go

നീന്തലറിയ‍ാമായിരുന്നിട്ടും റസിയയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ; നിസ്സഹായതോടെ നിഷാദ്

Thrissur News
പാവറട്ടിയിലെ ആശുപത്രിയിൽ കഴിയുന്ന നിഷാദ്. ഇൻസെറ്റിൽ റസിയ
SHARE

പാവറട്ടി ∙ ജീവൻ തിരിച്ചുകിട്ടിയതിലെ ആശ്വാസമല്ല, മരണത്തെ മുഖാമുഖം കണ്ടതിന്റെ നടുക്കമാണ് നിഷാദിന്റെ മുഖത്ത്. ആശുപത്രിക്കിടക്കയിൽ സംഭവത്തെക്കുറിച്ചു വിവരിക്കുമ്പോഴും നിഷാദിന്റെ മുഖത്തെ ഭീതി വിട്ടുമാറിയിട്ടില്ല. നീന്തലറിയ‍ാമായിരുന്നിട്ടും റസിയയെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായനായതിന്റെ വേദനയും നിഷാദ് പങ്കുവയ്ക്കുന്നു. മഴക്കാഴ്ചകൾ കാണാൻ പലവട്ടം കണ്ണോത്ത് കോൾപാടത്ത് എത്തിയിട്ടുള്ളതിന്റെ ഓർമകളോടെയാണ് ഇവർ ഇന്നലെയും പുറപ്പെട്ടത്.

വെള്ളത്തിലിറങ്ങിയപ്പോൾ റസിയ കാൽതെറ്റി ഒഴുക്കിൽപ്പെട്ടു. രക്ഷിക്കാനുള്ള ശ്രമം വിഫലമായപ്പോൾ സുബ്‌ഹാൻ ഒരുവിധം കരയ്ക്കുകയറി. നിഷാദ് അപ്പോഴും ശ്രമം തുടർന്നു. കയ്യും കാലും കുഴഞ്ഞ് ഒഴുകിപ്പോയേക്കുമെന്ന അവസ്ഥയെത്തിയപ്പോൾ സുബ്ഹാൻ ഓലമടൽ വെള്ളത്തിലേക്കു നീട്ടിയെങ്കിലും എത്തിപ്പിടിക്കാനായില്ല. സമീപത്തു മീൻപിടിച്ചുകൊണ്ടിരിക്കുകയായിരുന്ന വിഷ്ണു എയർ ട്യൂബിൽ കയറ്റി നിഷാദിനെ രക്ഷിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴും റസിയയെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിവരം നിഷാദ് അറിഞ്ഞില്ല.

മറ്റൊരാശുപത്രിയിൽ റസിയയെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു നിഷാദിനെ ആശ്വസിപ്പിക്കാൻ പറഞ്ഞത്. മന്ത്രി വി.എസ്. സുനിൽ കുമാർ, മുരളി പെരുനെല്ലി എംഎൽഎ എന്നിവർ നിഷാദിന് ആശ്വാസവാക്കുകളുമായെത്തി. തിരൂരിൽ വാടകയ്ക്കു താമസിക്കുന്ന നിഷാദ് എടപ്പാൾ മലബാർ ഡെന്റൽ കോളജിലെ രണ്ടാം വർഷ ബിഡിഎസ് വിദ്യാർഥിയാണ്. വലിയ പെരുന്നാളിനോടനുബന്ധിച്ചു കഴിഞ്ഞ ദിവസമാണ് വെങ്കിടങ്ങിലെ ബന്ധുവീട്ടിലെത്തിയത്. ഇന്നലെ മടങ്ങാനിരിക്കെ കോളജിന് ഒരു ദിവസം കൂടി അവധി ലഭിച്ചതറിഞ്ഞ് യാത്ര നീട്ടുകയായിരുന്നു.

ഭർത്താവിന്റെയും മകന്റെയും കൺമുന്നിൽ വീട്ടമ്മ മുങ്ങിമരിച്ചു

പാവറട്ടി ∙ കോൾപാടത്ത് കാൽവഴുതി വീണ വീട്ടമ്മ ഭർത്താവിന്റെയും മകന്റെയും കൺമുന്നിൽ മുങ്ങിമരിച്ചു. രക്ഷിക്കാൻ ചാടിയ ബന്ധുവിനെ സമീപത്തു മീൻ പിടിക്കാനെത്തിയവർ രക്ഷപ്പെടുത്തി. വെങ്കിടങ്ങ് കോർളി ക്ഷേത്രത്തിനു സമീപം പുളിക്കൽ നാസറിന്റെ ഭാര്യ റസിയ (42) ആണ് മരിച്ചത്. മകൻ സുബ്‌ഹാനും ഒപ്പമുണ്ടായിരുന്നു. ബന്ധുവായ ഒരുമനയൂർ കിണർ സ്റ്റോപ്പിനു സമീപം മുഹമ്മദാജി മൻസിലിൽ നിഷാദ് (21) രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടു.

വെങ്കിടങ്ങ് കണ്ണോത്ത് - പുല്ല ലിങ്ക് റോഡരികിൽ തിരുത്തുംപടവിൽ രാവിലെ എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം. കോൾപാടത്തെ മഴക്കാഴ്ചകൾ കാണാൻ എത്തിയതാണ് നാസറും റസിയയും സുബ്‌ഹാനും നിഷാദും. പാടൂർ എഐഎച്ച്എസ്എസിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് സുബ്‌‍ഹാൻ. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വെങ്കിടങ്ങിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു നിഷാദ്.

റസിയ കാൽവഴുതി വെള്ളത്തിലേക്കു വീഴുന്നതുകണ്ട സുബ്ഹാൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒഴുക്കും ചെളിയും കാരണം ശ്രമം വിഫലമായി. നീന്തലറിയാവുന്ന നിഷാദ് വെള്ളത്തിലേക്കു ചാടിയെങ്കിലും ഒഴുക്കിൽപ്പെട്ടു. സമീപത്തു മീൻ പിടിച്ചുകൊണ്ടിരുന്നവരാണ് നിഷാദിനെ കരയ്ക്കു കയറ്റിയത്. ചാവക്കാടു നിന്നെത്തിയ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും ചേർന്ന് അര മണിക്കൂർ തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഖബറടക്കം നടത്തി. ഷൗക്കിൻ ആണ് റസിയയുടെ മകൾ. മരുമകൻ: അഖിൽ (ഖത്തർ).

നിഷാദിനെ രക്ഷപ്പെടുത്തിയ വിഷ്ണു.
നിഷാദിനെ രക്ഷപ്പെടുത്തിയ വിഷ്ണു.

മരണക്കയത്തിൽ രക്ഷാകരം നീട്ടി വിഷ്ണു

∙ കോൾപാടത്ത് ഒഴുക്കിൽപ്പെട്ട രണ്ടു പേരിൽ ഒരാളെ മരണക്കയത്തിൽ നിന്നു രക്ഷപ്പെടുത്തിയതു വിഷ്ണുവിന്റെ കരങ്ങൾ. വെങ്കിടങ്ങ് മനയ്ക്കൽ കടവ് പെന്മാട്ട് അയ്പ്പുവിന്റെ മകൻ വിഷ്ണു സംഭവ സ്ഥലത്തു നിന്ന് അൽപം മാറി മീൻപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അച്ഛനും കൂട്ടുകാരും വിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്നു. ആരോ ഒഴുക്കിൽപ്പെട്ടെന്ന നിലവിളി കേട്ടാണ് ഓടിയെത്തിയത്. എയർ ട്യൂബുമായി വെള്ളത്തിലിറങ്ങി നിഷാദിനെ പിടിച്ചുകയറ്റി. തളർന്നവശനായ നിലയിലായിരുന്നു നിഷാദ്. ഒരു കൈകൊണ്ടു ട്യൂബ് വലിച്ച് മറുകൈ കൊണ്ടു നീന്തിയാണ് കരയ്ക്കെത്തിച്ചത്. അപ്പോഴേക്കും റസിയ ഒഴുക്കിൽപ്പെട്ടു ദൂരേക്കു നീങ്ങിയിരുന്നു. സ്വന്തം ജീവൻ പണയംവച്ച് രക്ഷാപ്രവർത്തനം നടത്തിയ വിഷ്ണുവിന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama