go

യെലോ ‌ക്യാബ് വരവായി; ഇനി യെലോ അലർട്ട്!

thrissur-yellow-alert
യെലോ ക്യാപിന്റെ മാതൃക.
SHARE

തൃശൂർ ∙ ഇനിയിപ്പോൾ ‘ടാാ...സ്കി വിളിയെടാ’ എന്ന് മറ്റുള്ളവരോടു തൊണ്ടപൊട്ടി വിളിച്ചു പറയേണ്ട കാര്യമില്ല തൃശൂർ ഗഡീസിന്. റോഡിൽ നിന്നു‘ടാക്സീ’ എന്നൊന്നു ൈകകാട്ടി വിളിച്ചാൽ സവാരി റെഡി.ബീക്കൺ ലൈറ്റു പോലെ മഞ്ഞ ടാക്സി ബോർഡ് ഘടിപ്പിച്ച കാറുകൾ നഗര നിരത്തുകൾ കീഴടക്കാനെത്തുന്നു. ഡ്രൈവേഴ്സ് കൂട്ടായ്മയിൽ രൂപീകരിച്ച കോൾ ടാക്സി സർവീസായ യെലോ പ്രൈം ക്യാബ്സ് എന്ന തൊഴിലാളിക്കൂട്ടായ്മയുടെ നിയന്ത്രണത്തിലാണു തൃശൂരിൽ യെലോ ടാക്സി സേവനം യാഥാർഥ്യമാകുന്നത്.

യെലോ ‘ടാക്സി’ ബോർഡുള്ള കാറുകളെ‍ നഗരത്തിൽ എല്ലായിടത്തും ഏതു സമയത്തും യാത്രക്കാർക്ക് ആശ്രയിക്കാം. കേരള സർക്കാർ ഉത്തരവു പ്രകാരമുള്ള നിലവിലെ താരിഫ് അനുസരിച്ചുളള തുക മാത്രം കൊടുത്താൽ മതി.രാത്രി കാലത്തോ വാഹന ലഭ്യതക്കുറവു കൊണ്ടോ നിരക്കിൽ വ്യത്യാസം ഉണ്ടാകില്ല. എല്ലാ ദിവസവും 24 മണിക്കൂറും സേവനം ലഭിക്കുമെന്നു മാത്രമല്ല സ്ത്രീകൾക്കു വനിതാ ഡ്രൈവർമാരുടെ സേവനവും ലഭിക്കും. തൃശൂരിൽ ഇന്ന് ടാക്സികൾ ഓടിത്തുടങ്ങും.

∙ ആദ്യം 100 ടാക്സി

നിലവിൽ 100 വാഹനങ്ങളാണ് പരീക്ഷാണാർഥം തൃശൂരിൽ സജ്ജമാക്കുന്നത്. ടാക്സി എല്ലാവർക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 10% മുതൽ 20% വരെ നിരക്കിൽ ഇളവു ലഭിക്കും.50% ഓൺലൈൻ ടാക്സികളും 50% പരമ്പരാഗത ടാക്സികളുമാണ് ഈ സംരംഭത്തിലുള്ളത്.പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കം ഓണേഴ്സ് ടാക്സികളായതിനാൽ സുരക്ഷിതത്വവും ഉറപ്പ്. തൊഴിലാളികളുടെ കോൾ ടാക്സി സർവീസായ സവാരി ക്യാബ്സിനു നേതൃത്വം കൊടുക്കുന്ന ഷാജോ ജോസിന്റെ മേൽനോട്ടത്തിൽ തന്നെയാണു യെല്ലോ ക്യാബ്സിന്റെ തൃശൂരിലെയും പ്രവർത്തനം.നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തും യെലോ ക്യാബ്സ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കൊച്ചി നഗരത്തിൽ 400 യെലോ ടാക്സികൾ സർവീസ് നടത്തുന്നുണ്ട്.

∙ 24 മണിക്കൂർ സേവനം

ടോൾ ഫ്രീ നമ്പർ 756–100–0002 വിളിച്ചാൽ 24 മണിക്കൂർ സേവനം തൃശൂരിൽ എവിടെയും ലഭിക്കും. വെബ്സൈറ്റ് വഴിയും ഇന്റർ–സിറ്റി, ലോക്കൽ, ഔട്ട്–സ്റ്റേഷൻ, പാക്കേജ് ടാക്സി എന്നിങ്ങനെ വിവിധ തരത്തിൽ ബുക്ക് ചെയ്യാനും സാധിക്കും.

എയർപോർട്ട് സർവീസുകൾ 1,399 രൂപ മുതൽ ലഭ്യമാണ്. തൃശൂരിൽ 30 ഹോട്ടലുകളുമായി സഹകരിച്ച് എയർപോർട്ട് സർവീസും ഉടൻ തുടങ്ങും. മണിക്കൂർ വ്യവസ്ഥയിലും ടാക്സി വാഹനങ്ങൾ ബുക്ക് ചെയ്യാം.

∙ യെലോ സ്ഥലങ്ങൾ

തൃശൂർ ജില്ലയിൽ നിലവിൽ 16 സ്ഥലങ്ങളിലാണ് യെലോ ടാക്സി സേവനം ലഭിക്കുക. തൃശൂർ, ചാലക്കുടി, വടക്കാഞ്ചേരി, ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, വരന്തരപ്പിള്ളി, കുന്നംകുളം, തൃപ്രയാർ, വാടാനപ്പള്ളി, കാഞ്ഞാണി, പാവറട്ടി, പുതുക്കാട്, മണ്ണുത്തി, പട്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ടാക്സി സേവനം ലഭ്യമാകും.

∙ തിരിച്ചറിയാൻ എളുപ്പം

വാഹനത്തിനു മുകളിൽ യെലോ (മഞ്ഞ) നിറത്തിൽ ടാക്സി ലൈറ്റ് ബോർഡ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളാണ് യെലോ ക്യാബിൽ അംഗങ്ങളായുള്ളത്. ലൈറ്റ് ബോർഡ് ഉള്ളതുകൊണ്ട് യാത്രക്കാർക്ക് എളുപ്പത്തിൽ വാഹനം തിരിച്ചറിയാൻ സാധിക്കും. മുബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ യെലോ ടാക്സി സംവിധാനം വൻ വിജയമാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama