go

ഈ മീശ ലഡാക്കിൽ വളർന്നത്; പെണ്ണു കാണാൻ ചെന്നപ്പോൾ പെണ്ണുങ്ങൾ പേടിച്ചു!

thrissur news
SHARE

ഫൈറ്റർ വിമാനം പോലെ ഇരുവശത്തേക്കും ചിറകുവിരിച്ചു പറക്കാനൊരുങ്ങി നിൽക്കുന്ന മീശ..! അതാണ് ധീരസൈനികൻ അഭിനന്ദൻ വർധമാന്റെ മീശ. അതാണിപ്പോൾ നാട്ടിൽ തരംഗം. ചില ബാർബർ ഷോപ്പുകളിൽ അഭിനന്ദൻ മീശയ്ക്ക് ആവശ്യക്കാരേറെ. അത്തരം ചില മീശക്കഥകളിലേക്ക്...

തൃശൂർ∙ നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ ഈ മീശക്കാരൻ ഹോംഗാർഡിനെ കണ്ടിട്ടുണ്ടാവും. മീശ താടിയിലൂടെ വളർന്നു കൃതാവിൽ പിടുത്തമിടുന്ന മുഖം. മരത്താക്കര തരുവത്ത് കെ.ആർ.ശശിധരന്റെ ഈ മീശയും അഭിനന്ദന്റേതുപോലെ സൈനിക മീശയാണ്. 1987ൽ ലഡാക്കിൽ ആർമിയിൽ ജോലി ചെയ്യുമ്പോഴാണു ശശിധരൻ ഈ മീശ വളർത്തിത്തുടങ്ങിയത്.

കാരണമോ, കമാൻഡിങ് ഓഫിസർ ആയിരുന്ന കേണൽ വി.ജെ.ഗാഡ്ഗിൽ. നാഗ്പൂർ സ്വദേശിയായ അദ്ദേഹത്തിനും താടിയിലൂടെ വളന്നു കൃതാവിൽ മുട്ടുന്ന മീശ ആയിരുന്നു. അന്നു വച്ചുതുടങ്ങിയ മീശ 33 വർഷത്തിനിടെ ശശിധരൻ ചെറുതാക്കിയത് കല്യാണത്തിനു വേണ്ടി മാത്രം.

പെണ്ണു കാണാൻ പോയപ്പോഴൊക്കെ പെണ്ണുങ്ങൾ മീശ കണ്ടു പേടിച്ചു. ഇതോടെ താൽക്കാലികമായി മീശപ്രേമം വെടിഞ്ഞു. കല്യാണം കഴിഞ്ഞതോടെ വീണ്ടും മീശ പഴയപടി. 2010‍ ൽ ആർമിയിൽ നിന്നു നായ്ക് ആയി വിരമിച്ച ശശിധരൻ നഗരത്തിൽ ഗതാഗത നിയന്ത്രണത്തിനിറങ്ങി. അപ്പോഴും മീശ പഴയപടി. സൈനികനായാൽ നല്ല കൊമ്പൻ മീശ തന്നെ വേണമെന്ന് ശശിധരപക്ഷം.

കാവടിയിലും അഭിനന്ദൻ മീശ

തൃശൂർ∙ ശിവരാത്രിയോടനുബന്ധിച്ചു നടന്ന കാവടിയാഘോഷങ്ങളിലും അഭിനന്ദൻ മീശ. മരത്താക്കര കനകശേരി ശിവക്ഷേത്രത്തിൽ നടന്ന ശിവരാത്രി കാവടിയാഘോഷത്തിലാണ് അഭിനന്ദൻ മീശയുമായി ചെറുപ്പക്കാർ അണി നിരന്നത്.

ബിജുവിന്റെ മീശയ്ക്ക് അഭിനന്ദനം

മേലൂർ ∙ അഭിനന്ദന്റെ ആരാധകനാണ് പൂലാനി കേളംപറമ്പിൽ ബിജു. ദേശാഭിമാനവും ചങ്കുറപ്പും അദ്ദേഹത്തിൽ നിന്ന് കണ്ടു പഠിക്കണമെന്നാണു ബിജു പറയുന്നത്. പത്രത്തിൽ വായിച്ചും ചാനലുകളിലൂടെ കണ്ടും അഭിനന്ദനെക്കുറിച്ചു കൂടുതൽ അടുത്തറിഞ്ഞതോടെ ആവേശം അണപൊട്ടി. മാസങ്ങളായി വെട്ടി ഒതുക്കിയും മിനുക്കിയും കൂടെ കൂട്ടിയ താടിയിലും മീശയിലും അഭിനന്ദൻ ടച്ച് ഒരുക്കുവാൻ അങ്ങനെയാണ് ബിജു തീരുമാനിച്ചത്.

അഭിനന്ദന്‍ സൈ്റ്റല്‍ മീശയുമായി ബിജു
അഭിനന്ദന്‍ സൈ്റ്റല്‍ മീശയുമായി ബിജു

സുഹൃത്തായ രഞ്ജിത്തിന്റെ സഹായം കൂടി ലഭിച്ചതോടെ മീശ റെഡി. സിനിമാ താരങ്ങളുടെയും ഫുട്‌ബോൾ താരങ്ങളുടെയുമെല്ലാം ഹെയർ സ്റ്റൈൽ കടമെടുത്ത് ആരാധന കാട്ടുന്നവരാണ് ബിജുവിന്റെ ഉടമസ്ഥതിയിലുള്ള ഹെയർ പോർട്ട് എന്ന ജെന്റ്സ് ബ്യൂട്ടിപാർലറിൽ എത്തുന്നവരിൽ ഭൂരിഭാഗവും. മീശ വച്ചതോടെ അഭിമാനവും ആത്മവിശ്വാസവും ഇരട്ടിയായെന്നും ബിജുവിന്റെ പക്ഷം. അഭിനന്ദനെപ്പോലുള്ള സൈനികർക്ക് നൽകാവുന്ന ഏറ്റവും വലിയ പിന്തുണയാണ് അദ്ദേഹത്തിന്റെ മീശയുടെ ശൈലി പിന്തുടരുന്നതെന്ന് മീശയിൽ അഭിമാനപൂർവം തടവി ബിജു പറയുന്നു.

മീശ പിരിക്കണോ ആ കാശ് കിട്ടാൻ ?

തൃശൂർ ∙ രാജ്യരക്ഷയും സൈനിക സേവനവും ചൂടുള്ള ചർച്ചയാകുമ്പോഴും വിമുക്ത ഭടന്മാർക്കുള്ള ചികിത്സാ പദ്ധതിയിൽ വൻവീഴ്ച. വിമുക്ത ഭടന്മാരുടെയും കുടുംബാംഗങ്ങളുടേയും ചികിൽസാ ചെലവിനത്തിൽ തൃശൂരിൽ മാത്രം കേന്ദ്രസർക്കാർ നൽകാനുള്ളത് അഞ്ചുകോടിയോളം രൂപ. തൃശൂരിൽ നഗര പരിസരത്തെ സ്വകാര്യ ആശുപത്രികളിൽ നടത്തിയ ചികിത്സാ ഇനത്തിൽ മാത്രമാണിത്.

അമല ആശുപത്രിയിൽ 3.25 കോടി രൂപയും ജൂബിലി മിഷൻ ആശുപത്രിയിൽ 1 കോടിയും ദയ ആശുപത്രിക്കു 30 ലക്ഷം രൂപയും കുടിശ്ശികയുണ്ട്. മറ്റു ചില ആശുപത്രികൾക്കും തുക കിട്ടാനുണ്ടെന്ന് ഇസിഎച്ച്എസ് എംപാനൽഡ് പ്രൈവറ്റ് ഹോസ്പിറ്റൽസ് ഫോറം ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാനത്ത് 4 മാസത്തിനിടെ 80 കോടി രൂപയോളമാണ് ആകെ കുടിശിക തുക. മാർച്ച് മുതൽ ചികിത്സാ പദ്ധതിയിൽനിന്നു വിട്ടുനിൽക്കാൻ ഇസിഎച്ച്എസ് എംപാനൽഡ് പ്രൈവറ്റ് ഹോസ്പിറ്റൽസ് ഫോറം തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യാ–പാക്ക് അതിർത്തിയിലെ പ്രശ്നങ്ങൾ സങ്കീർണമായതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു. അതിർത്തിയിൽ പോരാടിയ സൈനികരോടുള്ള ആദരസൂചകമായിട്ടായിരുന്നു ഇത്.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽനിന്നു ലഭിക്കുന്ന ഫണ്ട് കഴിഞ്ഞ നവംബർ മുതലാണ് നിലച്ചത്. കൊച്ചിയിലെ ഇസിഎച്ച്എസ് റീജണൽ സെന്റർ വഴിയാണ് ബില്ലുകൾ നൽകുന്നത്. ബില്ലുകൾ പാസാക്കി പണം കൈമാറാൻ താമസം വരാറുണ്ടെങ്കിലും നീണ്ട കാലയളവിൽ വലിയ തുക കുടിശികയായി വരുന്നത് ഇതാദ്യമാണ്. ആശുപത്രികൾക്കു പണം കിട്ടാതെ വരുന്നതോടെ വിമുക്ത ഭടൻമാർക്കു ലഭിക്കുന്ന സേവനത്തിലും പോരായ്മയുണ്ടാകും.

സംസ്ഥാനത്തെ 2 റീജനുകളിലായി ആയിരക്കണക്കിനു കുടുംബങ്ങളാണു പദ്ധതിക്കു കീഴിലുള്ളത്. കാസർകോട് മുതൽ ആലപ്പുഴ വരെയുള്ള കൊച്ചി റീജണലിലാണ് ഇസിഎച്ച്എസിനു കീഴിൽ ആശുപത്രികൾ അധികവും. 50 കോടി രൂപയോളം കൊച്ചി റീജനു കുടിശികയുണ്ട്. കുടിശികയുടെ പകുതിയിലധികം മാർച്ചിനകം തീർക്കാമെന്നാണു റീജനൽ ഡയറക്ടറേറ്റ് അധികൃതരുടെ ഉറപ്പ്.

നേരത്തെയും ചികിത്സാ ഇനത്തിൽ വൻ കുടിശിക ഉണ്ടായിട്ടുണ്ട്. പല ആശുപത്രികളും ഇസിഎച്ച് സ്കീമിൽനിന്നു പിൻമാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് പദ്ധതിയിൽ തുടരുകയായിരുന്നു. സമർപ്പിക്കുന്ന ബില്ലിന്റെ മൂന്നിലൊന്നു തുക മാത്രമാണ് പാസായിവരുന്നതെന്നാണ് ഫോറം ഭാരവാഹികൾ പറയുന്നത്. ആശുപത്രി ചിലവുകൾ താങ്ങാനാവാത്ത സാഹചര്യത്തിൽ‌ മുൻകൂർ പണംവാങ്ങി കേന്ദ്ര ഫണ്ട് ലഭിക്കുന്ന മുറയ്ക്കു ഇസിഎച്ച്എസ് അംഗങ്ങൾക്കു തിരിച്ചു നൽകാവുന്ന തരത്തിലും ചികിത്സ തുടരാനും ആശുപത്രികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama