go

20 കിലോഗ്രാം സ്വർണമലർ കുഴിച്ചിട്ടു, ഇത് നിധിയായി മാറുമോ?

ernakulam news
SHARE

സ്വർണമലരുകൾ എന്നു കേട്ടിട്ടുണ്ടോ? പഴയ സ്വർണം ഉരുക്കി ശുദ്ധീകരിച്ച ശേഷം ‘പോപ്പ്കോണി’ന്റെ ആകൃതിയിലാക്കുമ്പോളാണു ‘മലർ’ എന്നു വിളിക്കുന്നത്. 6 കോടി രൂപ വിലവരുന്ന 20 കിലോഗ്രാം സ്വർണമലരുകളാണ് മേയ് 9 നു രാത്രി ആലുവയ്ക്കു സമീപം എടയാർ വ്യവസായ മേഖലയിൽ നിന്നു കവർച്ച ചെയ്തത്. ശുദ്ധീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട മലരുകൾ സ്വർണക്കട്ടികളാക്കി ഗുണനിലവാര മുദ്ര ചാർത്താനാണ് എടയാറിലെ സിജിആർ മെറ്റലോയ്സ് എന്ന ഹാൾമാർക്കിങ് കേന്ദ്രത്തിലേക്കു കാറിൽ കൊണ്ടുവന്നത്.

കാർ സ്ഥാപനത്തിന്റെ ഗേറ്റിനുള്ളിൽ കയറും മുൻപു കൊള്ളയടിക്കപ്പെട്ടു. കവർച്ചയിൽ നേരിട്ടു പങ്കെടുത്ത 2 പേർ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാധാരണ നിലയിൽ തൊണ്ടിമുതൽ വീണ്ടെടുക്കേണ്ട സമയം പിന്നിട്ടു. പക്ഷേ, ഈ കേസിൽ ഇതുവരെ മോഷ്ടിക്കപ്പെട്ട 20 കിലോഗ്രാം സ്വർണം കണ്ടെത്താനായില്ല. ഭരണ സംവിധാനങ്ങളുടെ മുഴുവൻ പാളിച്ചകളും പുറത്തു വന്ന കവർച്ചാക്കേസാണിത്.

കവർച്ചക്കാർ പിടിക്കപ്പെട്ടാൽ പിന്നെ പൊലീസിന് എളുപ്പമുള്ള കാര്യമാണു തൊണ്ടി സാധനങ്ങളുടെ വീണ്ടെടുപ്പ്. എടയാർ മോഷണക്കേസിൽ പൊലീസ് പരാജയപ്പെട്ടതും ഇക്കാര്യത്തിൽ. പൊലീസിനെ വിഡ്ഢികളാക്കുന്ന പരസ്പര വിരുദ്ധമായ മൊഴികളാണു റിമാൻഡിൽ കഴിയുന്ന 2 കവർച്ചക്കാരും നൽകിയത്. ഇവരുടെ ആദ്യ മൊഴി: ‘‘ കവർച്ച നടത്തിയതു ശരിയാണ്. പക്ഷേ, കാറിൽ നിന്നു തട്ടിയെടുത്ത പെട്ടി തുറന്നപ്പോൾ അതിൽ ഒരു തരി സ്വർണം ഉണ്ടായിരുന്നില്ല.’’

Gold-Theft

∙ വളരെ എളുപ്പത്തിൽ വാദിയെ പ്രതിയാക്കുന്ന മൊഴിയാണിത്. 20 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടതായി പരാതി പറയുന്ന സ്ഥാപന ഉടമയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ഈ മൊഴി മതി. കൂടിയ തുകയ്ക്ക് ഇൻഷൂർ ചെയ്ത സ്വർണം മോഷ്ടിക്കപ്പെട്ടതായി കള്ളക്കേസുണ്ടാക്കി തുക തട്ടാൻ ഉടമ നടത്തിയ നാടകമായി ഇതിനെ എളുപ്പം വ്യാഖ്യാനിക്കാം.

∙ അതുമല്ലെങ്കിൽ വിവിധ ജ്വല്ലറികളിൽ നിന്നു ശേഖരിച്ച പഴയ സ്വർണം ശുദ്ധീകരണ പ്രക്രിയയ്ക്കിടയിൽ മോഷണ നാടകം കളിപ്പിച്ചു സ്ഥാപന ഉടമ തട്ടിയെടുത്തതായും സംശയം ജനിപ്പിക്കും.

പൊലീസും ജനങ്ങളും സ്ഥാപന ഉടമയെ സംശയിച്ചു തുടങ്ങിയ ഘട്ടത്തിൽ പ്രതികൾ വീണ്ടും മൊഴി മാറ്റി. ‘‘20 കിലോഗ്രാം സ്വർണമലർ രണ്ടായി പകുത്ത് 10 കിലോഗ്രാം വീതം കൊണ്ടു പോയി തൊടുപുഴയിലെ 2 തോട്ടങ്ങളിൽ കുഴിച്ചിട്ടു.’’ ഇതു വിശ്വസിച്ച പൊലീസ് മെറ്റൽ ഡിറ്റക്ടറുമായെത്തി തോട്ടങ്ങൾ അരിച്ചു പെറുക്കിയിട്ടും ഒരു സ്വർണത്തരി പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

അപ്പോഴായിരുന്ന പ്രതികളുടെ ഏറ്റവും ബുദ്ധിപരമായ മൊഴി: ‘‘കുഴിച്ചിട്ടിടത്തു നിന്നു സ്വർണം മറ്റാരോ മോഷ്ടിച്ചു കൊണ്ടുപോയി സാറേ...’’ തിര‍ഞ്ഞെടുപ്പു കാലത്തു കേരള പൊലീസിനു സംഭവിക്കാറുള്ള സ്വാഭാവിക അലംഭാവമാണ് എടയാർ സ്വർണ മോഷണക്കേസിൽ കണ്ടത്. താൽക്കാലിക സ്ഥലം മാറ്റത്തിൽ എറണാകുളം റൂറലിലെത്തിയ ഇൻസ്പെക്ടറും 2 എസ്ഐമാരുമാണു കേസന്വേഷിച്ചത്. അവർക്കു തൊഴിൽ പരിചയമോ  മാനസിക അടുപ്പമോ ഇല്ലാത്ത സ്ഥലം.

തിരഞ്ഞെടുപ്പു കഴിയുമ്പോൾ കേടുകൂടാതെ പഴയ തട്ടകത്തിലേക്കു തിരിച്ചു പോകണം. എടയാർ കേസ് ആത്മാർഥമായി പിന്നെ ആരന്വേഷിക്കാൻ? അവർ തിരിച്ചു പോയി.വരാപ്പുഴ കസ്റ്റഡി മരണക്കേസിന്റെ ഒന്നാം വാർഷികത്തിൽ അവർക്കു സ്വാഭാവികമായി തോന്നാവുന്ന ഭീതിയും അന്വേഷണത്തെ പിന്നോട്ടടിച്ചു. താൽക്കാലികമായി സ്ഥലം മാറിവന്ന് എന്തിനേറെ റിസ്ക്ക് എടുക്കണം. ജോലിയിൽ തുടരുകയെന്നതല്ലേ അവർക്കു മുഖ്യം? എല്ലാം കൂടിയായപ്പോൾ സ്വർണമോഷണക്കേസ് അന്വേഷണത്തിന്റെ കാറ്റുപോയി.

∙ യഥാർഥത്തിൽ 20 കിലോഗ്രാം സ്വർണമലർ മോഷണം പോയിട്ടുണ്ടോ?
∙ മോഷണം പോയിട്ടുണ്ടെങ്കിൽ അതെവിടെ ഒളിപ്പിച്ചു?
∙ കുഴിച്ചിട്ടെന്ന കഥ ശരിയാണോ?

അഥവാ കുഴിച്ചിട്ടെന്ന കഥ ശരിയല്ലെങ്കിൽ സ്വർണമലരുകൾ ഇപ്പോൾ സ്വർണക്കട്ടിയോ ആഭരണങ്ങളോ ആയിട്ടുണ്ടാകാനാണു സാധ്യത. കവർച്ചാമുതൽ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും  ഈ കേസിൽ ലഭ്യമായ തെളിവുകൾ മതി പ്രതികളെ വിചാരണക്കോടതിക്കു ശിക്ഷിക്കാൻ. സ്വർണം കുഴിച്ചിട്ടെന്ന കഥ ശരിയാണെങ്കിൽ കുറെ കഴിയുമ്പോൾ അതു പൊതുമുതലാകും. ഭൂമിക്കടിയിലുള്ള സ്വർണത്തെ നിധിയെന്നാണു വിളിക്കുക. നിധി സർക്കാരിന് അവകാശപ്പെട്ടതാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama