go

എന്തിനാണീ ബണ്ട് ?

SHARE

തൃശൂർ∙ നഗരത്തിൽ ആയിരക്കണക്കിനു വീടുകളും മുല്ലശ്ശേരി,പാവറട്ടി അടക്കമുള്ള പ്രദേശങ്ങളിലും  വെള്ളക്കെട്ടിലായതു രണ്ടു വളയം ബണ്ടുകൾ പൊട്ടിക്കുന്നതിലുണ്ടായ കാല താമസം മൂലം. കൃഷി വകുപ്പുദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയാണിത്. ബണ്ട് പൊട്ടിക്കാനായി 2 എംഎൽഎമാർ നൽകിയ കത്ത് അവഗണിച്ചാണ് ഉദ്യോഗസ്ഥർ നടപടി വൈകിച്ചത്. ഇതിനുള്ള കാരണംഅവ്യക്തമാണ്. കഴിഞ്ഞ വർഷമാണു ഈ പ്രദേശത്തു  വെള്ളക്കെട്ടു തുടങ്ങിയത്. 

കോൾ കൃഷി തുടങ്ങിയ കാലം മുതൽ ഏനാമാവ്,ഇടിയഞ്ചിറ ബണ്ടുകൾ വളയം ബണ്ടുകൾ ഒക്ടോബറിൽ കെട്ടുകയും ജൂണിൽ മഴ തുടങ്ങുന്നതിനു മുൻപു പൊളിക്കുകയും ചെയ്യും.മഴ തുടങ്ങിയാൽ ഇതു പൊളിക്കാനാകില്ല.  പീച്ചി,ചിമ്മിനി,വാഴാനി ഡാമുകളിൽനിന്നു കൃഷിക്കായി തുറന്നുവിടുന്ന വെള്ളം കടലിലേക്കു പോകാതിരിക്കാൻ വേണ്ടിയാണ് ഈ ബണ്ടുകൾ െകട്ടുന്നത്. ഉപ്പുവെള്ളം കോൾ പാടത്തേക്കു തള്ളിക്കയറാതിരിക്കാനും  ഈ ബണ്ട് ഉപകരിക്കും. എല്ലാ വർഷവും ഇതു കെട്ടുകയും പൊളിക്കുകയും വേണം. ബണ്ട് പൊളിക്കാനായി മാത്രം 10 ലക്ഷം രൂപ വകയിരുത്തുന്നുണ്ട്. 

നഗരത്തിന്റെ ആശ്വാസം

നഗരത്തിനു ഈ ബണ്ടുകൾകൊണ്ടുള്ള നേട്ടം ചില്ലറയല്ല. അശ്വനി, ദേവമാത, ഗിരിജ തിയറ്റർ വഴി കടന്നുപോകുന്ന കനാലിലൂടെ നഗരത്തിലെ അഴുക്കുജലം മുഴുവൻ കനാൽവഴി പുഴയ്ക്കലിൽ എത്തുന്നു. പൂങ്കുന്നം ഭാഗത്തെ അഴുക്കുജലവും ഇതോടൊപ്പം ചേരുന്നു. ശക്തൻ നഗർ ഭാഗത്തെ മാലിന്യവും ഒഴുകിയെത്തുന്നതു കോളിനോടു ചേർന്നു കിടക്കുന്ന കനാലിലാണ്. ഈ കനാലുകൾ വഴി മലിനജലം ഒഴുകിപ്പോയില്ലെങ്കിൽ നഗരം ചീഞ്ഞുനാറും. മലിനജല ശുദ്ധീകരണത്തിനു ഒരു സംവിധാനവും നഗരത്തിലില്ല. ഈ ബണ്ടുകൾ തുറക്കുമ്പോഴാണു നഗരം ശുദ്ധീകരിക്കപ്പെടുന്നത്.  

മത്സ്യ സമ്പത്തിന്റെ കവാടം

ഈ ബണ്ടുകൾ തുറക്കുന്നതോടെയാണു ജൂണിൽ ഏറ്റുമീൻ കയറുന്നത്. തുടർന്നു കുഞ്ഞുങ്ങളുണ്ടാകുന്നതോടെ കനാലുകളിലെയും കോളിലെയും മത്സ്യ സമ്പത്തു വർധിക്കും. 2 വർഷമായി ഏറ്റുമീനില്ല. 

വെള്ളം  നഷ്ടമാകുമോ ? 

ബണ്ട് തുറക്കാതെ വച്ചാൽ വേനലിൽ നഗരത്തിലും പരിസരത്തും കൂടുതൽ വെള്ളം കിട്ടുമെന്നായിരുന്നു ചിലർ ധരിപ്പിച്ചത്. എന്നാൽ ഇതിനു അടിസ്ഥാനമില്ല.  കനാൽ തുറന്നാലും 40,000 ഏക്കർ പാടത്തു 1.5 മീറ്റർ ഉയരത്തിൽ കോളിൽ വെള്ളമുണ്ടാകും. ഇതു വലിയ സംഭരണ ശേഷിയാണ്. 

തെറ്റ്  ആവർത്തിക്കുന്നു 

കഴിഞ്ഞ തവണ ബണ്ടുകൾ പൊട്ടിക്കാൻ വൈകിയതുകൊണ്ടാണു നഗരത്തിൽ വെള്ളം കയറിയത്. ആദ്യ പ്രളയമായതിനാൽ ഉദ്യോഗസ്ഥർ അന്നു വിശദീകരിച്ചതു ബണ്ടുമായി ബന്ധമില്ല എന്നാണ്. എംഎൽഎമാരായ അനിൽ അക്കരയും മുരളി പെരുനെല്ലിയും ബണ്ടു പൊട്ടിക്കണമെന്നു ജൂണിൽ കത്തു നൽകി. അനിൽ നൽകിയ കത്തിൽ പ്രളയ ഭീഷണി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.നഗരത്തിലെ വെള്ളക്കെട്ടിന്റെ കാര്യം പ്രത്യേകിച്ചു പറയുന്നുമുണ്ട്. എന്നാൽ ജൂണിൽ പൊളിക്കേണ്ട ബണ്ട് പ്രളയം തുടങ്ങുന്നതുവരെയും പൊളിച്ചില്ല. 

പൊട്ടിച്ചത് 60  ‌ദിവസത്തിനു ശേഷം

ജൂൺ ആദ്യവാരം പൊട്ടിക്കേണ്ട ബണ്ട് ഇത്തവണ പൊട്ടിച്ചത് കഴിഞ്ഞ 9നാണ്. ഏകദേശം 60 ദിവസം വൈകി.  പ്രളയം തുടങ്ങിയതോടെ അനിൽ അക്കര  അടക്കമുള്ള ജന പ്രതിനിധികൾ ബണ്ടിലെത്തി പൊളിച്ചില്ലെങ്കിൽ ജനങ്ങൾ പൊളിക്കുമെന്നു പറഞ്ഞപ്പോഴാണു ഇരുവശത്തുമായി കുറച്ചു പൊട്ടിച്ചത്. അതുംകൂടി സംഭവിച്ചായിരുന്നുവെങ്കിൽ സ്ഥിതി ഇനിയും ഭീകരമായേനെ. ഇന്നലെവരെയും ബണ്ട് പൂർണമായും പൊളിച്ചിട്ടില്ല. 

റിയൽ എസ്റ്റേറ്റ് മാഫിയ കളിച്ചോ ?

എന്തുകൊണ്ടാണു ബണ്ട് പൊട്ടിക്കാൻ വൈകിയത്. ഇതിനു പ്രധാന കാരണമായി കരുതുന്നതു റിയൽ എസ്റ്റേറ്റു മാഫിയയുടെ കളിയാണ്.  ബണ്ട് പൊട്ടിക്കാതിരുന്നാൽ നഗരത്തിലും പരിസരത്തും വെള്ളം കയറും.

 സ്വാഭാവികമായും നഗരത്തിനു പുറത്തുള്ള പ്രദേശത്തു ഭൂമിക്കു വില ഉയരും. പുറത്തു ഭൂമിവാങ്ങിക്കൂട്ടിയ സംഘം സ്വാധീനിച്ചാണു ബണ്ടു പൊട്ടിക്കൽ വൈകിയതെന്ന  വാദം കഴിഞ്ഞ തവണതന്നെ കേട്ടിരുന്നു. ഇത്തവണ അതു ബലപ്പെടുകയാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama