go

എപ്പോൾ വിളിച്ചാലും ഒരൊറ്റ മണിക്കൂറിനകം എത്താം; ഉറച്ച വാക്കു നൽകി മത്സ്യത്തൊഴിലാളികൾ

thrissur-chalakkudy-fisherman
കരുതലായ് കാവലുണ്ട്.....: ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിച്ച 5 ബോട്ടുകളിൽ രണ്ടെണ്ണം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് വളപ്പിൽ. മറ്റു ബോട്ടുകളും മത്സ്യത്തൊഴിലാളികളും എപ്പോൾ വിളിച്ചാലും തിരികെയെത്താമെന്ന വാക്കുമായി മടങ്ങി.
SHARE

ചാലക്കുടി ∙ എപ്പോൾ വിളിച്ചാലും ഒരൊറ്റ മണിക്കൂറിനകം മടങ്ങിയെത്താമെന്ന ഉറച്ച വാക്കു നൽകി മത്സ്യത്തൊഴിലാളികൾ മടങ്ങി. ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിച്ച 5 ബോട്ടുകളിൽ മൂന്നെണ്ണവും തിരികെക്കൊണ്ടുപോയി. രണ്ടെണ്ണം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് വളപ്പിൽ കരുതലുമായി ഉണ്ട്. 34 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പെരുന്നാൾ ആഘോഷത്തിനായി ഇവർ നാട്ടിലേക്കു മടങ്ങി. 

ജില്ലയിൽ മരണം അഞ്ച്; 42,176 പേർ ക്യാംപിൽ

തൃശൂർ ∙ വെള്ളക്കെട്ടിൽ വീണ് 2പേർ കൂടി മരിച്ചതോടെ ജില്ലയിൽ മഴയിലും വെള്ളപ്പൊക്കത്തിലും ജീവൻ പൊലിഞ്ഞവരുടെ എണ്ണം അഞ്ചായി. ഇന്നലെ ഒരു വീട് പൂർണമായും അഞ്ചു വീടുകൾ ഭാഗികമായും തകർന്നു. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ട് തുടരുന്നു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പു താഴ്ന്നതിനാൽ ത‍ീരമേഖലകളിൽ പാർക്കുന്നവർ ക്യാംപുകളിൽ നിന്നു വീടുകളിലേക്കു മടങ്ങിത്തുടങ്ങി. അതേസമയം, കുറുമാലിപ്പുഴയിലെ റഗുലേറ്ററുകളിൽ മരം കുടുങ്ങി ഒഴുക്കു തടസ്സപ്പെട്ടതോടെ വെള്ളപ്പൊക്കത്തിന്റെ ആക്കം കൂടി.

മഴ ശമിക്കുകയും പുഴകളിലെ ജലനിരപ്പ് താഴുകയും ചെയ്തത് ദുരിതത്തിന്റെ തീവ്രത കുറച്ചെങ്കിലും ഗ്രാമീണ മേഖലകളിൽ വെള്ളപ്പൊക്കത്തിൽ റോഡുകൾ ഒറ്റപ്പെട്ട നിലയിലാണ്. മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചേലക്കര, പഴയന്നൂർ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ദുരിതത്തിനു നേരിയ ശമനമുണ്ടെങ്കിലും കയ്പമംഗലം അടക്കമുള്ള തീരദേശ മേഖലകളിൽ വെള്ളപ്പൊക്കം തുടരുകയാണ്. പാവറട്ടി എളവള്ളി മേഖലയിൽ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവുകൂടി. മുല്ലശേരി മതുക്കര തുരുത്ത് ഒറ്റപ്പെട്ടു.

കുറുമാലിപ്പുഴയോരത്ത് കരകവിയൽ തുടരുന്നതുമൂലം കരയാംപാടം പാടശേഖരത്തിലെ നൂറേക്കർ നെൽക്കൃഷി വെള്ളത്തിലായി.

മഴയും മണ്ണിടിച്ചിലും നാശം വിതച്ച വയനാട്ടിലേക്ക് ഗവ. മെഡിക്കൽ കോളജിൽ നിന്നു പ്രത്യേക മെഡിക്കൽ സംഘം പുറപ്പെട്ടു. വൈദ്യസഹായം എത്താത്ത ഇടങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനം നടത്തുകയാണ് ദൗത്യം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 500 യുവതീയുവാക്കളെ ഉൾപ്പെടുത്തി വൊളന്റിയർ സ്ക്വാഡ് രൂപ‍ീകരിച്ചു.

ജില്ലയിൽ 251 ക്യാംപുകൾ തുറന്നു. 12,590 കുടുംബങ്ങളിലായി 42,176 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. ഇതിൽ 7,432 കുട്ടികളുമുണ്ട്. ഏറ്റവും കൂടുതൽ ക്യാംപുകൾ ഉള്ളത് തൃശൂർ താലൂക്കിലാണ്. 73 എണ്ണം. 10 ക്യാംപുകളുള്ള കുന്നംകുളം താലൂക്കിലാണ് ഏറ്റവും കുറവ് ദുരന്തബാധിതരുള്ളത്.

പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറഞ്ഞു

‌തൃശൂർ ∙ പെരിങ്ങൽക്കുത്ത് ഡാമിൽ നീരൊഴുക്കു കുറഞ്ഞതിനെ തുടർന്നു ജലനിരപ്പ് കുറഞ്ഞു. ഇതോടെ ഡാമിന്റെ 7 ക്രെസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്കു ജലം ഒഴുകിയിരുന്നതു നിലച്ചു. നിലവിൽ ഡാമിന്റെ 4 സ്ലൂസ് ഗേറ്റുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് ജലം പുഴയിലേക്ക് ഒഴുകുന്നത്. ഇന്നലെ വൈകിട്ട് 6 മണിക്കു ഡാമിൽ സംഭരണ ശേഷിയുടെ 58.6 ശതമാനം മാത്രം ജലമാണുള്ളത്. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 418.95 മീറ്ററാണ്. ഇന്നലെ ഉച്ച 2 മണിയോടെയാണ് ക്രെസ്റ്റ് ഗേറ്റുകളിലൂടെയുള്ള ജലമൊഴുക്കു നിലച്ചത്.

നീരൊഴുക്കു കുറഞ്ഞാൽ ഇപ്പോൾ തുറന്ന 2 സ്ലൂസ് ഗേറ്റുകളും അടയ്ക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം നിറഞ്ഞതിനെത്തുടർന്നു വെള്ളം പറമ്പിക്കുളം ഡാമിലേക്കു തുറന്നു വിട്ടെങ്കിലും പറമ്പിക്കുളം ഡാമും കേരളത്തിലെ ലോവർ ഷോളയാർ ഡാമും പകുതി പോലും നിറഞ്ഞിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.

ജലനിരപ്പേറി ഡാമുകൾ, ആശങ്ക വേണ്ട

തൃശൂർ ∙ ജില്ലയിലെ ഡാമുകളിൽ അതിവേഗം ജലനിരപ്പേറുന്നുണ്ടെങ്കിലും ആശങ്കയ്ക്കു വകയില്ല. പറമ്പിക്കുളം, കേരള ഷോളയാർ ‍ഡാമുകളിൽ നിന്നുള്ള വെള്ളം ചാലക്കുടിപ്പുഴയിലെത്തിയാൽ വീണ്ടും പ്രളയമുണ്ടാകുമെന്ന ആശങ്കയും അടിസ്ഥാന രഹിതം. പറമ്പിക്കുളവും കേരള ഷോളയാറും ഉടനെ നിറയാൻ സാധ്യതയില്ല. തമിഴ്നാട് ഷോളയാറിൽ നിന്നു പറമ്പിക്കുളത്തേക്കു തിരിച്ചുവിട‍ുന്ന വെള്ളം അവിടെ തന്നെ സംഭരിക്കുകയും ചെയ്യും. മറ്റു ഡാമുകളൊന്നും നിറയുന്ന അവസ്ഥയില്ല.

ഓറഞ്ച് അലർട്ട് പിൻവലിച്ചു

തൃശൂർ ∙ ദിവസങ്ങളോളം നിന്നുപെയ്തതിനു ശേഷം ജില്ലയിൽ മൺസൂൺ മഴയുടെ തീവ്രത കുറയുന്നു. ഓറഞ്ച് അലർട്ട് പിൻവലിച്ചെങ്കിലും തീവ്രത കുറഞ്ഞ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 15 മുതൽ 64 മില്ലീമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama