go

ഈ ദുരിതങ്ങളോടും ഒറ്റക്കെട്ടായ് പൊരുതും, ജയിക്കും നമ്മൾ

thrissur-sholayar-dam
അതിരപ്പിള്ളി ഷോളയാർ ഡാമിൽ നിന്നുള്ള കാഴ്ച. ഇവിടെ വെള്ളം 2630 അടിയാണുള്ളത്. ഡാമിന്റെ സംഭരണ ശേഷി പരമാവധി 2663 അടിയാണ്.
SHARE

കൊരട്ടി∙  മഴ തോർന്നതോടെ വെള്ളക്കെട്ടൊഴിവായ പ്രദേശങ്ങളിലുള്ളവരിൽ പലരും ക്യാംപിൽ നിന്ന് മടങ്ങി. വെള്ളക്കെട്ടിറങ്ങിയ  റോ‍ഡുകളിൽ ഇന്നലെ വൈകിട്ടോടെ വെള്ളം ഇറങ്ങിയതോടെ ഗതാഗതം പുന:രാരംഭിച്ചു. കാടുകുറ്റി പഞ്ചായത്തിലെ അമ്പഴക്കാട് സെന്റ് തോമസ് എൽപിഎസ്, അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ, വാളൂർ നായർ സമാജം ഹൈസ്‌കൂൾ, കല്ലൂർ സെന്റ് ജോർജ് എൽപിഎസ് എന്നിവിടങ്ങളിലും മേലൂരിലെ സെന്റ് ജോൺസ് സിയുപിഎസ്, മുരിങ്ങൂർ സെൻ് ജോസഫ്‌സ്, കൊരട്ടിയിലെ ആറ്റപ്പാടം എസ്‌കെഎംഎൽപിഎസ് എന്നിവിടങ്ങളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. പലരും ക്യാംപിൽ പേരുകൾ റജിസ്റ്റർ ചെയ്ത ശേഷം വീടുകളിലേക്ക് മടങ്ങിയതായും പറയപ്പെടുന്നു.

മാള ∙ കഴിഞ്ഞ ദിവസങ്ങളിലായി തുടർന്നിരുന്ന മഴയ്ക്ക് ചെറിയ ശമനമായതോടെ അന്നമനട, കുഴൂർ, പൊയ്യ പ്രദേശങ്ങളിൽ വെള്ളമിറങ്ങി‌ത്തുടങ്ങി. ഇതോടെ ക്യാംപുകളിൽ ഉണ്ടായിരുന്ന ഏതാനും കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. അന്നമനട പഞ്ചായത്തിൽ ആരംഭിച്ച വെസ്റ്റ് കൊരട്ടി എൻയുപി സ്കൂളിലെ ക്യാംപ് സമാപിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപായ മേലഡൂരിലെ ക്യാംപിൽ നിന്ന് ഏതാനും കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. പൊയ്യയിലും ജനം വീടുകളിലേക്ക് മടങ്ങുന്ന കാഴ്ചയുണ്ട്.

പടിയൂർ പഞ്ചായത്തിലെ ചരുന്തറ പ്രദേശത്തുനിന്ന് കിടപ്പു രോഗികളെ മാറ്റുന്നു.
പടിയൂർ പഞ്ചായത്തിലെ ചരുന്തറ പ്രദേശത്തുനിന്ന് കിടപ്പു രോഗികളെ മാറ്റുന്നു.

കുഴൂർ പഞ്ചായത്തിലെ കുണ്ടൂർ, ആലമിറ്റം, മുത്തുകുളങ്ങര, തിരുത്ത, ചെത്തിക്കോട്, എരവത്തൂർ, കൊച്ചുകടവ് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളത്തിന് കുറവ് വന്നിട്ടുണ്ട്.

വീട്ടിലേക്ക് മടങ്ങാനാകാതെ

ഇരിങ്ങാലക്കുട ∙ മേഖലയിൽ ഇന്നലെ മഴ കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു ജനങ്ങൾ വീടുകളിലേക്ക് പോയി തുടങ്ങിയില്ല. നഗരസഭയിൽ നിലവിൽ 6 ക്യാംപുകളിലായി 1481 പേരുണ്ട്. ഏറ്റവും കൂടുതൽ പേർ ദുരിതം നേരിടുന്ന  പടിയൂർ പ‍ഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നു  വെള്ളമിറങ്ങി തുടങ്ങി. മുകുന്ദപുരം താലൂക്കിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപായ എട‌തിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിൽ ഇന്നലെ 345 കുടുംബങ്ങളിൽ നിന്നുള്ള 1500 ഓളം പേരുണ്ട്. നടൻ ടെ‌ാവീനൊ തോമസ് ഇന്നലെ ക്യാംപിലെത്തി. 

വെള്ളമിറങ്ങിയെങ്കിലും താണിശ്ശേരി ഹരിപുരം ബണ്ടിലെ ചോർച്ച പൂർണമായും അ‌ടയ്ക്കാത്തതിനാൽ എടതിരി‍ഞ്ഞി ക്യാംപിലുള്ളവർ വീടുകളിലേക്ക് പോകാൻ മടിക്കുകയാണ്. ഹരിപുരം ബണ്ടിന്റെ ഇടിഞ്ഞ ഭാഗങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പടിയൂർ, കാറളം, പൂമംഗലം പ‍ഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് എത്തുക. വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്ന് വെള്ളം മാറി തുടങ്ങിയെങ്കിലും ഒന്നാം വാർഡ് കണ്ണോളിച്ചിറ പ്രദേശത്ത് ഇപ്പോഴും വെള്ളമുണ്ട്. മുസാഫരിക്കുന്നിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ 3 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കാറളത്ത് ഇന്നലെ പുതുതായി 2 ക്യാംപുകൾ തുറന്നു. മുരിയാട്, വേളൂക്കര പഞ്ചായത്തുകളിൽ സ്ഥിതിയിൽ വലിയ മാറ്റമില്ല. ഇടയ്ക്കിടെ പെയ്യുന്ന മഴ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. ക്യാംപുകൾ സജീവമാണ്.

കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് മന്ത്രി എ.സി.മൊയ്തീൻ സന്ദർശിക്കുന്നു.
കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് മന്ത്രി എ.സി.മൊയ്തീൻ സന്ദർശിക്കുന്നു.

കൊടുങ്ങല്ലൂരിൽ  46 ക്യാംപുകൾ 12,335 പേർ

കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും മഴ കുറഞ്ഞു. വീടുകളിൽ നിന്നു വെള്ളം പൂർണമായി ഒഴുകി പോകാത്തതിനാൽ  പലരും ക്യാംപുകൾ തുടരുന്നു.46 ദുരിതാശ്വാസ ക്യാംപുകളിലായി 12,335 പേർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപുകളിലുണ്ട്.ഇന്നലെ മഴ കുറഞ്ഞതിനാൽ കനോലി കനാലിന്റെ തീരത്തെ വീടുകളിൽ വെള്ളം ഇറങ്ങി. വൈകിട്ട് വീണ്ടും  വെള്ളം ഉയർന്നിട്ടുണ്ട്. .പുല്ലൂറ്റ് ഗവ. എൽപി സ്കൂളിലെ ക്യാംപിലാണ് ഏറ്റവും കൂടുതൽ ദുരിതബാധിതരെത്തിയത്.235 കുടുംബങ്ങളിലെ 984 പേരാണ് ഇൗ ക്യാംപിലുള്ളത്. പൊക്ലായ് കെഎംഎൽപി സ്കൂളിൽ 2 കുടുംബങ്ങളെ 5 പേർ ക്യാംപിലുണ്ട്.ബൈപാസ് സർവീസ് റോഡ്, പടാകുളം – അഴീക്കോട് റോഡിൽ മാടവന പ്രാഥമിക ആരോഗ്യകേന്ദ്രം പരിസരം, അഞ്ചപ്പാലം – അഴീക്കോട് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് കുറഞ്ഞു. കഴിഞ്ഞ ദിവസം പലയിടത്തും വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിഞ്ഞിരുന്നില്ല.

ക്യാംപുകൾ സജീവം

കൊടകര∙   മൂലംകുടം സ്‌കൂൾ, പന്തല്ലൂർ സ്‌കൂൾ എന്നിവിടങ്ങളിലായി 150 ലധികരം  പേർ ക്യാംപിലുണ്ട്. കുറുമാലിപുഴയിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നതിനാൽ കനത്ത മഴപെയ്താൽ വെള്ളം ഉയരുമെന്ന ഭീതിയാണ് ക്യാംപിലുള്ളവർക്ക് . കഴിഞ്ഞവർഷം കുറുമാലിപുഴ കരകവിഞ്ഞ് ഈ പ്രദേശത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു.

മുകുന്ദപുരം താലൂക്കിൽ 54  ക്യാംപുകൾ

ഇരിങ്ങാലക്കുട ∙ മുകുന്ദപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം54 ആയി. ഇന്നലെ 6 പുതിയ ക്യാംപുകൾ ആരംഭിച്ചു. 10,170 പേരാണ്

മേല‍ഡൂരിലെ ക്യാംപിൽ 2221 പേർ

അന്നമനട ∙ മഴ ശക്തമായതോടെ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്ന് മേലഡൂർ ഗവ. സമിതി ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപിലെത്തിയത് 2221 പേർ. ജില്ലയിൽ തന്നെ ഏറ്റവും വലിയ ക്യാംപാണിതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മഴ കനത്തതോടെ കഴിഞ്ഞ 9 നാണ് ക്യാംപ് ആരംഭിച്ചത്. ആദ്യം മാമ്പ്രക്കടവ് ഭാഗത്തുനിന്നുള്ള ആളുകളാണ് എത്തിയത്. പിന്നീട് വെണ്ണൂർ, എടയാറ്റൂർ, അന്നമനട, പാലിശ്ശേരി, പൂവ്വത്തുശ്ശേരി, കുമ്പിടി, കീഴഡൂർ, മേലഡൂർ എന്നിവിടങ്ങളിൽ നിന്ന് ആളെത്തി. ഇവിടെ എത്തിയവർക്ക് സ്കൂളിന്റെയും വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama