go

തലയെടുപ്പോടെ ‘രാമചന്ദ്രൻ’;മേളം തോൽക്കുന്ന ആർപ്പുവിളികളോടെ ആരാധകർ

thrissur-thechikode-ramachandran-fans
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ തെക്കെ ഗോപുരനടവാതിൽ തുറന്ന് പുറത്തിറങ്ങുന്നു. ചിത്രം: മനോരമ
SHARE

തൃശൂർ ∙ നിയന്ത്രണങ്ങൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു; ആരാധകർക്ക് അത് ബാധകമായിരുന്നില്ല. രാവിലെ 11 മണിയോടെ വടക്കുന്നാഥ ക്ഷേത്ര തെക്കേ ഗോപുരനട തുറക്കാറുള്ളത് ഇത്തവണ നേരത്തെയാക്കിയതോടെ ചടങ്ങു കാണാൻ രാവിലെ എട്ടോടെ ജനങ്ങൾ  ഇടം പിടിച്ചു. ബാരിക്കേഡുകൾ കെട്ടി തിരിച്ചിരുന്നങ്കിലും സ്ത്രീകളടക്കമുള്ള ആരാധകവൃന്ദത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. രാവിലെ 9.10ന് മണികണ്ഠനാൽ പരിസരത്ത് ലോറിയിൽ വന്നിറങ്ങിയ രാമചന്ദ്രൻ 11.20ന് തിരിച്ചു ലോറിയിൽ കയറി. 

വന്നുപോകുവോളം തെക്കേ നടയും മണികണ്ഠനാൽ പരിസരവും ആരാധകരെക്കൊണ്ടും അവരുടെ ആരവം കൊണ്ടും നിറഞ്ഞു നിന്നു. നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി വന്ന തെച്ചിക്കോട്ടുകാവ് ദേവീദാസനിൽ നിന്നു മണികണ്ഠനാൽ പരിസരത്ത് തിടമ്പ് 9.40ന് രാമചന്ദ്രനു മാറ്റിക്കൊടുത്തു. ഈ സമയം ആർപ്പുവിളികൾ കനത്തു.  തുടർന്നു മേളത്തോടെ 10.15ന് രാമചന്ദ്രൻ വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക്. 10.40ന് പുറത്തിറങ്ങുമ്പോഴും മേളം തോൽക്കുന്ന ആർപ്പുവിളികളായിരുന്നു. പൂരമെത്തിയത് അറിയിച്ചു നട തുറന്നപ്പോൾ നെയ്തലക്കാവിലമ്മ കണ്ടത്, പൂരത്തിരക്കു തന്നെയായി. 

പുറത്തിറങ്ങിയ ശേഷം മണികണ്ഠനാൽ പരിസരം വരെ രാമചന്ദ്രൻ തന്നെ തിടമ്പേറ്റണം എന്നാണു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷയെക്കരുതി പൊലീസ് അനുവദിച്ചില്ല. തിടമ്പ് തെക്കേ നടയിൽ വച്ചു ദേവീദാസനു മാറ്റിക്കൊടുക്കാനായി തീരുമാനം.ദേവീദാസൻ എത്താൻ തെക്കേ നടയ്ക്കു സമീപം 20 മിനിറ്റ് രാമചന്ദ്രൻ കാത്തുനിന്നു. തിടമ്പ് മാറ്റിക്കൊടുത്തു തുമ്പി ഉയർത്തിയപ്പോഴും ജനം ഇളകി മറിഞ്ഞു.

ആളൊഴിഞ്ഞ ശേഷം ലോറിയിൽ കയറ്റി മടക്കാനായിരുന്നു പൊലീസ് തീരുമാനം. രാമചന്ദ്രൻ പോയിട്ട് ഒഴിയാമെന്നു ജനം കരുതിയതിനാൽ തീരുമാനം നടപ്പാക്കാനായില്ല. രാമചന്ദ്രനെ കയറ്റിയ ലോറി തേക്കിൻകാട് വിടുന്നതു വരെ ജനങ്ങൾ രാമചന്ദ്രന് ജയ് വിളിച്ചു പുറകെ ഓടുകയായിരുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama