go

കരുണാകരന്റെ ഇഷ്ടമുറി, റൂം നമ്പർ വൺ, ശ്രീ വത്സം; അതിഥിയായി പ്രധാനമന്ത്രി

thrissur news
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ, കലക്ടർ ടി.വി.അനുപമ, സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്.യതീഷ്ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ അരിയന്നൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപമുള്ള ഹെലിപാഡ് സന്ദർശിച്ചപ്പോൾ.
SHARE

ഗുരുവായൂർ ∙ രണ്ടാം വട്ടം പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യ പൊതുസമ്മേളനം ഗുരുവായൂരിലായിരിക്കും. ശനിയാഴ്ച 11.30ന് ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ടിൽ മോദി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. ബിജെപി സംസ്ഥാന കമ്മിറ്റിയാണ് ‘അഭിനന്ദൻ സമ്മേളനം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പതിനായിരത്തോളം പേർക്കാണ് പ്രവേശനം. ബിജെപി സംസ്ഥാന നേതാക്കളായ ഇരുനൂറോളം പേർക്ക് പ്രത്യേക പാസ് നൽകി ഇരിപ്പിടം നൽകും.

പൊതുപരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന മറ്റുള്ളവർ നേരത്തെ സ്ഥലത്തെത്തി സെക്യൂരിറ്റി പരിശോധനയ്ക്കു ശേഷം പൊതുസമ്മേളന വേദിയിയിൽ പ്രവേശിക്കണം. 12ന് ഇവിടെ നിന്ന് മടങ്ങുന്ന പ്രധാനമന്ത്രി 12.15ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചിക്ക് പോകും. മന്ത്രി പീയൂഷ് ഗോയൽ, വി.മുരളീധരൻ എന്നിവരും‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.

ക്ഷേത്രദർശനം 10.10ന്

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദർശനത്തിനായി കൊച്ചിയിൽ നിന്ന് ശനിയാഴ്ച രാവിലെ 9.45ന് അരിയന്നൂരിലെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെത്തും. അവിടെ നിന്ന് കാർമാർഗം 10ന് ദേവസ്വം വക ശ്രീവത്സം ഗെസ്റ്റ്ഹൗസിലെത്തി 10.10ന് ക്ഷേത്രത്തിലെത്തും. കിഴക്കേ ഗോപുരത്തിനു മുന്നിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിക്കും. കൊടിമരത്തിനു സമീപത്തു കൂടി നേരെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് സോപാനത്ത് കദളിക്കുല, മഞ്ഞപ്പട്ട്, ഉരുളി നിറയെ നറുനെയ് എന്നിവ സമർപ്പിച്ച് തൊഴും.

മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകും. ഗണപതിയെ തൊഴുത് വടക്കേനടയിലൂടെ പുറത്തു കടന്ന് ഉപദേവതയായ ഭഗവതിയെ വന്ദിക്കും. തുടർന്ന് താമരപ്പൂവു കൊണ്ട് തുലാഭാരം. ഇതിനായി 111 കിലോ താമരപ്പൂവ് പുലർച്ചെ ക്ഷേത്രത്തിലെത്തിക്കും. പ്രദക്ഷിണം ചെയ്ത് ഉപദേവനായ അയ്യപ്പനെ തൊഴുത് കിഴക്കേഗോപുരത്തിലെത്തും.

മോദിയുടെ വഴിപാടായി നടന്ന മുഴുക്കാപ്പ് കളഭച്ചാർത്തിന്റെ പ്രസാദം അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ കൈമാറും. ഒരു മണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിക്കും. കിഴക്കേ ഗോപുരകവാടം വഴി പുറത്തെത്തുന്ന അദ്ദേഹം ശ്രീവത്സം ഗെസ്റ്റ്ഹൗസിലെത്തിയതിനു ശേഷം പൊതുപരിപാടി നടക്കുന്ന ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലേക്കു പോകും.

ഉപഹാരം കൃഷ്ണ ശിൽപം

പ്രധാനമന്ത്രിക്ക് ദേവസ്വം വക ഉപഹാരമായി ദാരുശിൽപവും ചുമർച്ചത്ര മാതൃകയിലുള്ള ചിത്രവും സമ്മാനിക്കും. ഒരു കയ്യിൽ ചാട്ടവാറും മറുകയ്യിൽ പാഞ്ചജന്യമെന്ന ശംഖും മുഴക്കുന്ന ശ്രീകൃഷ്ണന്റെ ദാരു ശിൽപമാണ് നൽകുന്നത്.

ഒരുക്കങ്ങൾ പൂർത്തിയായി

പ്രധാനമന്ത്രിയുടെ സന്ദ്ര‍ശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. എസ്പിജി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹെലിപാഡ് മുതൽ പ്രധാനമന്ത്രി ന്ദർശിക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. ഹെലി പാഡിന്റെ നിർമാണം പൂർത്തിയായി. എയർഫോഴ്സ് ഹെലികോപ്റ്ററുകൾ പരീക്ഷണ പറക്കൽ നടത്തി.

അണിഞ്ഞൊരുങ്ങി ശ്രീവത്സം

ശ്രീവത്സം മുതൽ തെക്കേനടപ്പുര വരെ പന്തലിടാനുള്ള നിർദേശം ഒഴിവാക്കി. തെക്കേനടപ്പുരയിൽ അരങ്ങ് കെട്ടി. പൊട്ടിയ ടൈലുകൾ മാറ്റിയിട്ടു. തെക്കേനടപ്പുര മുതൽ ക്ഷേത്രം വരെ ചുവന്ന പരവതാനി വിരിക്കും. ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്റ്റേജ്, ഇരിപ്പിടം, ശുചിമുറി, പന്തൽ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിക്കായി ലഘുഭക്ഷണം ഒരുക്കുന്നത് ടൂറിസം വകുപ്പാണ്.

റോഡുകൾ അടയ്ക്കും

ശനിയാഴ്ച രാവിലെ 7 മുതൽ 12.30 വരെ ചൂണ്ടൽ– ഗുരുവായൂർ റോഡിലും പടിഞ്ഞാറെനട– മമ്മിയൂർ റോഡിലും വാഹനഗതാഗതം പൂർണമായും വിലക്കും. കുന്നംകുളം വഴിയോ, പാവറട്ടി പഞ്ചാരമുക്ക് വഴിയോ വാഹനങ്ങൾ ഗുരുവായൂരിലെത്തണം. ശ്രീകൃഷ്ണ ഹൈസ്കൂളിൽ പൊതുപരിപാടിക്ക് ആളുകളുമായെത്തുന്ന വാഹനങ്ങൾ മമ്മിയൂരിൽ ആളെ ഇറക്കണം. തുടർന്ന് ചാവക്കാട് ഹൈസ്കൂൾ ഗ്രൗണ്ടിലോ, ആനക്കോട്ട റോഡിലോ പാർക്ക് ചെയ്യണം.

റൂം നമ്പർ വൺ, ശ്രീ വത്സം

ഗുരുവായൂർ ∙ ശ്രീവത്സം ഗെസ്റ്റ്ഹൗസിലെ ഒന്നാം നമ്പർ മുറിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ഈ മുറി മോടി പിടിപ്പിച്ചു കഴിഞ്ഞു. ഒന്നാം നമ്പർ മുറിയിൽ ഏറ്റവുമധികം താമസിച്ചിട്ടുള്ളത് മുൻമുഖ്യമന്ത്രി കെ.കരുണാകരനാണ്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ദർശനത്തിനെത്തിയിരുന്ന കരുണാകരന്റെ ഇഷ്ടമുറിയായിരുന്നു ഇത്.

പ്രധാനമന്ത്രി രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു എന്നിവർ ദർശനത്തിയെപ്പോൾ തങ്ങിയതും ഒന്നാം നമ്പറിലായിരുന്നു. രാഷ്ട്രപതിമാരായ ആർ.വെങ്കട്ടരാമൻ, ശങ്കർദയാൽ ശർമ, കെ.ആർ.നാരായണൻ, പ്രണബ് മുഖർജി എന്നിവരും ദർശനത്തിനെത്തിയപ്പോൾ ഇതേ മുറിയാണ് ഉപയോഗിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2008 ജനുവരി 13ന് ക്ഷേത്രദർശനത്തിനെത്തിയ നരേന്ദ്രമോദി തങ്ങിയതും ഒന്നാം നമ്പറിലായിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ്, പ്രധാനമന്ത്രി, മറ്റു സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരും ശ്രീവത്സത്തിലെ ഒന്നാം നമ്പറിൽ അതിഥികളായിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama