go

‘ഉള്ള കൊന്നപ്പൂവൊക്കെ പറിച്ചുതന്ന്, വിഷുവാകുമ്പോ പൂവില്ലാതാക്കല്ലേ’

Thrissur News
ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസന്റ് പ്രചാരണത്തിനിടെ
SHARE

കൊച്ചി ∙ ‘എന്റെ പെങ്ങമ്മാരെ, ഉള്ള കൊന്നപ്പൂവൊക്കെ പറിച്ചുതന്ന്, വിഷുവാകുമ്പോ പൂവില്ലാതാക്കല്ലേ..’. ആളെ കാണുമ്പോ ഇന്നസന്റ് തനി ഇന്നസന്റാവും, സ്ഥാനാർഥിയല്ലാതാവും. പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ തുടങ്ങിയ പര്യടനത്തിൽ നാട്ടുവർത്തമാനം പറഞ്ഞാണ് ഇന്നസന്റ് ആളെ കയ്യിലെടുക്കുന്നത്. തിരഞ്ഞെടുപ്പല്ലേ, കട്ട രാഷ്ട്രീയമൊക്കെയാവും, എതിർസ്ഥാനാർഥികൾക്കു കണക്കിനു കൊടുക്കും എന്നൊക്കെ പ്രതീക്ഷിച്ചു കൂടെപ്പോയാൽ നിരാശപ്പെടും. തന്നെക്കുറിച്ചു പറയാൻപോലും ഇന്നസന്റിനു സമയം കിട്ടുന്നില്ല. 

ക്രാരിയേലി നോർത്തിൽ രാവിലെ ഏഴിനു തന്നെ അനൗൺസ്മെന്റ് വാഹനം മുരടനക്കി നാട്ടുകാരെ ഉണർത്തി. കൊട്ടും പാട്ടുമൊക്കെവന്നു, ആളും കൂടി. എന്നിട്ടും  സ്ഥാനാർഥിയെ കാണാനില്ല. കാത്തുകാത്തുനിന്നു, അപ്പോൾ അതാവരുന്നു, മഞ്ഞ സിൽക്ക് ജൂബ്ബയിട്ട്, കുട്ടപ്പനായി സ്ഥാനാർഥി. 2 മണിക്കൂർ ലേറ്റ്. തുടർച്ചയായ പ്രചാരണം ഇന്നസന്റിനെ കുറച്ചൊക്കെ തളർത്തിയിട്ടുണ്ട്.

2 ദിവസമെങ്കിലും വിശ്രമം വേണമെന്നു ഡോക്ടർമാർ പറഞ്ഞു. അതൊന്നും കൂസാതെ നടക്കുകയാണ്. സിപിഎം ഏരിയാ സെക്രട്ടറി പി.എം .സലിം പര്യടനം പ്ലാൻ ചെയ്തുവച്ചു. ലേറ്റായ 2 മണിക്കൂർ ഒപ്പിച്ചെടുക്കാൻ സ്ഥാനാർഥിയുടെ പ്രസംഗ സമയം വെട്ടിച്ചുരുക്കി, യാത്ര കുറുക്കുവഴികളിലൂടെയാക്കി. അങ്ങനെ, ഉച്ചവെയിലിൽ തളരാതെ, 12നുതന്നെ രാവിലത്തെ പര്യടനം പൂർത്തിയാക്കി. ഇന്നസന്റും മുന്നണിയും ചേരുന്നതാണു ചാലക്കുടി മണ്ഡലത്തിലെ ഇടതു ക്യാംപയിൻ. താരത്തിന്റെ ജനപ്രിയത എൽഡിഎഫിന്റെ പായ്ക്കിങ്ങിലാവുമ്പോൾ നല്ല കടുപ്പം. 

പാർലമെന്റിലെത്തിയ നടൻ 

സ്വീകരണ കേന്ദ്രങ്ങളിൽ ഇന്നസന്റ് പ്രസംഗിക്കുന്നില്ല, നാട്ടുകാരോടു വർത്തമാനം പറയുന്നേയുള്ളു. സാംപിൾ: ‘കഴിഞ്ഞതവണ മൽസരിക്കാൻ വന്നപ്പോൾ കുറേ ആളുകൾ ചോദിച്ചു, ഇയാളെന്തിനാ, സിനിമാ നടനു പാർലമെന്റിൽ പോയിട്ട് എന്താ കാര്യം. അതെനിക്കു വാശിയായി. ഞാൻ ഉദ്യോഗസ്ഥൻമാരെയും മന്ത്രിമാരെയുമൊക്കെ കണ്ടു. ചാലക്കുടിയിൽനിന്നു വരികയാണെന്നു പറഞ്ഞു. അവർക്കു മനസിലായി– ‘ഓ കൊച്ചി കെ ബാഹർ കാ ക്ഷേത്ര്’(ഹിന്ദിയിലൊരു കാച്ച്). എന്തെങ്കിലും തന്നു സഹായിക്കാമോയെന്നു ചോദിച്ചു. തരാൻ അവിടെ പണമുണ്ടെന്നേ.

ചോദിക്കണം. കുറച്ചു ബുദ്ധിമുട്ടണം. ഞാൻ 1,750 കോടി രൂപ ചാലക്കുടിക്കു വേണ്ടി കൊണ്ടുവന്നു. എന്റെ മുന്നേപോയ ആരെങ്കിലും ഇതിന്റെ നാലിലൊന്നു കൊണ്ടുവന്നിട്ടുണ്ടോ? കൊണ്ടുവന്നതൊന്നും ഞാൻ വീട്ടിലേക്കു കൊണ്ടുപോയില്ല. ഇനിയും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനു വോട്ടു ചെയ്തു വിജയിപ്പിക്കണം.’– എല്ലായിടത്തും ഇതുതന്നെ വാക്കുകൾ, ചില സ്ഥലങ്ങളിൽ രണ്ടുവരി കുറയും, കൂടും. വിഷു, ഇൗസ്റ്റർ ആശംസകൾ മുടങ്ങില്ല. 

ഇതാ വരുന്നു യാഗാശ്വം 

റബർതോട്ടങ്ങൾക്കിടയിൽ കയറ്റവും ഇറക്കവും കുഴികളുമൊക്കെയായി കിടക്കുന്ന റോഡിലേക്കു തണൽതൂവുന്ന ഇലച്ചാർത്തുകളെ വിറപ്പിച്ചാണു അനൗൺസ്മെന്റ് വാഹനത്തിന്റെ പോക്ക്. ‘ചാലക്കുടിയിൽ ഇടതുപക്ഷത്തിന്റെ യാഗാശ്വം, കോട്ടകൊത്തളങ്ങൾ വിറപ്പിച്ച് ഇതാ കടന്നുവരുന്നു..’ സിനിമാതാരമെന്ന കൗതുകം ആളുകൾക്ക് ഇപ്പോഴും മാറിയിട്ടില്ല. തൊഴിലിടങ്ങളിൽനിന്നും അടുക്കളയിൽനിന്നും ആളുകൾ സ്ഥാനാർഥിയെ കാണാൻ ഇറങ്ങിവരുന്നു. കുണ്ടുംകുഴിയും കയറ്റവും ഇറക്കവുമുള്ള റോഡിൽ ആയാസപ്പെട്ടാണു സ്ഥാനാർഥി വാഹനത്തിന്റെ യാത്ര. ഉച്ചയ്ക്കു മുൻപ് അഞ്ചുവട്ടം ഭാര്യ ആലീസ് വിളിച്ചു. 

ഇന്നച്ചനു വെള്ളം കൊടുത്തോ, മരുന്നു കഴിച്ചോ? പച്ചക്കറികളും പഴങ്ങളും വാഹനത്തിൽ തന്നെ നുറുക്കിവച്ചിട്ടുണ്ട്. അതു കഴിക്കാനൊന്നും സമയമില്ല. ചൂടുവെള്ളം മുടക്കമില്ലാതെ കുടിക്കുന്നു. കൊടും വേനലിൽ കൊന്ന നന്നായി പൂത്തതു സ്ഥാനാർഥിക്കും പാർട്ടി പ്രവർത്തകർക്കും അനുഗ്രഹമായി. കൊന്നപ്പൂക്കളാലാണു സ്വീകരണം കൊഴുപ്പിക്കുന്നത്. വണ്ടിയിലുമുണ്ടു കുറേ പൂക്കൾ.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama