go

ഹരിപുരം ബണ്ട് കവിഞ്ഞ് ഒഴുക്ക്

thrissur news
താണിശേരി ഹരിപുരം ബണ്ടിന് മുകളിലൂടെ കെഎൽഡിസി കനാലിലെ വെള്ളം പുറത്തേക്ക് ഒഴുകുന്നു.
SHARE

ഇരിങ്ങാലക്കുട ∙ കെഎൽ‍ഡിസി കനാലിലൂടെ ഒഴുകിയെത്തുന്ന വലിയ തോതിലുള്ള വെള്ളം താണിശ്ശേരി ഹരിപുരം ബണ്ടുകളുടെ താഴ്ന്ന ഭാഗങ്ങളിലൂടെ പുറത്തേക്ക് ഒഴുകുന്നത് ആശങ്കയുണർത്തുന്നു. പ്രദേശത്തെ മുഴുവൻ വെള്ളക്കെട്ടിലാക്കി തെക്കേ, വടക്കേ ബണ്ടുകളുടെ താഴ്ന്ന ഭാഗങ്ങളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളം കാട്ടൂർ, പടിയൂർ, കാറളം പഞ്ചായത്തുകളെയും ദുരിതത്തിലാക്കുകയാണ്. മഴ കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ വെള്ളം ഇറങ്ങിയപ്പോൾ കാട്ടൂർ, പടിയൂർ, കാറളം പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും വെള്ളം ഉയരുകയാണ്.

കഴിഞ്ഞ ദിവസം കലക്ടറു‌ടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്കൽ മാലിന്യം ബണ്ടുകളുടെ ഇടിഞ്ഞ ഭാഗങ്ങളിൽ അടിച്ചിട്ടും ഫലമുണ്ടായില്ല. ഇന്നലെയും വെള്ളം വൻതോതിൽ പുറത്തേക്ക് ഒഴുകി. മാഞ്ഞാംകുഴി റെഗുലേറ്ററിൽ അടിഞ്ഞ മരങ്ങളടക്കമുള്ള തടസ്സങ്ങൾ നീക്കിയതോടെ കരുവന്നൂർ പുഴയിൽ നിന്ന് കനാലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

മന്ത്രി എ.സി.മൊയ്തീന്റെ നിർദേശപ്രകാരം വൈകിട്ട് അഞ്ചോടെ കലക്ടർ എസ്.ഷാനവാസ് സ്ഥലം സന്ദർശിച്ചു. പടിയൂർ, കാറളം, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമാർ കലക്ടറോട് പരാതിപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ ഹരിപുരം ബണ്ടുകളിലെ ഇടിഞ്ഞ ഭാഗങ്ങളിലൂടെ വലിയ തോതിൽ വെള്ളമൊഴുകിയത് പടിയൂർ, പൂമംഗലം, കാറളം പഞ്ചായത്തുകളെ വെള്ളത്തിലാക്കിയിരുന്നു. 

ബണ്ടിന് ഫണ്ട്: മന്ത്രി മൊയ്തീൻ 

‌‌ഇരിങ്ങാലക്കുട ∙ ഹരിപുരം ബണ്ടുകൾ പൂർണമായും ഉയർത്തി സുരക്ഷിതമാക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി എ.സി.മൊയ്തീൻ. സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വെള്ളം ഇറങ്ങിയതിന് ശേഷം സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചേർന്ന് ചർച്ച നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി. 

കഴിഞ്ഞ വർഷം ബണ്ട് പൊട്ടി വെള്ളമൊഴുകി ഒരു വർഷം കഴിഞ്ഞിട്ടും കെഎൽസിഡി അധികൃതർ ബണ്ട് ഉയർത്തി സുരക്ഷിതമാക്കുന്നതിൽ കടുത്ത അനാസ്ഥ കാണിച്ചതായി നാട്ടുകാർ മന്ത്രിയോട് പരാതിപ്പെട്ടു. കെ.യു.അരുണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാർ, തഹസിൽദാർ ഐ.ജെ.മധുസൂദനൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama