go

സൂപ്പർ ഹിറ്റ് ‌ആക്‌ഷൻ; കേമം, പൂരം വെടിക്കെട്ട്

thrissur-super-hit-action
തൃശൂർ പൂരത്തിന്റെ സമാപനത്തിൽ ദേവിമാർ ഉപചാരം ചൊല്ലി പിരി‍‍ഞ്ഞതിന് ശേഷം നടന്ന വെടിക്കെട്ടിൽനിന്ന്. ചിത്രം മനോരമ.
SHARE

തൃശൂർ ∙ ആകെ 3 മണിക്കൂറുള്ള സൂപ്പർഹിറ്റ് സിനിമയിൽ ഒരു മണിക്കൂറോളം ഇടവേള വന്നതു പോലെയായിരുന്നു പൂരം പ്രധാന വെടിക്കെട്ടിന്റെ റിലീസ്. ചൊവ്വ പുലർച്ചെ 3ന് ആരംഭിക്കുമെന്നു പറഞ്ഞ പൂരം വെടിക്കെട്ട്’ ആരംഭിച്ചത് 3.50ന്. 

വീണ്ടും ഇടവേളകളെത്തി ‍നേരം പുലരും വരെ പൂരം വെടിക്കെട്ട് നീണ്ടിട്ടും ശബ്ദാഘോഷത്തിന്റെ ഫാൻസിനു ബോറടിച്ചില്ല. രാവിലെ 6 മണിയോടെ ‘കൂട്ടപ്പൊരിച്ചിൽ’ ക്ലൈമാക്സിൽ ‘ദ് പൂരം വെടിക്കെട്ട്’ പൂര പ്രേമികൾക്കിടയിൽ സൂപ്പർ ഹിറ്റ്.

കടുത്ത നിയന്ത്രങ്ങൾക്കുള്ളിലും പാറമേക്കാവ്–തിരുവമ്പാടിയുടെ പൂരം വെടിക്കെട്ട് ആസ്വാദകരെ ആഘോഷത്തിമിർപ്പിലാക്കി. കേന്ദ്ര എക്സ്പ്ലോസീവ് സംഘത്തിന്റെ കർശന നിയന്ത്രണത്തോടെയും പരിശോധനയ്ക്കും ശേഷമാണ് പുലർച്ചെ വെടിക്കെട്ടു തുടങ്ങിയത്. 

തിരുവമ്പാടി വിഭാഗം ആദ്യം കരി മരുന്നിലേക്ക് തീ പകർന്നു. ഓലപ്പടക്കത്തിൽ തുടങ്ങി കുഴി മിന്നലിലും അമിട്ടിലുമെല്ലാമായി കൂട്ടപ്പൊരിച്ചിലായി മാറിയ ‘മിന്നലാട്ടം’ പൂര നഗരിയുടെ രാത്രിയാകാശം വർണാഭമാക്കി. തിരുവമ്പാടിയുടെ ആദ്യ പകുതിയുടെ ഇടവേളയ്ക്കു ശേഷം സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയാക്കി 5 മണിയോടെയാണ് പാറമേക്കാവ് ആകാശപ്പൂരത്തിനു തിരികൊളുത്തിയത്. ചെറു പടക്കങ്ങളിൽ തുടങ്ങി പൂര പ്രേമികളുടെ നെഞ്ചിടിപ്പിക്കുന്ന കൂട്ടപ്പൊരിച്ചിലിലെത്തിയപ്പോൾ നഗരം ആർത്തിരമ്പി. പിന്നീട്  അമിട്ടുകൾ ആകാശത്തു വിരഞ്ഞു. 

തേക്കിൻകാട് മൈതാനിയിൽ നിന്നു 100 മീറ്റർ ആകെ പൊലീസ് ജനങ്ങളെ നിയന്ത്രിച്ചിരുന്നു. എങ്കിലും വമ്പൻ അമിട്ടുകൾ പൊട്ടിക്കയറിയപ്പോൾ ബാരിക്കേഡുകൾക്കപ്പുറത്തേക്ക് ആർപ്പു വിളി ആഘോഷം.

  സുരക്ഷയുടെ ഭാഗമായി ശക്തിയേറിയ കുഴി മിന്നലുകളും ഡൈനകളും ഉപയോഗിച്ചില്ല. ഇരു വിഭാഗവും 2000 കിലോ വീതം കരിമരുന്നുപയോഗിച്ചുള്ള സാമഗ്രികകളാണ് പൊട്ടിച്ചത്. രാവിലെ 6 മണിയോടെ വെടിക്കെട്ടുപ്പൂരം അവസാനിച്ചു. പൂരം ഉപചാരത്തിനൊപ്പമുള്ള പകൽ വെടിക്കെട്ടിനും പൂര പ്രേമികളുടെ നിറഞ്ഞ കയ്യടിയായിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama