go

ഉപചാരം ചൊല്ലിപ്പിരിഞ്ഞു; പൂരം പൂർണമായി

thrissur-thrissur-pooran-the-end
ഉപചാരപൂർവം: തൃശൂർ പൂരത്തിന് സമാപനം കുറിച്ച് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നു. ചിത്രം: മനോരമ
SHARE

തൃശൂർ  ∙ ഭഗവതിമാർ നേർക്കുനേർ നിന്ന് ഉപചാരം ചൊല്ലി; വടക്കുന്നാഥൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിൽ അവർ പിരിഞ്ഞു. ഈ കാഴ്ച കാണാൻ നിന്ന വടക്കുന്നാഥനും പൂരപ്രേമികളും നേർക്കുനേർ ആയിരുന്നു. ഒരാണ്ടിലേക്ക് ഓർമിക്കാൻ തന്ന കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിനു നന്ദി പറഞ്ഞുകൊണ്ട് അവരും പിരിഞ്ഞു. 

ഉപചാരം ചൊല്ലി പിരിയലിനും മേളത്തിനും തലേന്നത്തെ പൂരത്തോടു കിടപിടിക്കുന്ന ആൾത്തിരക്കായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തേക്കിൻകാടിനെ മനുഷ്യക്കടലാക്കാൻ പല വഴികളിലൂടെ ഒഴുകിയെത്തിയ പുരുഷാരത്തിന്റെ പുഴകൾ, ഉപചാരം ചൊല്ലി ഭഗവതിമാർ പിരിഞ്ഞതിനു പിന്നാലെ പല വഴിക്കായി പിരിഞ്ഞൊഴുകി.  

ഇന്നലെ പുലർച്ചെ 5.20ന് ആണു രാത്രി പൂരത്തിന്റെ വെടിക്കെട്ട് സമാപിച്ചത്. എന്നിട്ടും രാവിലെ ഭഗവതിമാർ എഴുന്നള്ളി എത്തുന്നതും ഉപചാരം ചൊല്ലിപ്പിരിയുന്നതും കാണാൻ വൻജനാവലിയാണു പടിഞ്ഞാറേ നടയിൽ എത്തിയത്. 

പാറമേക്കാവിന്റെ തിടമ്പേറ്റിയതു ഗുരുവായൂർ നന്ദനും തിരുവമ്പാടിയുടേതു തിരുവമ്പാടി ചന്ദ്രശേഖരനും ആയിരുന്നു. പെരുവനം കുട്ടൻ മാരാർ ഇലഞ്ഞിത്തറയിൽ കൊട്ടിയതിന്റെ ആവേശച്ചോർച്ചയില്ലാതെ ഇന്നലെ മേളം നയിച്ചപ്പോൾ തിരുവമ്പാടിക്കു വേണ്ടി കിഴക്കൂട്ട് അനിയൻ മാരാരും കൊട്ടിത്തകർത്തു. മേളത്തിനു ശേഷം പാറമേക്കാവിന്റെ തിടമ്പ് പാറമേക്കാവ് ദേവീദാസനു മാറ്റിക്കൊടുത്തു.

പാറമേക്കാവ് ഭഗവതിയുമായി ദേവീദാസൻ ഗണപതിയെ വണങ്ങി തിരികെയെത്തിയപ്പോഴേക്കും തിരവമ്പാടി ഭഗവതിയുമായി ചന്ദ്രശേഖരൻ പടിഞ്ഞാറെ നടയിലൂടെ അകത്തു കയറി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചു പുറത്തിറങ്ങിയിരുന്നു. ദീപസ്തംഭത്തിന് ഇരുപുറവുമായി കോലമേന്തി രണ്ടാനകളും നിന്നപ്പോൾ തന്നെ ആർപ്പുവിളികൾ ഉയർന്നു. തുടർന്ന് ഗജവീരന്മാർ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തപ്പോൾ ഭക്തർ ഭഗവതിമാരെ വണങ്ങി കൈ കൂപ്പി. ഇരുഭഗവതിമാരും തങ്ങളുടെ ഇരിപ്പിടത്തിലേക്കു മടങ്ങിയപ്പോൾ ജനങ്ങളും തേക്കിൻകാടു വിട്ടു. പിന്നെ ഇരുവിഭാഗക്കാരുടെയും വെടിക്കെട്ടു കാണാൻ കാത്തിരിപ്പായി. ആ ആവേശവും കൂടി ഏറ്റുവാങ്ങിയപ്പോൾ പൂരം പൂർണമായി എന്നൊരു തോന്നൽ. 

പൂരത്തിന്റെ ചടങ്ങുകളെ കഴിഞ്ഞിട്ടുള്ളു. പൂരം കഴിയുന്നില്ല. ഓരോ പൂരപ്രേമിയുടെയും മനസിൽ അതുണ്ടാവും, അടുത്ത പൂരം വരെ. 

അടുത്ത വർഷം മേയ് 2ന്

അടുത്ത തൃശൂർ പൂരം 2020 മേയ് 2ന് നടക്കും. പൂരത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഉപചാരംചൊല്ലി പിരിയൽ ചടങ്ങിനെ തുടർന്നാണു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അംഗങ്ങൾ അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ചത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama