go

‘പ്രളയമുണ്ടാക്കിയ’ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി; മന്ത്രി നേരിട്ടിറങ്ങി ബണ്ട് പൊട്ടിച്ചു

thrissur-enamavu-bund
ശക്തമായ വെള്ളക്കെട്ടിനെ തുടർന്ന് ഏനാമാവിലെ താൽക്കാലിക ബണ്ട് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദേശപ്രകാരം പൊട്ടിക്കുന്നു. മുരളി പെരുനെല്ലി എംഎൽഎ സമീപം. ചിത്രം.മനോരമ
SHARE

തൃശൂർ∙ മന്ത്രിയുടെ നേതൃത്വത്തിൽ ഏനാമാവ് ബണ്ട് പൊട്ടിച്ചു തുടങ്ങി. ആയിരക്കണക്കിനു വീടുകൾ വെള്ളത്തിലാകാൻ ഇടയാക്കിയ ബണ്ടുകൾ പൊട്ടിക്കാതിരുന്നത് ഉദ്യോഗസ്ഥ അട്ടിമറിയെന്നു സംശയം. മീൻ കൃഷിക്കാരെയും ബണ്ടു കരാറുകാരെയും സംരക്ഷിക്കാനായി നടത്തിയ കളി കൈവിട്ടുപോകുകയായിരുന്നു. കോടിക്കണക്കിനു രൂപയുടെ കൃഷി നശിച്ചു. 500 മീറ്റർ നീളത്തിലും 30 അടി താഴ്ചയിലുമുള്ള കനാലിനു കുറുകെയായിരുന്നു ബണ്ട്. വലിയൊരു നദിയെപ്പോലുള്ള കനാൽ തടഞ്ഞതോടെയാണു വലിയൊരു പ്രദേശത്തു വെള്ളം നിറഞ്ഞത്.

7ഗ്രാമപഞ്ചായത്തുകളും നഗരവും ഒരു നഗരസഭയും പ്രളയത്തിൽ മുങ്ങി. മുങ്ങിപ്പോയ ബണ്ടു ജീവൻ പണയംവച്ചാണു തൊഴിലാളികൾ പൊട്ടിച്ചത്. മന്ത്രി വി.എസ്.സുനിൽകുമാറും മുരളി പെരുനെല്ലി എംഎൽഎയും ഉദ്യോഗസ്ഥരെ പൊതുജന മധ്യത്തിൽ ശാസിച്ചതിനു ശേഷമാണു അവരുടെ സഹായമില്ലാതെ പ്രത്യേക തൊഴിലാളികളുടെ സഹായത്തോടെ ബണ്ടു പൊട്ടിച്ചത്.

‘വെള്ളം നിറഞ്ഞു തുടങ്ങിയപ്പോൾ ബണ്ടു പൊട്ടിച്ചില്ലെ എന്നു ചോദിച്ചപ്പോൾ അവർ എനിക്കു പൊട്ടിച്ച ഫോട്ടോ കാണിച്ചുതന്നു. പക്ഷെ വശങ്ങൾ മാത്രമാണു പൊട്ടിച്ചിരുന്നത്. അവരത‌ു മറച്ചുവച്ചതുകൊണ്ടുമാത്രമാണു ഈ വലിയ ദുരിതം ലക്ഷക്കണക്കിനുപേർ അനുഭവിച്ചത്. ’മന്ത്രി പറഞ്ഞു.അന്തിക്കാട്,താന്ന്യം, ചാഴൂർ, പാറളം, അരിമ്പൂർ, ചേർപ്പ്, മണലൂർ ഗ്രാമപഞ്ചായത്തുകളുടെ വലിയൊരു ഭാഗവും ഇരിങ്ങാലക്കുട മുൻസിപ്പാല‌ിറ്റിയുടെ ഭാഗവും തൃശൂർ നഗരത്തിലെ വലിയൊരു ഭാഗവുമാണു വെള്ളത്തിലായത്. ഇതിൽ ഭൂരിഭാഗവും ജനം തിങ്ങിതാമസിക്കുന്ന പ്രദേശമാണിത്.

എങ്ങനെ മുങ്ങി ?

ഈ പ്രദേശത്തുനിന്നുള്ള വെള്ളമെല്ലാം വിവിധ വഴികളിലൂടെ കടന്നുപോകേണ്ടത് ഏമാമാവ്,ഇടിയഞ്ചിറ റഗുലേറ്ററുകൾ വഴിയാണ്. ഈ റഗുലേറ്ററുകൾ തുറന്നാൽ മാത്രം പോര ഇവയ്ക്കു മുന്നിലായി കെട്ടിയ താൽക്കാലിക ബണ്ടുകൾ പൊളിക്കുകകൂടി വേണം. പ്രതിവർഷം 40 ലക്ഷം രൂപയോളമാണു ഈ ബണ്ടുകൾ കെട്ടുന്നതിനു ചിലവ്. ഇവ പൊളിക്കാതിരുന്നാൽ കരാറുകാരനു ലക്ഷങ്ങളുടെ ലാഭമാണ്. 

മണ്ണുപയോഗിച്ചാണ് ഇവിടെ ബണ്ടു കെട്ടുന്നത്. 250 ലോഡ് മണ്ണുവരെ വേണ്ടിവരും. എന്നാൽ ഇതു പൊളിക്കാതിരുന്നാൽ ഇവിടെ എത്ര മണ്ണുണ്ടെന്നതിനു കണക്കില്ല. മുഴുവൻ മണ്ണിന്റെ തുക വാങ്ങുകയും പഴയ മണ്ണ് ഉപയോഗിക്കുകയും ചെയ്യാം.

പഴയ മണ്ണ് എവിടെ ?

പഴയ മണ്ണിനു കണക്കില്ല എന്നാണു കഴിഞ്ഞ പല വർഷങ്ങളിലെയും ബണ്ടു ടെൻഡർ കാണിക്കുന്നത്. പൊട്ടിക്കാത്തതിനാൽ മണ്ണ് അവിടെ ബാക്കി കാണേണ്ടതാണ്. ഇതിന്റെ വില കുറച്ചാണു ബിൽ നൽകേണ്ടത്. എന്നാൽ പഴയ മണ്ണു കാണിക്കാതെയാണു കരാർ തുക നൽകിയിരിക്കുന്നത്.

ജീവൻ പണയം വച്ച കളി

മഴ തുടങ്ങുന്നതിനു മുൻപു ബണ്ട് പൊട്ടിക്കാത്തതിനാൽ വെള്ളം നിറഞ്ഞു കവിയുന്ന അവസ്ഥയിലാണു ബണ്ട് പൊട്ടിക്കേണ്ടി വന്നത്. ഇതിനു പല തൊഴിലാളികളും തയാറായില്ല. മന്ത്രി വി.എസ്.സുനിൽകുമാറും മുരളി പെരുനെല്ലി എംഎൽഎയും ഏറെ ചർച്ച നടത്തിയാണു 15 തൊഴിലാളികളെ കണ്ടെത്തിയത്. കക്ക വാരുകയും മറ്റും ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണിവർ.

500 മീറ്റർ വീതിയിൽ കുത്തിയൊഴുകുന്ന തോടിന്റെ നടുവിൽ നിന്നാണ് ഇവർ ബണ്ടു പൊട്ടിച്ചത്. ഈ ബണ്ടിന്റെ രണ്ടു വശവും നേരത്തെ ഉദ്യോഗസ്ഥർ തുറന്നിരുന്നു. ഇതു കാണിച്ചാണു ബണ്ടു തുറന്നെന്നു മന്ത്രിയെ വിശ്വസിപ്പിച്ചത്. വശങ്ങൾ തുറന്നിരുന്നതുകൊണ്ടുതന്നെ നടുവിൽനിന്നു ബണ്ടു പൊട്ടിക്കുന്നതു വൻ വെല്ലുവിളിയായി.

വൻ പ്രത്യാഘാതം

ആയിരക്കണക്കിനു വീടുകളും കോടിക്കണക്കിനു രൂപയുടെ കൃഷിയ‌ുമാണു മുങ്ങിയത്. പല സ്ഥലത്തുനിന്നും മണ്ണ് ഒലിച്ചുപോയി, പലിയിടത്തും കൃഷിക്കുവേണ്ടിയുണ്ടാക്കിയ ബണ്ടുകൾ തകർന്നു. നൂറുകണക്കിനു മോട്ട‌ാർ പുരകൾ വെള്ളത്തിലായി. വലിയൊരു പ്രദേശം മുഴുവൻ വൻ ദുരിതം വിതച്ചാണു ബണ്ടിൽ വെള്ളം നിറഞ്ഞത്. ബണ്ടു പൊട്ടിക്കാതിരുന്ന ഉദ്യോഗസ്ഥർ അവസാന നിമിഷംവരെ ഇതു പ്രളയമാണെന്നാണ് പറഞ്ഞത്.

എന്നാൽ ഇതു ഉദ്യോഗസ്ഥരുണ്ടാക്കിയ പ്രളയമാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ബണ്ടുകൾ കവിഞ്ഞിരുന്നു. അതോടെ അതിലൂടെ നടന്നുപോയി ബണ്ടു പൊട്ടിക്കാൻ പറ്റാതായി.ബണ്ടു പൊട്ടിച്ചിട്ടില്ലെന്നും അതു വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും എംഎൽഎമാരയ അനിൽ അക്കരയും മുരളി പെരുനെല്ലിയും കത്തു നൽകിയിരുന്നു. ഈ കത്തും ഉദ്യോഗസ്ഥർ മുക്കി. ഇവർ നൽകിയ മുന്നറിയിപ്പു ശരിയായിരുന്നുവെന്നു ഇപ്പോഴത്തെ ദുരന്തം വ്യക്തമാക്കുന്നു.

വെള്ളക്കെട്ട്: റിപ്പോർട്ട് നൽകാൻ നിർദേശം

രാത്രിയോടെ ജില്ലയിൽ പലയിടത്തും വെള്ളക്കെട്ടു ഗുരുതരമായതിനെത്തുടർന്നു ഇതേക്കുറിച്ചു പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാർ കലക്ടറോട് ആവശ്യപ്പെട്ടു. രാത്രി പലയിടത്തും വെള്ളം കയറിത്തുടങ്ങിയത് അപ്രതീക്ഷിതമായിരുന്നു. വകുപ്പിൽ മുൻപ് ഇവിടെ ജോലി ചെയ്ത പരിചയ സമ്പന്നരെക്കൂടി ഉൾപ്പെടുത്തി ഇന്നുതന്നെ റിപ്പോർട്ടു നൽകാനാണു നിർദേശം. ഏനാമാക്കൽ ബണ്ട് ഭാഗികമായി പൊട്ടിച്ചിട്ടും പലയിടത്തും വെള്ളം കയറിയതോടെയാണു പ്രശ്നം പഠിക്കാൻ ഉത്തരവിട്ടത്. വൈക്കൽച്ചിറ, കമാന്റോമുഖം എന്നിവിടങ്ങളിൽ വീണ്ടും വെള്ളം കയറിത്തുടങ്ങിയത് അപ്രതീക്ഷിതമാണെന്നു മന്ത്രി പറഞ്ഞു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama