go

ഖദറിട്ട ബിഷപ്പ് സ്വാതന്ത്ര്യ പോരാളി

thrissur-khadar
SHARE

തൃശൂർ∙ ഗാന്ധിജിയുമായും നെഹ്റുവുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞപ്പോൾ  അന്നത്തെ ബ്രിട്ടിഷ് ഭരണകൂടം മാർ തിമോഥെയൂസിനോടു  ചോദിച്ചത്രെ: ഭരണകൂടത്തെ തുരത്താൻ നോക്കുന്നവരുമായി ബന്ധമെന്തിന്?

മാർ തിമോഥെയൂസ് മെത്രാപ്പൊലീത്ത ഓമനപ്പൂച്ചകൾക്കൊപ്പം.  (ചിത്രകാരന്റെ ഭാവനയിൽ)
മാർ തിമോഥെയൂസ് മെത്രാപ്പൊലീത്ത ഓമനപ്പൂച്ചകൾക്കൊപ്പം. (ചിത്രകാരന്റെ ഭാവനയിൽ)

ബിഷപ്പിന്റെ മറുപടി വ്യക്തമായിരുന്നു: ‘ തുർക്കിയിൽ ജനിച്ച എന്നെ അടിമത്തം എന്താണെന്ന്  പഠിപ്പിക്കേണ്ട. സ്വാതന്ത്ര്യം എന്താണെന്നും എനിക്കറിയാം’’ ഗാന്ധിജിയും നെഹ്റുവും സൗഹൃദം പുലർത്തിയിരുന്ന കൽദായസഭാ മുൻ ബിഷപ് മാർ അബിമലേക്  തിമോഥെയൂസിന്റെ വിശുദ്ധപദവി ആഘോഷം അടുത്ത മാസം നടക്കും.

1931ലെ തൃശൂർ സന്ദർശനത്തിനിടെ  ജവാഹർലാൽ നെഹ്റുവും കമല നെഹ്റുവും മകൾ ഇന്ദിരയും കൽദായ അരമനയിലെത്തിയപ്പോൾ.
1931ലെ തൃശൂർ സന്ദർശനത്തിനിടെ ജവാഹർലാൽ നെഹ്റുവും കമല നെഹ്റുവും മകൾ ഇന്ദിരയും കൽദായ അരമനയിലെത്തിയപ്പോൾ.

കറുപ്പും വെളുപ്പും നിറമുള്ള പൂച്ചകൾ

മാർ അബിമലേക് തിമോഥെയൂസിനെക്കുറിച്ചു പഴമക്കാർ പറഞ്ഞിട്ടുള്ള കഥകൾ കേട്ടാൽ ആ ദൃശ്യം ഓർമവരും. കറുപ്പും വെളുപ്പുമുള്ള രണ്ടു പൂച്ചക്കുട്ടികൾ, ഒരു മാൻകുട്ടിയും.. ഇവയെ കുതിര വണ്ടിയിലിരുത്തി  നഗരപരിസരത്തെ പള്ളികൾ സന്ദർശിക്കാനായി പോകുന്ന മാർ തിമോഥെയൂസ്. നരച്ച വലിയ താടിയും തൂവെള്ള നിറവുമായി സാന്താക്ലോസിനെ ഓർമിപ്പിക്കും വിധമുള്ള ആ പോക്ക്. പൂച്ചകളെയും മാനിനേയും ബിഷപ്സ് ഹൗസിൽ വളർത്തിയിരുന്നു അദ്ദേഹം. ധ്യാനിക്കാനായി  ഒരു പുലിത്തോൽ...

മാർ തിമോഥെയൂസിന്റെ കബറിടം തൃശൂർ മാർത്ത് മറിയം വലിയപള്ളിയിൽ.
മാർ തിമോഥെയൂസിന്റെ കബറിടം തൃശൂർ മാർത്ത് മറിയം വലിയപള്ളിയിൽ.

 തുർക്കി മുതൽ ഹൈറോഡ് വരെ

തുർക്കിയിലെ മാർബിഷു ഗ്രാമത്തിൽ 1878 ഓഗസ്റ്റ് 15നു ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ് നാളെ. തുർക്കിയിലെ പാത്രിയർക്കീസ് ആസ്ഥാനത്ത് ആർച്ച് ഡീക്കനായി പ്രവർത്തിക്കുമ്പോഴാണ് ഇന്ത്യൻ കൽദായ സഭയുടെ അപേക്ഷപ്രകാരം അദ്ദേഹത്തെ ഇന്ത്യൻ മെത്രാപ്പൊലീത്തയായി അവരോധിച്ചു. മുംബൈ വരെ കപ്പലിലും തുടർന്നു ട്രെയിനിലും യാത്രചെയ്തു തൃശൂരിലെത്തിയ  അദ്ദേഹത്തെ അവിടെ നിന്നു കുതിരവണ്ടിയിൽ  ഹൈറോഡിലെത്തിച്ചു. 1908 ഫെബ്രുവരി 27നായിരുന്നു അത്. അന്ന് 29 വയസ്. ചെറുപ്പക്കാർ അദ്ദേഹത്തെ ആദരസൂചകമായി ചുമലിൽ എടുത്ത് മാർത്തമറിയം വലിയപള്ളിയിലെത്തിച്ചു.

സ്വാതന്ത്ര്യസമരവും ഖദറും

സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടപ്പോൾ ഖദർ ളോഹ ധരിച്ചാണ് അദ്ദേഹം അതിൽ പങ്കാളിയായത്. മഹാത്മാഗാന്ധിയേയും ജവഹർലാൽ നെഹ്റുവിനെയും പരസ്യമായി പിന്തുണച്ചു. 

1920ൽ സി.എഫ് ആൻഡ്രൂസ് എന്ന ഇംഗ്ളിഷുകാരൻ അദ്ദേഹത്തെ കാണാൻ തൃശൂരിലേക്കു വന്നു. കണ്ടമാത്ര സുഹൃത്തായി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ പ്രിൻസിപ്പലായിരുന്നു ആൻഡ്രൂസ്. അദ്ദേഹമാണ് ഗാന്ധിജിക്ക് കാണാൻ താൽപര്യമുണ്ടെന്ന വിവരമറിയിക്കുന്നത്. 1927ൽ മഹാത്മാഗാന്ധി തൃശൂരിലെത്തി. അന്നു പക്ഷേ മാർ തിമോഥെയൂസ് ഇറാക്കിലായിരുന്നു. ഗാന്ധിജിയും കസ്തൂർബയും തൃശൂരിലുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യൻ  നെയ്ത്തു സ്കൂളിലെത്തി ചർക്കയിൽ നൂൽനൂർക്കുന്നതു കണ്ടത് ആ സന്ദർശന ചരിത്രത്തിലുണ്ട്.

നെഹ്റു, പിന്നെ ഗാന്ധിജി

1931 മേയ് മാസത്തിൽ നെഹ്റു തൃശൂരിലെത്തി.യപ്പോൾ ബിഷപ്പിനെ അരമനയിലെത്തി കണ്ടു. ഗാന്ധിജിയുടെ നിർദേശപ്രകാരമായിരുന്നു അത്.  ഭാര്യ കമല നെഹ്റുവും മകൾ ഇന്ദിരയും ഒപ്പമുണ്ടായിരുന്നു. നെഹ്റുവിന്റെ ആത്മകഥയിലും ‘ ഒരു അച്ഛൻ മകൾക്കയച്ച കത്ത്’ എന്ന പുസ്തകത്തിലും തൃശൂരിലെത്തി ബിഷപ്പിനെ കണ്ടതേപ്പറ്റി പരാമർശിക്കുന്നുണ്ട്. 1934ൽ ഗാന്ധിജി വീണ്ടും തൃശൂരിലെത്തി. അതിനു കുറച്ചുദിവസം മുൻപ് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ കത്ത് മാർ തിമോഥെയൂസിനു ലഭിച്ചു. 

തൃശൂർ പാലസ് ഗ്രൗണ്ടിനു പിന്നിലുള്ള വീട്ടിൽ ഗാന്ധിജിയുണ്ടാകും. ഉച്ചയ്ക്കു രണ്ടിനും 2.30നുമിടയിൽ എത്തണം എന്നതായിരുന്നു സന്ദേശം.ഖദർ ളോഹ ധരിച്ചെത്തിയ വിദേശമെത്രാനെ കണ്ടപ്പോൾ ഗാന്ധിജി നിലത്തിരുന്നു. ആകെയുള്ള കസേരയിൽ ഇരിക്കാൻ മാർ തിമോഥെയൂസിനോടു നിർദേശിച്ചു. പക്ഷേ നിരസിച്ച് അദ്ദേഹവും നിലത്തിരുന്നു. മതസൗഹാർദത്തെയും സ്വാതന്ത്ര്യ പോരാട്ടത്തെയും കുറിച്ചായിരുന്നു സംസാരിച്ചതത്രയും..ഈ കൂടിക്കാഴ്ചയേക്കുറിച്ചു പത്രങ്ങളിൽ വന്ന വാർത്ത കണ്ട് അധികാരികൾ അതൃപ്തി അറിയിച്ചു. 

പക്ഷേ ബിഷപ് വക വച്ചില്ല.പോരാട്ടം തുടർന്നെങ്കിലും പക്ഷേ സ്വാതന്ത്ര്യപ്പുലരി കാണാൻ ബിഷപ്പിനു കഴിഞ്ഞില്ല. 1945 ഏപ്രിൽ 30ന് ഇഹലോകവാസം വെടിഞ്ഞു. ഭൈതിക ശരീരം മാർത്ത മറിയം വലിയ പള്ളിയിലാണു സംസ്കരിച്ചിരിക്കുന്നത്.മരിച്ചിട്ടും മായാതെ തൃശൂരിന്റെ മനസിലുണ്ട് അദ്ദേഹം. അതിനാലാണു ഹൈറോഡിന് മാർ തിമോഥെയൂസ് ഹൈറോഡ് എന്നു പേരിട്ടത്. കൽദായ സഭയുടെ വലിയ കരുത്താണ് മാർ തിമോഥെയൂസിനെപ്പോലെ  ഇന്ത്യയോടു സ്നേഹവും കരുതലും കാട്ടിയ മെത്രാനെന്ന് ഇപ്പോഴത്തെ ആർച്ചബിഷപ് മാർ അപ്രേം പറയുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama