്തിനായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറെ സമീപിക്കും.  ഹൈക്കോടതിയുടെയും ഉത്തരവും വനംവകുപ്പിന്റെ അനുമതിയും ഇൻഷുറൻസും ഡോക്ടർമാരുടെ സുരക്ഷ സർട്ടിഫിക്കറ്റുകളുമെല്ലാം സഹിതം നിയമങ്ങളെല്ലാം പാലിച്ചാണ് ആനയെ എഴുന്നള്ളിച്ചത്.  ഇത്തരത്തിൽ 2009ൽ ആന 11 എഴുന്നള്ളിപ്പുകളിൽ   പങ്കെടുത്തു. 

സംഭവം നടക്കുന്നതിന് 2 ദിവസം മുൻപ്  ആനയ്ക്ക് ഡോക്ടർമാർ സുരക്ഷ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. പടക്കം പൊട്ടിയ ശബ്ദം കേട്ട് മുന്നോട്ടു കുതിച്ച ആന വളരെ വേഗത്തിൽ നിയന്ത്രണ വിധേയനായി. ആന കടന്നുപോയ ചെറിയ ഇടനാഴിയിൽ നിന്നവരാണ് അപകടത്തിൽ പെട്ടത്.പൂരം നടന്ന ചേമ്പാലക്കുളം ക്ഷേത്രഭരണസമിതിക്കെതിരെയും കേസെടുത്തിട്ടില്ല.

പൂരത്തിന് കൊണ്ടു വന്ന ആനയെ മുള്ളത്ത് ഷൈജുവിന്റെ ഗൃഹപ്രവേശം നടക്കുന്ന വീട്ടിനു മുന്നിൽ എഴുന്നള്ളിച്ച സംഭവത്തിൽ ഗൃഹനാഥനെ പ്രതി ചേർത്തിട്ടുണ്ട്. ഷൈജുവിന്റെ നിർബന്ധപ്രകാരമാണ് ചെറിയ സ്ഥലത്ത് ആനയെയും വാദ്യക്കാരെയും ഒരുമിച്ച് നിർത്തിയത് എന്നാണ് എഴുന്നള്ളിപ്പിനെത്തിയ പഞ്ചവാദ്യ കലാകാരൻമാരുടെ മൊഴി. ആന പുറത്തും വാദ്യക്കാർ അകത്തും നിൽക്കാമെന്ന് പറഞ്ഞിട്ട് ഗൃഹനാഥൻ സമ്മതിച്ചില്ലെന്നാണ്  മൊഴി. സംഭവത്തിൽ പഞ്ചവാദ്യക്കാരടക്കം 10 പേർക്ക് പരുക്കേറ്റിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama