go

നെഹ്റു തരും; ആരോഗ്യം, ആനന്ദം

thrissur-new-playing-equipment
നെഹ്റുപാർക്കിൽ പുതുതായി സ്ഥാപിച്ച കളിയുപകരണങ്ങളിലൊന്ന്.
SHARE

തൃശൂർ ∙ രാവിലെ കട്ട സീരിയസ് ആണു കാര്യങ്ങൾ. ഉച്ചയ്ക്കുശേഷം കളിമാറും. ഇരുളും വരെ ഫുൾ ഫൺ. കുട്ടികളുടെ പേരിലാണെങ്കിലും ഇന്നു മുതൽ നെഹ്റു പാർക്കിൽ കളിയിൽ അൽപം കാര്യമുണ്ട്. നവീകരണം നീണ്ടതും വേഗത്തിൽ ഉദ്ഘാടന മാമാങ്കം തട്ടിക്കൂട്ടിയതും ഒഴിച്ചാൽ ആരോഗ്യവും ആനന്ദവും പാർക്കു തുറന്നിടും. 

∙ ഗുഡ് ഫിറ്റ്നസ് മോണിങ്

തേക്കിൻകാട്ടിലും സ്വരാജ് റൗണ്ടിലും കറങ്ങിത്തിരിഞ്ഞ ‘ആരോഗ്യം’ ഇനി പാർക്കിൽ കയറി നല്ല കുട്ടിയാകും. ഉല്ലാസത്തിനൊപ്പം വ്യായാമത്തിനും പ്രഭാതനടത്തത്തിനും ഇടമുണ്ട്. നടക്കാൻ പ്രത്യേക റാംപ് സൗകര്യം. 27 ഇനം ഫിറ്റ്നസ് ഉപകരണങ്ങൾ.

thrissur-exercise-equipment
പുതുതായി സ്ഥാപിച്ച വ്യായാമ ഉപകരണങ്ങളിലൊന്ന്.

എയർ വാക്കർ, സീരിയൽ പുൾഅപ്, ബാക് എക്സ്റ്റൻഷൻ, ഹിപ് ട്വിസ്റ്റർ, ഹാങ്ങിങ് ബാർ, ഷോൾഡർ വീൽ എന്നിവ ഉൾപ്പെടെ 8 ലക്ഷം രൂപ ചെലവിലാണ് ഓപ്പൺ ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്. 6 മുതൽ 12 വരെ രാവിലെ പാർക്കു തുറന്നുകൊടുക്കും. പാർക്കിലേക്കു പ്രവേശിക്കാൻ ചുരുങ്ങിയ ചെലവിൽ ഓരോ മാസവും കാർഡ് സംവിധാനം ഒരുക്കും. 100 രൂപയാണു നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. 

∙ ഗു‍ഡ് ഫൺ ഈവനിങ്

കുട്ടികളുടെ മാനസികോല്ലാസത്തിന്  ഉച്ചയ്ക്കു 2 മുതൽ വാതായനം തുറക്കും. രാത്രി 8 വരെ കളിചിരി നീളും. മൾട്ടിപ്ലേ സ്റ്റേഷൻ, ഹൈബ്രിഡ് അഡ്വഞ്ചർ, റോളർ സ്ലൈഡ്, സർക്കുലർ സ്വിങ്, സ്പൈറൽ സ്ലൈഡ്, മേരിഗോ റൗണ്ട് എന്നിവ ഉൾപ്പെടെ 15 കളിയുപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കളിയുപകരണങ്ങൾ ഒന്നിച്ചുള്ള മൾട്ടിപ്ലേ സ്റ്റേഷനും രസവും സാഹസികതയും കലർന്ന ഹൈബ്രിഡ് അഡ്വഞ്ചറും പ്രധാന ആകർഷണമാണ്.

റോളർ സ്ലൈഡ്, വേവ് സ്ലൈ‍ഡ്, റോക് ക്ലൈംബർ, ടണൽ സ്ലൈഡ്, ഊഞ്ഞാൽ എന്നിവയെല്ലാം മൾട്ടിപ്ലേ സ്റ്റേഷനിലുണ്ടാകും. 4 കുട്ടികൾക്ക് ഒരേസമയം ഇരുന്നു വട്ടംകറങ്ങാവുന്ന എംജിആർ (മേരിഗോ റൗണ്ട്) കൂട്ടത്തിലെ പുതുമുഖമാണ്. 4 പേർക്കു ഒന്നിച്ചു കളിക്കാവുന്ന ഡബിൾ സീസോ, ഡീലക്സ് സ്വിങ്, വാൾ ക്ലൈംബർ, റൊട്ടേഷൻ സ്വിങ് എന്നിങ്ങനെ വൈവിധ്യമുള്ള കളികളാണു കുട്ടികളെ കാത്തിരിക്കുന്നത്.

thrissur-workers
ഉദ്ഘാടനമെത്തിയിട്ടും ജോലി തീരാത്തതിനാൽ തിരക്കിട്ടു പണി തുടരുന്ന തൊഴിലാളികൾ.

കേടുപാടില്ലാത്ത പഴയ കളിയുപകരണങ്ങളുടെ മുഖം മിനുക്കിയിട്ടുണ്ട്. 15 വയസ്സിനു താഴെയുള്ളവർക്കു പ്രവേശനം സൗജന്യമാണ്. 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണു സൈക്കിൾ സവാരി ഒരുക്കുന്നത്. ഒരു മണിക്കൂറിന് 5 രൂപ മാത്രമാണു ഫീസ്. ഷെഡ് അടക്കം 20 സൈക്കിളുകൾ ഉണ്ടാകും. ഇവയിൽ 5 എണ്ണം വലുതാണ്. ഞായറാഴ്ചകളിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണു പ്രവേശനം. 

∙ ഭിന്നശേഷിക്കാർക്കും സൗകര്യങ്ങൾ 

ഭിന്നശേഷിയുള്ള കുട്ടികൾക്കു സുരക്ഷിതമായ ഉല്ലാസത്തിനു സ്പെഷൽ ഊഞ്ഞാൽ ഒരുക്കിയിട്ടുണ്ട്. ബെൽറ്റിട്ടു സുരക്ഷിതമാക്കിയാൽ‌ ധൈര്യത്തോടെ ആടാം. ഭിന്നശേഷി സൗഹൃദ ശുചിമുറിയും കയറാൻ പ്രത്യേക റാംപും ഉണ്ട്. കളിയിടങ്ങളിൽ പ്രത്യേക റാംപ് എന്ന ആശയം ഉണ്ടായിരുന്നെങ്കിലും  പാർക്ക് ഒറ്റനിരപ്പിലായതിനാൽ ആവശ്യം വന്നില്ല. 

thrissur-pavement
പാർക്കിൽ പുതുതായി നിർമിച്ച നടപ്പാത.

∙ ലേറ്റ് ബട്ട് ലേറ്റസ്റ്റ്...?

നവീകരിച്ച നെഹ്റു പാർക്കിന്റെ മുഖ്യ ആകർഷണമാകേണ്ടത് മ്യൂസിക്കൽ–ലൈറ്റ് ഷോ ഫൗണ്ടനാണ്. നവീകരണത്തിന്റെ 3 ഘട്ടങ്ങളിൽ ആദ്യത്തേതിൽ തീരേണ്ടതായിരുന്നു ഫൗണ്ടൻ. മറ്റു ഘട്ടങ്ങൾ പൂർത്തിയായിട്ടും ഫൗണ്ടനും ഗ്യാലറിയും മാത്രമാണു സജ്ജമായത്. മ്യൂസിക്–ലൈറ്റ് സംവിധാനങ്ങളുടെ പണി തുടങ്ങാനിരിക്കുന്നതേ ഉള്ളൂ. 26ന് പണികൾ ആരംഭിക്കും. 23 ദിവസം  നീളും. രജനി സ്റ്റൈൽ ഡയലോഗ് പോലെ ലേറ്റായാലും ലേറ്റസ്റ്റ് മ്യൂസിക്കൽ–ലൈറ്റ് ഷോ വരുമെന്ന പ്രതീക്ഷയിലാണു കാത്തിരിപ്പ്. 

താളത്തിനൊത്ത് തുള്ളുന്ന വെള്ളത്തുള്ളികൾ, തുള്ളിക്കു നിറംചാർത്തുന്ന എൽഇഡി പ്രകാശവിതാനം. ചുറ്റുമുള്ള ഗ്യാലറിയിൽ ഇരുന്ന് വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും താളത്തിരയിളക്കം കാണാം. വടക്കേച്ചിറയിൽ നിന്നാണു വെള്ളമെടുക്കുന്നത്. 40 ലക്ഷമാണ് നിർമാണ ചെലവ്. ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണു നിർമാണച്ചുമതല. 

thrissur-foundain
പണി പൂർത്തിയാകാത്ത ഫൗണ്ടൻ.

∙ പുൽത്തകിടി, വെളിച്ചത്തിന് എൽഇഡി 

വിശ്രമിക്കാൻ ഗ്രാനൈറ്റ് വിരിച്ച ഇരിപ്പിടങ്ങളും പുൽത്തകിടിയും നിർമിച്ചിട്ടുണ്ട്. നടപ്പാതയ്ക്കു ചുറ്റുമായി എൽഇഡി പ്രകാശ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ നിലവിലെ 6 ഹൈമാസ്റ്റ് ലൈറ്റുകളും പ്രകാശം പരത്തും. വൈദ്യുതിക്കായി 2 സെറ്റ് സോളർ പാനലുകളും സ്ഥാപിക്കും. പുൽത്തകിടികളിൽ തുള്ളി നന സംവിധാനവും ഒരുക്കും.

സുരക്ഷയ്ക്കായി പാർക്കിന്റെ ചുറ്റും സിസിടിവി ക്യാമറകളും സ്ഥാപിക്കും. 50 സുരക്ഷാ ജീവനക്കാരും ഉണ്ടാകും. റിഫ്രഷ്മെന്റ് സെന്ററും പണിയും. നടത്തിപ്പു ചുമതല കുടുംബശ്രീ പോലുള്ള സർക്കാർ സംവിധാനങ്ങൾക്കു നൽകാനാണ് ആലോചിക്കുന്നത്. ഓപ്പൺ എയർ സ്റ്റേജ്, മിനി റൗണ്ട് ട്രെയിൻ എന്നിവ  അവസാനഘട്ടത്തിൽ സജ്ജമാക്കാനും ലക്ഷ്യമിടുന്നുണ്ട്. 

∙ 3 ഘട്ടങ്ങൾ; 2.63 കോടി

കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 3 ഘട്ടങ്ങളിലായാണു നവീകരണം നടത്തിയത്. 2.63 കോടി രൂപയാണു ചെലവ്.  50% കേന്ദ്ര സർക്കാരും 30% സംസ്ഥാന സർക്കാരും 20% കോർപറേഷനും വഹിക്കും. പാർക്ക് നവീകരണ കമ്മിറ്റി അധ്യക്ഷനും കൗൺ‌സിലറുമായ സി.പി. പോളിയുടെ നേതൃത്വത്തിലാണു നവീകരണ പ്രവൃത്തികൾ. 

നെഹ്റു വന്ന പാർക്ക്

തേക്കിൻകാട് മൈതാനത്ത് കുട്ടികൾക്കായി പണികഴിപ്പിച്ച പാർക്കിന്റെ ശിലാസ്ഥാപനം നടത്തിയത് അന്ന് പ്രധാനമന്ത്രിയായിരുന്ന ജവാഹർ ലാൽ നെഹ്റുവാണ്. 1957 ഫെബ്രുവരി 25ന് അദ്ദേഹം പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. മൈതാനത്ത് തിങ്ങിനിറഞ്ഞിരുന്ന അയ്യായിരത്തോളം കുരുന്നുകൾ ‘ചാച്ചാ നെഹ്റു സിന്ദാബാദ്’ എന്ന് ആർപ്പുവിളിച്ചുകൊണ്ടാണു പ്രധാനമന്ത്രിയെ വരവേറ്റത്. 20 മിനിറ്റോളം അദ്ദേഹം കുട്ടികളുമായി ചെലവഴിക്കുകയും ചെയ്തു. ‍

ഉദ്ഘാടനം ഇന്ന്

നവീകരിച്ച നെഹ്റു പാർക്കിന്റെ ഉദ്ഘാടനം ഇന്ന് 5നു മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. സൈക്കിൾ ട്രാക്ക് ചീഫ് വിപ്പ് കെ. രാജനും ജോഗിങ് ട്രാക്ക് ടി.എൻ. പ്രതാപൻ എംപിയും ഉദ്ഘാടനം ചെയ്യും. ഓപ്പൺ ജിംനേഷ്യം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനനും പുതിയ കളിയുപകരണങ്ങൾ ജവാഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി. കൃഷ്ണൻകുട്ടിയും ഉദ്ഘാടനം ചെയ്യും. മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama