go

പരിചിതവഴിയിൽ പ്രതാപൻ

Thrissur News
മുതുവട്ടൂർ രാജ ഹോസ്പിറ്റലിനു മുന്നിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്ന യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ മതിലിന് അപ്പുറം നിന്നിരുന്ന വോട്ടർമാരെ കാണാൻ റോഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറിയപ്പോൾ. ചിത്രം. ഉണ്ണി കോട്ടക്കൽ∙മനോരമ.
SHARE

ചാവക്കാട് ടൗണിലേക്ക് എത്താറാവുമ്പോൾ ഡ്രൈവർ‌ പുറകിൽ നിൽക്കുന്ന പ്രതാപനോടു ചോദിച്ചു: എങ്ങോട്ടു തിരിക്കണം? ‘ഇടത്തോട്ടു പോട്ടെ. ഇടത്തു നിന്ന് കുറെ വോട്ടുകൾ നമുക്കു കിട്ടാനുണ്ട്, ഇക്കുറി’– പ്രതാപൻ ആ പറഞ്ഞത് ഒരു വഴി പറച്ചിൽ മാത്രമല്ല എന്നു മനസ്സിലാക്കാം പിന്നീട് സ്വീകരണ കേന്ദ്രങ്ങളിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ.

ഗുരുവായൂർ മണ്ഡലത്തിൽ തുറന്ന വാഹനത്തിൽ പര്യടനത്തിലായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ. വെയിലേറ്റു വിയർത്തൊഴുകുമ്പോഴും ഇടത്തോട്ടും വലത്തോട്ടും കൈ വീശി കാണിച്ചു തന്നെയാണു യാത്ര. ഇടയ്ക്ക് രണ്ടു വിരലുകൾ മാത്രം ഉയർത്തിക്കാണിക്കുന്നതു വിജയചിഹ്നമായി കണക്കാക്കി ചിലർ പ്രത്യഭിവാദ്യം ചെയ്യുന്നുണ്ട്. എന്നാൽ‌, യന്ത്രത്തിൽ തന്റെ പേര് രണ്ടാമതാണെന്നു കൂടിയാണ് പ്രതാപൻ‌ പറയാൻ ശ്രമിക്കുന്നത്.

സ്വീകരണ കേന്ദ്രങ്ങളിൽ നിന്നു കിട്ടുന്ന മാലകളും ഷാളുകളും ഇട്ടു വയ്ക്കാൻ തുറന്ന വാഹനത്തിൽ ഒരു പെട്ടി വച്ചിട്ടുണ്ട്. ചേറ്റുവ എംഇഎസിനു സമീപത്തു നിന്നു തുടങ്ങിയ പര്യടനം ഏഴാമത്തെ സെന്ററിൽ എത്തുമ്പോഴേക്കും അതു നിറഞ്ഞു.

തെക്കൻ‌ചേരിയിൽ സ്വീകരണം ഒരുക്കിയ മൈതാനത്തേക്കു വാഹനം കടക്കാൻ ഒരു കേബിൾ തടസമായി നി‍‌ൽക്കുന്നു. എവിടെ നിന്നോ ഒരു പ്രവർത്തകൻ ഒരു ഇരുമ്പു കോണി എടുത്തു കൊണ്ടുവന്ന് കേബിൾ ഉയർത്തി. പ്രതാപന്റെ കുതിപ്പിന് കോണി വഴിയൊരുക്കുന്നു എന്ന കമന്റിന് അർഥമറിഞ്ഞ് എല്ലാവരുടെയും ചിരി.

വെയിലിൽ വാടുകയല്ല,തിളയ്ക്കുകയാണ്

വെയിൽ കത്തിക്കാളുകയാണ്. എങ്കിലും എല്ലാവർക്കും കൈ കൊടുത്ത ശേഷം തന്നെയാണ് പ്രതാപൻ പ്രസംഗത്തിനായി മൈക്ക് കയ്യിലെടുത്തത്. മതസൗഹാർദത്തെക്കുറിച്ചു പറഞ്ഞുകൊണ്ടു തുടങ്ങിയ പ്രസംഗം വെയിലിന്റെ ചൂടിൽ ഒടുക്കം നന്നായി തിളച്ചു ‘ഇന്ത്യ ജീവിക്കണം എന്നതാണു നിങ്ങളുടെ നിയ്യത്ത് എന്ന് എനിക്കറിയാം. ആയിരം മോദിമാരും അമിത് ഷാമാരും ഒന്നിച്ചു വന്നാലും ഈ നാടിന്റെ മതസൗഹാർദം തകർക്കാനാവില്ല’. ഇനി ചാവക്കാട് ടൗണിലേക്കാണു യാത്ര.

‘പല പല ചിഹ്നത്തിൽ വോട്ട് ചെയ്യുന്നവരാവാം നിങ്ങൾ, ഇക്കുറി അരിവാളിനു വോട്ട് ചെയ്താൽ അത് താമരയ്ക്കു പോകും’ എന്നു വ്യക്തമായി പറഞ്ഞുകൊണ്ടാണ് അടുത്ത പ്രസംഗം. പുന്നയിൽ എത്തുമ്പോൾ പ്രസംഗം രാഷ്ട്രീയ ട്രാക്കിൽ നിന്ന് ചെറുതായൊന്നു വ്യതിചലിച്ചു. ‘കോസ്മെറ്റിക് ടച്ച് അല്ല ആളുകൾക്കു വേണ്ടത്. ഹാർട്ട് ടച്ച് ആണ്. ഞാൻ എംപിയായാൽ എന്നെത്തേടി നിങ്ങൾ ഷൂട്ടിങ് ലൊക്കേഷനിൽ വന്നു കാത്തുനിൽക്കേണ്ടിവരില്ല. നിങ്ങളുടെ ഹൃദയമാണ് എന്റെ ലൊക്കേഷൻ. ആ ലൊക്കേഷനിൽ ഞാൻ എപ്പോഴുമുണ്ടാവും’. കയ്യടികൾക്കിടയിലൂടെ പ്രതാപൻ അടുത്ത കേന്ദ്രത്തിലേക്ക്.

അപരിചിതയായി നിന്ന്മകളുടെ എക്സിറ്റ് പോൾ

മുതുവട്ടൂരിലെത്തിയപ്പോൾ ഓടി അടുത്തേക്കു വന്ന വയോധികയെ പ്രതാപൻ ചേർത്തുപിടിച്ചു. മോൻ ജയിച്ചുവരും എന്നു പറഞ്ഞ് അവർ കൈ ഉയർത്തിയപ്പോൾ പ്രതാപൻ തല കുനിച്ചു. എംഎൽഎ ആയിരിക്കെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ നിന്നു മക്കളുടെ ചികിൽസയ്ക്കായി പ്രതാപൻ ഒരു ലക്ഷം രൂപ വാങ്ങിച്ചുതന്ന കാര്യം പറഞ്ഞ് ഹയറുന്നിസ വിതുമ്പി.

ഒന്നര മണിക്കൂർ വൈകി എന്ന് ഷെഡ്യൂൾ പരിശോധിക്കുന്ന ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്.റഷീദിന്റെ സ്നേഹപൂർവമുള്ള ശാസന. ഓടിച്ചെന്നു സ്വീകരണം ഏറ്റുവാങ്ങി മറുപടി പ്രസംഗം. തൊട്ടപ്പുറത്തെ ആശുപത്രിയിൽ നിന്നു ചിലർ കൈ നീട്ടിയപ്പോൾ റോഡിനു വശത്തു നിർത്തിയിട്ട സ്കൂട്ടറിൽ ചാടിക്കയറിയാണു പ്രതാപൻ തിരികെ കൈ കൊടുത്തത്. ‘ഇത് എന്റെ കയ്യല്ല; രാഹുൽ ഗാന്ധിയുടെ കയ്യാണ്’.

പാലയൂരിൽ ഉച്ചയ്ക്കു പ്രചാരണം നിർത്തിയ ശേഷം നേരെ പോയത് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി.ബദറുദ്ദീന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനാണ്. പ്രതാപന്റെ ശീലം അറിയാവുന്നതിനാൽ ഇവിടെ വീട്ടുകാർ കഞ്ഞിയും തയാറാക്കിയിരുന്നു.

കാര്യം പറഞ്ഞാൽ ഗൗരവക്കാരൻ തന്നെ

തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിൽ കയറി കുളിച്ച ശേഷം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. ബിജെപിക്കെതിരെയാണല്ലോ കൂടുതലായി പറയുന്നത് എന്നു ചോദിച്ചപ്പോൾ, ചിരി വിട്ടു പ്രതാപൻ ഗൗരവക്കാരനായി. ‘ദേശീയതലത്തിൽ തന്നെ കോൺഗ്രസ് ഏറ്റുമുട്ടുന്നത് ബിജെപിയുമായിട്ടാണല്ലോ? പിന്നെ, ഇവിടെ നിലവിലുള്ള എംപിയെ പിൻവലിച്ച്, സാധ്യതാ പട്ടികയിൽ രണ്ടാമതുണ്ടായിരുന്ന മുൻ‍ മന്ത്രിയെ മാറ്റി, മറ്റൊരാളെ സ്ഥാനാർഥിയാക്കിയതു വഴി ഈ മൽസരത്തെ ഗൗരവമായി കാണുന്നില്ലെന്നു പ്രഖ്യാപിച്ചവരാണ് ഇടതുപക്ഷം’.എതിരാളി ആരെന്നുറപ്പാക്കി പ്രതാപൻ ആഞ്ഞടിക്കുമ്പോൾ, പൈലറ്റ് വാഹനം പാട്ട് ഉച്ചത്തിൽ കേൾപ്പിച്ച് അടുത്ത കേന്ദ്രത്തിലേക്കു നീങ്ങുകയായി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama