go

ടാപ്പിലൂടെ ചാടിയെത്തി അപൂർവ ഇനം മത്സ്യം; കൗതുകം തീരുന്നില്ല...

tcr-fish
ചെറുവാൾ സ്വദേശിക്കു ലഭിച്ച ഇന്ത്യൻ ബ്ലൈൻഡ് ക്യാറ്റ് ഫിഷ്
SHARE

പുതുക്കാട് ∙ കിണറ്റിൽ നിന്ന് പമ്പ് ചെയ്ത വെള്ളത്തോടൊപ്പം വിരുന്നെത്തിയത് അപൂർവ ഇനം മത്സ്യമാണെന്ന് തിരിച്ചറിഞ്ഞതിന്റെ കൗതുകത്തിലാണ് ചെറുവാൾ അയ്യഞ്ചിറ ഷാജിയും കുടുംബവും.  ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ബ്ലൈൻഡ് ക്യാറ്റ് ഫിഷ് എന്ന മത്സ്യമാണ് ഇവർക്കു ലഭിച്ചത്. പൂച്ചമത്സ്യമെന്നും വിളിക്കും.കിണറ്റിൽ നിന്നും ടാങ്കിലേക്കു വെള്ളം പമ്പ് ചെയ്തശേഷം പൈപ്പിലൂടെയാണു മത്സ്യം പുറത്തെത്തിയത്. ചുവപ്പു നിറവും മീശയും ശരീരത്തിനുചുറ്റിലും മുള്ളുപോലെയുള്ള രോമങ്ങളും മീനിനെ ആകർഷകമാക്കുന്നു.

6 സെന്റീ മീറ്ററോളമാണു നീളം. കഴിഞ്ഞ ദിവസം വാർത്തയായ ഭൂഗർഭ വരാൽ ആണെന്ന സംശയത്തിൽ കൊച്ചിയിലെ നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സസ് അധികൃതരെ വിവരമറിയിച്ചു.ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ടതാണെന്ന് ഇവർ സ്ഥിരീകരിച്ചു. കൂടുതൽ പഠനത്തിനായി മത്സ്യത്തെ ഇവർക്കു കൈമാറി.ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ഇനത്തിൽപ്പെട്ട 3 മത്സ്യം മാത്രമാണ് ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒന്നു കോട്ടയത്തും മറ്റു രണ്ടും തൃശൂർ ജില്ലയിലുമാണ്. ഭൂഗർഭജല മത്സ്യമായ ഇവയെ ചെങ്കല്ലിലെ സുഷിരങ്ങളിലെ ജലത്തിലാണു പ്രധാനമായും കാണുന്നത്. കണ്ണില്ലാത്ത ജീവിയാണ്. തൊലിപ്പുറത്തുകൂടിയാണ് ശ്വസിക്കുന്നത്.   പൂച്ചയുടേതെന്ന പോലെ മീശ രോമങ്ങൾ ഉള്ളതിനാലാണ് ഇവയെ പൂച്ചമത്സ്യം എന്നു വിളിക്കുന്നത്.

ചെറുവാളിനു സമീപം പറപ്പൂക്കരയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കൊതുകിന്റെ ലാർവ, ചെറിയ മണ്ണിരകൾ എന്നിവയാണ് ഭക്ഷണം. ഭൂമിക്കടിയിലെ സമ്മർദങ്ങളാകാം ഭൂഗർഭ ജലത്തിൽ നിന്ന് ഇവയെ പുറന്തള്ളുന്നതെന്ന് ഹോറാഗ്ലാനിസ് വർഗത്തിൽപ്പെട്ട മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന കൊച്ചി തേവര കോളജ് സുവോളജി വിഭാഗം അസി. പ്രഫസർ മോൻസി വിൻസന്റ് പറഞ്ഞു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama