go

ലിവർപൂൾ v/s തെച്ചിക്കോട്ടുകാവ്; ലോകത്ത് ഏതെങ്കിലും മൃഗത്തിന് ഇത്രയേറെ ആരാധക പിന്തുണ ലഭിച്ചു കാണുമോ?

thrissur-thechikottukavu-ramachandran
ആംബുലൻസിന്റെ അകമ്പടിയോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കയറ്റിയ ലോറി പൂരപ്പറമ്പിലൂടെ നീങ്ങുന്നു..
SHARE

ദിവസങ്ങൾക്കു മുമ്പ് ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ സെമിയിൽ ബാഴ്സലോനയുടെ ഗ്രൗണ്ടിൽ തോറ്റു തലകുനിച്ച ശേഷം രണ്ടാം പാദത്തിനായി ലിവർപൂൾ ടീം സ്വന്തം മൈതാനത്തേക്ക് എത്തുന്ന കാഴ്ച ഓർമയിലുണ്ടോ?  സ്റ്റേഡിയത്തിൽ സീറ്റ് കിട്ടാതെ പതിനായിരക്കണക്കിന് ആരാധകർ റോഡിനിരുവശവും കാത്തുനിൽക്കുമ്പോൾ അതിനു നടുവിലൂടെയാണ് ലിവർപൂളിന്റെ ചുവന്ന ടീം ബസ് പതുക്കെ കടന്നുവന്നത്. വഴികാട്ടിയായി ഒരു ആംബുലൻസ്. ലിവർപൂളിനെ സ്നേഹിക്കുന്നവർക്കാർക്കും ആ കാഴ്ച ആയുസ്സിൽ മറക്കാനാക‍ില്ല. ചിലർ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ടീമിനെ വരവേറ്റത്, മറ്റു ചിലർ വാഴ്ത്തിപ്പാടിക്കൊണ്ടും.

3–0നു പിന്നിലായിരുന്ന ലിവർപൂൾ സ്വന്തം മൈതാനത്തു കളിക്കാനെത്തുമ്പോൾ ലോകം മുഴുവൻ പ്രതീക്ഷിച്ചത് ബാഴ്സ അനായാസം ജയിക്കുമെന്നും ലിവർപൂൾ നാണംകെട്ടു പുറത്തുപോകുമെന്നുമാണ്. പക്ഷേ, ടീമിനെ കാത്തു റോഡരികിൽ നിന്നിരുന്നവർ മാത്രം ഉറച്ചുവിശ്വസിച്ചു, തങ്ങൾ ജയിക്കുമെന്ന്. ആവേശം സ്റ്റേഡിയത്തിൽ വെടിക്കെട്ട് പോലെ നിറഞ്ഞു. 

thrissur-liverpool-team-bus
ലിവർപൂൾ ബസ് സ്റ്റേഡിയത്തിലെത്തുന്ന കാഴ്ച.‌

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേ ഗോപുരനട തുറന്നിറങ്ങിവരുന്ന ദൃശ്യം ലിവർപൂളിലിരുന്നു മൊബൈൽ ഫോണിൽ കണ്ടപ്പോൾ മനസിലെത്തിയത് സമാന ചിന്തയാണ്. ചടങ്ങുകൾ പൂർത്തിയാക്കി രാമചന്ദ്രനെ ലോറിയിൽ കയറ്റി തിരികെ കൊണ്ടുപോകുന്ന കാഴ്ച കണ്ടപ്പോൾ ഫുട്ബോളിനെ സ്നേഹിക്കുന്നവർ ലിവർപൂളിനെ ഓർത്ത‍ുകാണും. ലിവർപൂളിന്റെ ടീം ബസ് എങ്ങനെ വന്നുവോ, അതേപോലെ രാമചന്ദ്രനെ കയറ്റിയ ലോറിക്കു മുന്നിലും ഒരു ആംബുലൻസ് ഉണ്ടായിരുന്നു. 

ആംബുലൻസ് ഒരുക്കിയ വഴിയിലൂടെ പതുക്കെ പതുക്കെ രാമചന്ദ്രന്റെ വാഹനം മുന്നോട്ടു നീങ്ങുമ്പോൾ പതിനായിരക്കണക്കിന് ആളുകൾ ഇരുവശവും നിന്ന് അലറിവിളിക്കുകയായിരുന്നു. ലിവർപൂളിനു വേണ്ടി ആരാധകർ അലറിവിളിച്ചതു പോലെ. രാമചന്ദ്രൻ വിലക്കിന്റെ നടുവിൽ നിന്നാണ് തെക്കേ ഗോപുരനടയിലേക്കു നടന്നുകയറിയത്. 

ലിവർപൂൾ പരാജയത്തിന്റെ നടുവിൽ നിന്നും. വിലക്കു മൂലം രാമചന്ദ്രനു പൂരത്തിൽ പങ്കെടുക്കാന‍ാകില്ലെന്ന് ഉറപ്പിച്ചപ്പോൾ പോലും പതിനായിരങ്ങൾ ഉറച്ചുവിശ്വസിച്ചു, രാമചന്ദ്രൻ തെക്കേ ഗോപുരനട തുറക്കാൻ തിരിച്ചുവരും. വിജയംനേടി ലിവർപൂൾ ടീം തിരികെ പോകുമ്പോൾ പലരും അലറിവിളിച്ചുകരഞ്ഞു. 

thrissur-thechikode-ramachandran-fans

രാമചന്ദ്രൻ മടങ്ങിപ്പോകുമ്പോഴും ആരാധകർ കണ്ണുനീരണിഞ്ഞ് ‘രാമാ രാമാ’ എന്ന് ആർപ്പുവിളിച്ചു. സൂചനകൾ മറിച്ചായിരുന്നിട്ടു പോലും നിയമത്തിന്റെ കുരുക്കഴിച്ചു രാമചന്ദ്രൻ തിരിച്ചു വരുമെന്ന് ആരാധകർ മനസിലുറപ്പിച്ചിരുന്നു. ലിവർപൂളിൽ നിന്നു രാമചന്ദ്രനിലേക്കുള്ള ദൂരം ആയിരക്കണക്കിനു കിലോമീറ്ററുകളല്ല, ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്കുള്ള ദൂരം മാത്രമാണ്. ലോകത്തിൽ മറ്റേതെങ്കിലും മൃഗത്തിന് ഇത്രയേറെ ആരാധക പിന്തുണ ലഭിച്ചു കാണുമോ?

ലിവർപൂളിൽനിന്ന് ഉണ്ണി കെ വാരിയർ

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama