go

പ്രളയസങ്കടം

thrissur news
പാലിയംതുരുത്ത് മുല്ലശേരി രാജേഷിന്റെ വീട്.
SHARE

കൊടുങ്ങല്ലൂർ ∙ കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടുകൾ മുക്കാൽ ഭാഗവും മുങ്ങിയ പ്രദേശമാണ് കൊടുങ്ങല്ലൂർ നഗരസഭയിലെ പാലിയംതുരുത്ത്. കനോലി കനാലിന്റെ തീരത്തു മുഴുവൻ വീടുകളും കഴിഞ്ഞ പ്രളയത്തിൽ മുങ്ങിയിരുന്നു. ഇക്കുറി മുട്ടിനൊപ്പം വെള്ളമെത്തി. രണ്ടു ദിവസമായി വെള്ളക്കെട്ട് തുടരുകയാണ്.

രാജേഷ്, ചുവന്ന വരയിട്ട ജീവിതം

പാലിയംതുരുത്തിൽ കൂലിപ്പണിക്കാരനായ മുല്ലശേരി രാജേഷിന്റെ വീടിന്റെ അവസ്ഥ ദയനീയമാണ്. പൂർണമായും വെള്ളത്തിൽ മുങ്ങിയ വീടുകളിലൊന്നാണ്. പ്രളയം കഴിഞ്ഞു കണക്കെടുപ്പുകളിലെല്ലാം രാജേഷിനു പുതിയ വീട് നിർമിക്കാൻ പണം ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞു.  വീടിനു പുറത്ത് പൂർണമായും താമസ യോഗ്യമല്ലാതായത് എന്നുള്ള ചുവന്ന വരയും വരച്ചു. പക്ഷേ, രാജേഷിന് ഇതുവരെ ധനസഹായം  ലഭിച്ചില്ല.  റീബിൽഡ് കേരളയുടെ അന്വേഷണ സംഘമെത്തിയപ്പോൾ‌ രാജേഷിന്റെ വീടിന്റെ വിവരങ്ങൾ ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ മൊബൈൽ ആപ് പ്രവർത്തിച്ചില്ലത്രെ. ഇതോടെ രാജേഷിന്റെ പ്രതീക്ഷകൾ മങ്ങി. ഒട്ടേറെ തവണ നിവേദനങ്ങൾ നൽകിയെന്നു മാത്രം. ഇപ്പോഴും രാജേഷിന്റെ വീട്ടിലേക്കു വെള്ളമെത്തി.

സജിനി എന്ന സങ്കടഹർജി

thrissur-sajini-house
കൊടുങ്ങല്ലൂർ പാലിയംതുരുത്ത് തേർപുരക്കൽ സജിനിയുടെ വീട്.

പാലിയംതുരുത്ത് വീരഭദ്രൻ കോവിലിനു സമീപം തേർപുരക്കൽ സജിനിയുടെ വീടിന്റെ അവസ്ഥയും ദയനീയം.കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി ഇവരുടെ വീട് വാസയോഗ്യമല്ലാതായി. സജിനിയും മകൻ ശ്രീവൽസനും അഞ്ജലിയുമാണ് ഇവിടെ താമസം. സജിനിയും ശ്രീവൽസനും മനോദൗർബല്യമുള്ളവരാണ്.  കഴിഞ്ഞ പ്രളയത്തിനു ശേഷം വീട്ടിലെത്തിയ റീ ബിൽഡ് വിദഗ്ധ സംഘത്തോട് ഇവർക്കു തങ്ങളുടെ ദുരിതം വിവരിക്കാനായില്ല. വീട് താമസ യോഗ്യമല്ലെന്നു രേഖപ്പെടുത്തിയെങ്കിലും നഗരസഭാ അധികൃതർ എത്തി മാർക്ക് നൽകി.

70 ശതമാനത്തിൽ താഴെ നാശനഷ്ടം സംഭവിച്ചുള്ളുവെന്ന്. അതോടെ പുതിയ വീട് ലഭിക്കാനുള്ള സാധ്യത ഇല്ലാതായി. പ്രത്യേകം പരിഗണിക്കേണ്ട വീട് ആയതിനാൽ കലക്ടറേറ്റിൽ നിന്നുള്ള സംഘവും ഇവിടെ പരിശോധനയ്‌ക്കെത്തി. എൻജിനീയറിങ് വിഭാഗത്തിന്റെ മറുപടി അനുകൂലമല്ലായിരുന്നു.  ഇക്കഴിഞ്ഞ ദിവസം ശൃംഗപുരം ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപിൽ മന്ത്രി എ.സി. മൊയ്തീനു മുന്നിലും ഇവർ  സങ്കടം ബോധിപ്പിച്ചു.

40 വർഷമെങ്കിലും പഴക്കമുള്ള വീട് താമസ യോഗ്യമാണെന്നാണ് വിദഗ്ധരിൽ ചിലരുടെ കണ്ടെത്തൽ. 70 ശതമാനം മാത്രമേ തകർന്നിട്ടുള്ളു എന്നാണിവർ പറയുന്നത്. ജില്ലാ കലക്ടർക്ക് അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. നഗരസഭ കൗൺസിലർ എം.എസ്. വിനയകുമാർ ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും വീടെന്ന സ്വപ്നം തട്ടിത്തെറിക്കുകയാണ്.

ബാലൻ,  ഒരു തീരാസങ്കടം

thrissur-balan-house
കൊടുങ്ങല്ലൂർ പാലിയംതുരുത്ത് വാലിപറമ്പിൽ ബാലന്റെ വീട്.

പാലിയംതുരുത്ത് വാലിപറമ്പിൽ ബാലന്റെ വീടും നിലംപതിക്കുമെന്ന സ്ഥിതിയിലാണ്. പ്രളയത്തിൽ പൂർണമായും വെള്ളം കയറുകയും വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തിക്കും വിള്ളൽ സംഭവിക്കുകയും ചെയ്ത വീട് റീ ബിൽഡ് കേരള സർവെയിൽ റെഡ് മാർക്ക് ചെയ്തിരുന്നു. വീണ്ടും മഴക്കെടുതിയെത്തിയപ്പോഴും ഇവരുടെ വീട്ടിലേക്കു വെള്ളം കയറി. ശക്തമായ കാറ്റിൽ വീട് തകർന്നു വീഴുമെന്ന ഭീതിയോടെയാണ് കുടുംബാംഗങ്ങൾ കഴിയുന്നത്.

രാധ, തകരാനില്ല ഈ വീട്

thrissur-radha
കൊടുങ്ങല്ലൂർ പാലിയംതുരുത്ത് നൈശേരി രാധയുടെ വീട്.

പാലിയംതുരുത്ത് നൈശേരി രാധയുടെ വീടാകട്ടെ പൂർണമായും തകർന്നു.  ഓലമേഞ്ഞ വീട് പ്രളയത്തിൽ മുങ്ങിയതോടെ തകർന്നു തരിപ്പണമായി. ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞതിനു 10,000 രൂപ മാത്രം ഇവർക്കു ലഭിച്ചു. പുഴയുടെ തീരത്തെ ഭൂമിയായതിനാലും പുറമ്പോക്ക് പ്രദേശമായതിനാലും ഇവർക്കു വീടു ലഭിക്കാൻ സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണ്ടിവരും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama