go

തൃശൂർ റെയിൽവേ സ്റ്റേഷനിൽ കാണാം പാക്ക് ബോംബറുകൾ തകർത്ത യേശുദാസനെ....

Page    15.indd
1965ൽ അമൃത്‌സർ മേഖലയിലെ യുദ്ധമികവിനു തന്റെ പേരിൽ തൃശൂർ റയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിനു സമീപം ബേസിൽ യേശുദാസൻ (ഫയൽ ചിത്രം∙ മനോരമ)
SHARE

തൃശൂർ ∙ സൂക്ഷിക്കുക; ട്രെയിൻ  വരുന്നതും പോകുന്നതും നോക്കി തൃശൂർ  റയിൽവവേ സ്റ്റേഷന്റെ ചുമരിൽ  നിങ്ങൾ  അലസമായി ചാരി നിൽക്കുന്നത് ഈ യുദ്ധചരിത്രത്തിന്റെ ഫലകത്തിലായിരിക്കാം. അതിനു പിന്നിലെ ചരിത്രമറിഞ്ഞാൽ  പെട്ടെന്നു ബോംബിൽ തൊട്ടതുപോലെ നിങ്ങൾ കൈ പിൻവലിക്കും.  1965ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ  ഇന്ത്യയെ തകർക്കാൻ  വന്ന രണ്ടു ഫൈറ്റർ   വിമാനങ്ങൾ വെടിവച്ചിട്ട വീരസൈനികന്റെ പേരാണ് ആ ഫലകത്തിൽ; കുന്നംകുളം അത്താണിക്കൈ യേശുദാസൻ.

തൃശൂർ റയിൽവേ സ്റ്റേഷന്റെ ചുമരിൽ ഒരു സൈനികന്റെ പേരിൽ മാത്രമേ ഫലകം ചാർത്തിയിട്ടുള്ളു. ബേസിൽ  യേശുദാസന്റെ പേരും കുന്നംകുളത്തെ വീട്ടിലേക്കുള്ള ദൂരവും സഹിതം! അമൃത്‌സറിൽ രണ്ടു പാക്ക് ബോംബർ വിമാനങ്ങളെ വെടിവച്ചിട്ട ടീം ലീഡറാണ് യേശുദാസൻ. 54 വർഷം മുൻപു സ്ഥാപിക്കപ്പെട്ട ഈ വീരഫലകത്തിലെ നായകൻ അടുത്തിടെ വരെ ജീവിച്ചിരിപ്പുണ്ടായിരുന്നു. കുന്നംകുളത്തല്ല, പാലക്കാട് ജില്ലയിൽ. 2015ൽ ‘മനോരമ’യ്ക്കുവേണ്ടി യേശുദാസൻ വീണ്ടും ഈ ഫലകത്തിനരികിലെത്തിയിരുന്നു. അരനൂറ്റാണ്ടിന്റ യുദ്ധസ്മരണ കാഞ്ചിവലിച്ച ആ ചൂണ്ടുവിരൽ  കൊണ്ട് തന്റെ പേര് തൊട്ടുവായിച്ചപ്പോൾ  യേശുദാസന്റെ കണ്ണുകളിൽ  തിളങ്ങി. ആത്മവീര്യവും രാജ്യസ്നേഹവും.

സമയം വൈകിട്ട് ആറ്. ബങ്കറിനുള്ളിൽനിന്നു പുറത്തിറങ്ങി ആകാശത്തേക്കു തോക്കുകൾ ഉന്നംവച്ചു കാത്തിരിക്കുകയാണു യേശുദാസന്റെ നേതൃത്വത്തിലുള്ള സംഘം. ഇന്ത്യൻ പട്ടാളത്തിന്റെ സിഗ്നൽ സംവിധാനങ്ങളെ ലക്ഷ്യമിട്ടു രണ്ടു പാക്ക് വിമാനങ്ങൾ പറന്നുയർന്നുവെന്ന വിവരം ലഭിച്ചു. ഇരുൾ പടർന്നു തുടങ്ങുന്ന ആകാശത്തേക്കു നോക്കി ഹവിൽദാർ യേശുദാസനും സംഘവും.  

അവരുടെ കയ്യിലുള്ളത് എൻ 60 പീരങ്കിയാണ്. എയർക്രാഫ്‌റ്റിലെത്തിയ പാക്ക് സേനയുടെ ഗ്രൗണ്ട് അറ്റാക്ക് പെട്ടെന്നായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇന്ത്യൻ പട്ടാളം പകച്ചു പോയി. ഹവിൽദാറായിരുന്ന യേശുദാസനാണ് ഒരു വിമാനവേധ പീരങ്കിയുടെ ചുമതല. ആറു പേർ സഹായത്തിനുണ്ട്. കൈകൊണ്ടു തിരിച്ചു വേണം ലക്ഷ്യം നിശ്ചയിക്കാൻ.  യേശുദാസനും സംഘവും കാഞ്ചിവരിച്ചു.  വെടിയേറ്റ പക്ഷിയെപ്പോലെ ചിറകടിച്ചു വട്ടംകറങ്ങി വിമാനം താഴേക്ക്.

അരമണിക്കൂറിനുള്ളിൽ രണ്ടാം ബോംബർ. അതു വീഴ്ത്താനായില്ലെങ്കിൽ സൈനിക താവളങ്ങളും സൈനികരും ബോംബിൽ  കുളിക്കും. ലക്ഷ്യത്തിലേക്കു പീരങ്കിത്തല തിരിച്ച് യേശുദാസൻ അലറി – ഫയർ..!സംഘം വീണ്ടും കാഞ്ചിവലിച്ചു. ആ വിമാനവും ചിറകുകരിഞ്ഞു താഴെ. യേശുദാസന് അന്നു പ്രായമെത്രയെന്നോ?, 26 വയസ്.

അന്നു റേഡിയോയിൽ ഹിന്ദിവാർത്തയിൽ യേശുദാസന്റെ പേരു കേട്ടു നാട്ടുകാർ വിചാരിച്ചതു യുദ്ധമേഖലയിൽ യേശുദാസൻ കൊല്ലപ്പെട്ടുവെന്നായിരുന്നു. മാധ്യമങ്ങൾ വീട് തപ്പി എത്തിയപ്പോഴാണു വീരചക്ര വിവരം അറിയുന്നത്. ഇന്ത്യൻ സേനയ്ക്കുണ്ടാകുമായിരുന്ന വലിയ നഷ്ടം ഒഴിവാക്കിയ യേശുദാസന് രാജ്യം വീരചക്രം സമ്മാനിച്ചു.

രണ്ടു മാസം കഴിഞ്ഞ്, യുദ്ധത്തിന്റെ ചൂടാറും മുൻപ് ഡിസംബർ തണുപ്പിൽ  തൃശൂരിൽ യേശുദാസൻ ട്രെയിനിറങ്ങി. വലിയൊരു സംഘം ജനങ്ങൾ പല വാഹനങ്ങളിൽ കാത്തുനിന്നു സ്വീകരിച്ചു. റയിൽവേ അന്നു ചുമരിൽ യേശുദാസന്റെ ഫലകം സ്ഥാപിച്ചു. കുന്നംകുളം നഗരത്തിലെ ഒരു റോഡിന് യേശുദാസൻ റോഡ് എന്നു പേരുമിട്ടു. 1986ൽ  സുബേദാർ  ആയി വിരമിച്ചു. അവസാനനാലുവർഷം കാൻസറിനെപ്പോലും കീഴടക്കി  ജീവിച്ച യേശുദാസൻ 2017 ഏപ്രിൽ  ഒന്നിനാണ് മരിച്ചത്. 81–ാം വയസിൽ..

അതിർത്തിയിൽ  വീണ്ടുമൊരു ഇന്ത്യ പാക് യുദ്ധത്തിന്റെ മുരൾച്ച്  കേൾക്കുന്നു. വിമാനങ്ങൾ  വെടിയേറ്റു വീഴുന്നു. ഇപ്പോഴുമുണ്ട്, മറവിയുടെ കൈലേസുകൊണ്ടു തുടച്ചാൽ മായാത്ത മാർബിൾ വാക്കുകളായി റയിൽവേയിലെ ആ ഫലകം. സുകൊണ്ടു തുടച്ചാൽ മായാത്ത മാർബിൾ വാക്കുകളായി റയിൽവേയിലെ ആ ഫലകം. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama