go

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കോർപറേഷൻ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു

thr-building
തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം സ്വരാജ് റൗണ്ടിൽ നിൽക്കുന്ന മുനിസിപ്പൽ കെട്ടിടത്തിന്റെ പുറകുവശം ഇടിഞ്ഞ് വീണതിനെ തുടർന്ന് കോർപറേഷൻ അധികൃതർ കെട്ടിടം പൊളിച്ചുനീക്കാൻ ആരംഭിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ നഗരത്തിൽ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കോർപറേഷൻ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. ഹൈറോഡിൽ നിന്നു സ്വരാജ് റൗണ്ടിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ക്ഷേമവിലാസം കുറീസ്, കൊച്ചിൻ കുറീസ്, ഓറിയന്റൽ കുറീസ് അടക്കം നൂറ്റാണ്ടുപഴക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഭാഗമാണ് നിലം പതിച്ചത്. അപകടസാധ്യത മുൻനിർത്തി കെട്ടിടം മുഴുവനായി പൊളിച്ചു നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

 മൂന്നു നിലകളുള്ള ഈ കെട്ടിടത്തിൽ 28 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എലൈറ്റ് മെഡിക്കൽസിനു മുകളിൽ പ്രവർത്തിക്കുന്ന ഹോമിയോ ക്ലിനിക്കും മൂന്നാം നിലയിലെ മേൽക്കൂരയുമാണു  തകർന്നത്. ഞായറാഴ്ചയായതിനാൽ ആളപായം ഒഴിവായി. ഫുട്പാത്തിൽ കിടന്നുറങ്ങിയിരുന്ന ആനക്കല്ല് മാടമ്പി പരേതനായ വേലായുധന്റെ ഭാര്യ പാറുക്കുട്ടി (70) ശബ്ദം കേട്ട് ഓടിമാറുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഹൈറോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.

കെട്ടിടത്തിന്റെ ജീർണാവസ്ഥയും പൊതുജന സുരക്ഷയും കണക്കിലെടുത്ത് ജില്ലാ ഭരണകൂടം കോർപറേഷന്റെയും പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സഹകരണത്തോടെ ഉച്ചയോടെ കെട്ടിടം പൊളിച്ചു നീക്കാൻ തുടങ്ങി.കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ വൈദ്യുത കമ്പി താഴേക്കു പതിച്ച് ബൈക്ക് യാത്രികനു പരുക്കേറ്റു.   കടയുടമകൾ പലരും കടയിലെ സാധനങ്ങൾ മാറ്റി. നിലവിൽ താഴത്തെ നിലയിലെ കടകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.

കെട്ടിടനിർമാണ ചട്ടം പാലിച്ചു തൃശൂരിന്റെ പൈതൃകം നിലനിർത്തുന്ന പുതിയ കെട്ടിടം കോർപറേഷന്റെയും വ്യാപാരികളുടെയും സഹകരണത്തോടെ നിർമിക്കുമെന്നു സ്ഥലം സന്ദർശിച്ച മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മന്ത്രി മൊയ്തീനും സ്ഥലം സന്ദർശിച്ചു. രാത്രി വൈകിയും തുടരുന്ന പൊളിക്കലിനു ലീഡിങ് ഫയർമാൻ അനിൽകുമാർ, ഫയർമാൻ ഡ്രൈവർ കെ.എൽ.എഡ്വേർഡ്, ഫയർമാൻമാരായ രമേഷ്, നവനീത് കണ്ണൻ, വിനീത്, ഹോം ഗാർഡ് ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama