go

സിനിമ സംവ‍ിധായകനെ 'മുഖംമൂടി സംഘം' തട്ടിക്കൊണ്ടുപോയി; ഭാര്യയ്ക്കു മർദനം

thrissur-car-attack
നിഷാദിന്റെ കാർ ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുന്നു.
SHARE

തൃശൂർ ∙ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സിനിമ ഒറ്റഷോട്ടിൽ ചിത്ര‍ീകരിച്ച് ശ്രദ്ധേയനായ യുവസംവിധായകൻ നിഷാദ് ഹസനെ (30) കാറിലെത്തിയ അക്രമിസംഘം തട്ടിക്കൊണ്ടുപോയി. പിന്നീട് കൊടകരയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാര്യ കൂർക്കഞ്ചേരി സ്വദേശി പ്രതീക്ഷയെ (28) മർദിച്ച ശേഷമാണ് നിഷാദുമായി സംഘം കടന്നുകളഞ്ഞത്. നിഷാദ് സംവിധാനം ചെയ്ത ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമ റിലീസ് ചെയ്തതിനു പിന്നാലെയാണു സംഭവം.

നിഷാദ് ഹസൻ, പ്രതീക്ഷ
നിഷാദ് ഹസൻ, പ്രതീക്ഷ

സിനിമയുടെ മുൻ നിർമാതാവിനെതിരെ നിഷാദ് ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയും മുൻപേയാണ് തട്ടിക്കൊണ്ടുപോകൽ. അതേസമയം, സംഭവത്തിൽ അവ്യക്തതയും ദുരൂഹതയുമുള്ളതായ‍ി പൊലീസ് കരുതുന്നു.പറപ്പൂർ മുള്ളൂർക്കായലിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം.

ഗുരുവായൂർ ക്ഷേത്രത്തിലും പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലും ദർശനം നടത്താൻ കാറിൽ പുറപ്പെട്ടതായിരുന്നു നിഷാദും ഭാര്യയും. മുള്ളൂർക്കായൽ പരിസരത്ത് എത്തിയപ്പോൾ മറ്റൊരു കാർ ഇവരെ മറികടന്നു റോഡിനു കുറുകെ നിർത്തി. മുഖംമൂടി ധരിച്ച മൂന്നുപേർ കാറിൽ നിന്നിറങ്ങി നിഷാദിനെ റോഡിലിട്ടു മർദിച്ചു. തടയാൻ ശ്രമിച്ച ഭാര്യയെയും അക്രമികൾ മർദിച്ചു.

നിഷാദിനെ കാറിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തു. പ്രതീക്ഷ ഫോണിൽ അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിഷാദും ഇതേ സിനിമയുടെ മുൻ നിർമാതാവുമായി തർക്കങ്ങളുണ്ടായിരുന്നു. ഒരുഘട്ടത്തിൽ റ‍ിലീസ് തടസപ്പെടുന്ന നിലയ‍ിലേക്കു വരെ തർക്കം നീണ്ടതായി ഭാര്യ പൊലീസിന‍ു മൊഴിനൽകി. പുതിയ നിർമാതാവ് ഏറ്റെടുത്തതോടെയാണ് ചിത്രം തിയറ്ററിലെത്തിയത്.

ചൊവ്വാഴ്ച നിഷാദും സുഹൃത്തുക്കളും ചേർന്നു ഫെയ്സ്ബുക് ലൈവിലൂടെ മുൻ നിർമാതാവിനെതിരെ പ്രതികരിച്ചിരുന്നു. തങ്ങളുടെ സിനിമയെ തകർക്കാൻ മുൻ നിർമാതാവ് ശ്രമിക്കുന്നുവെന്നായിരുന്നു ലൈവിന്റെ ഉള്ളടക്കം. ഇതിനു പിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ. പേരാമംഗലം സിഐ രാജേഷ് കെ. മേനോന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, അന്വേഷണം പുരോഗമിക്കുന്തോറും പൊരുത്തക്കേടുകൾ ഉയർന്നുവരുന്നതു പൊലീസിനെയും കുഴക്കുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama