go

കരുതിയിരുന്നോ, ആട്ടിൻതോലിട്ട തട്ടിപ്പുകാരൻ ‘നീരജ് കുമാറി’ന്റെ വിളി കാത്ത് !

തൃശൂർ സ്വദേശിയായ ഫാം ഉടമയുടെ ഫോണിലേക്കു തട്ടിപ്പുകാരൻ അയച്ച പേയ്മെന്റ് റിക്വസ്റ്റ്.
തൃശൂർ സ്വദേശിയായ ഫാം ഉടമയുടെ ഫോണിലേക്കു തട്ടിപ്പുകാരൻ അയച്ച പേയ്മെന്റ് റിക്വസ്റ്റ്.
SHARE

തൃശൂർ ∙ ‘‘താങ്കളുടെ ഫാമിൽ നിന്ന് 2 ആടുകളെ വാങ്ങാൻ താൽപര്യമുണ്ട്. മുൻകൂറായി 10,000 രൂപ അക്കൗണ്ടിലേക്ക് അയച്ചുതരാം.’’ തൃശൂർ സ്വദേശിയായ ഫാം ഉടമയുടെ ഫോണിലാണ് ഈ വിളിയെത്തിയത്. ഗൂഗിൾ പേ സംവിധാനം ഉപയോഗിച്ച് പണം അക്കൗണ്ടിലേക്കു മാറ്റാമെന്നായിരുന്നു വാഗ്ദാനം. അക്കൗണ്ട് നമ്പർ കൊടുത്തതിനു പിന്നാലെ ഫോണിലെത്തിയ സന്ദേശത്തിൽ ഫാം ഉടമയ്ക്കു നേരിയ സംശയം തോന്നിയതു രക്ഷയായി. ഫോണിൽ വിളിച്ചു തട്ടിപ്പു നടത്തുന്ന സംസ്ഥാനാന്തര സംഘത്തിന്റെ പുതിയ നമ്പറായിരുന്നു ഇത്. ഓൺലൈൻ ബിസിനസ് ഡയറക്ടറികളിൽ നിന്നു പേരും വിലാസവും ഫോൺ നമ്പറും തപ്പിയെടുത്തു വിളിച്ചാണ് തട്ടിപ്പ്. സമാന മാതൃകയിൽ ഒട്ടേറെ പേരുടെ പണം നഷ്ടപ്പെട്ടതായി സൈബർസെൽ അറിയിച്ചു.

ഊരും പേരും നമ്പറും

ഓൺലൈൻ ബിസിനസ് ഡയറക്ടറികളിലും ബിസിനസ് വെബ്സൈറ്റുകളിലുമൊക്കെ പേരും നമ്പറും വ്യാപാര വിശദാംശങ്ങളുമൊക്കെ രേഖപ്പെടുത്തിയിട്ടുള്ള ചെറുകിട സംരംഭകരെയാണ് തട്ടിപ്പുകാർ ഉന്നംവയ്ക്ക‍ുക. ‍വാണിജ്യ സൈറ്റുകളിലെ പരസ്യങ്ങളിൽ നിന്നു നമ്പർ സംഘടിപ്പിച്ചും വിളിവരാം. ഈ നമ്പറുകളിൽ വിളിച്ച് ഓരോ സംരംഭകരോടും വ്യാപാരത്തിനു താൽപര്യമുണ്ടെന്നും പണം ഗൂഗിൾ പേ സംവിധാനത്തിലൂടെ അക്കൗണ്ടിലേക്കു മാറ്റിനൽകാമെന്നും വാഗ്ദാനം ചെയ്യും. ഇതു വിശ്വസിച്ച് സംരംഭകർ അക്കൗണ്ട് വിവരങ്ങൾ നൽകും.

‘റിക്വസ്റ്റ്’ ആണ് 

അക്കൗണ്ടിലേക്കു മാറ്റിനൽകാമെന്നു വാഗ്ദാനം ചെയ്യപ്പെട്ട തുകയുടെ വിവരങ്ങളുമായി ഫോണിൽ ഒരു വിൻഡോ തെളിഞ്ഞുവരുന്നതുകാണാം.  അതിനു താഴെ ‘പേ ഫോർ റിസീവ് മണി’ എന്ന സന്ദേശം കാണാം. പണം സ്വീകരിക്കാനുള്ള നിർദേശമാണതെന്നു തെറ്റിദ്ധരിച്ച് ബട്ടൺ അമർത്തിയാൽ തീർന്നു, അത്രയും പണം സ്വന്തം അക്കൗണ്ടിൽ നിന്നു നഷ്ടപ്പെടും. കാരണം, പണം അക്കൗണ്ടിലിട്ടു നൽകാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പുകാരൻ അയയ്ക്കുന്നതു ‘പേയ്മെന്റ് റിക്വസ്റ്റ്’ ആണ്. തട്ടിപ്പാണെന്നു മനസിലാക്കി നമ്പറിലേക്കു തിരികെ വിളിച്ചാൽ അസഭ്യ വാക്കുകൾ ഹിന്ദിയിൽ കേൾക്കേണ്ടിവരും.

ആരാണ് ‘നീരജ് കുമാർ’

തൃശൂരിലെ ഫാം ഉടമയെ തട്ടിക്കാൻ ശ്രമിച്ച നമ്പർ നീരജ് കുമാർ എന്നയാളിന്റെതാണെന്നാണ് വിവരം. ഹിന്ദിയിലായിരുന്നു സംസാരം. ഡയറക്ടറികളിൽ നിന്നു നമ്പർ തപ്പിയെടുത്തു വിളിച്ചു പറ്റിക്കാൻ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൾ സെന്ററുകൾ പോലും പ്രവർത്തിക്കുന്നുണ്ട്. ഫോണിലൂടെ വരുന്ന സന്ദേശങ്ങളിൽ വിശ്വസിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ എടിഎം കാർഡിന്റെ വിശദാംശങ്ങളോ പങ്കുവയ്ക്കുന്നതാണ് പലപ്പോഴും പണം നഷ്ടപ്പെടാൻ ഇടയാക്കുന്നതെന്ന് സൈബർ സെൽ അധികൃതർ അറിയിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama