go

ഉണ്ണിമാമൻ ‘സോളമൻ ഐലൻഡിൽ’!

Thrissur News
ഉണ്ണിമാമന്റെ വീട്ടുമുറ്റത്തെ ചെസ് കളി.
SHARE

മരോട്ടിച്ചാൽ∙ ഒരു ഗ്രാമത്തെ മുഴുവൻ ചതുരംഗക്കളത്തിലെ കാലാളുകളുടെ പടനീക്കം പഠിപ്പിച്ച ഉണ്ണിമാമനും മരോട്ടിച്ചാൽ ഗ്രാമവും രാജ്യാന്തര ശ്രദ്ധ നേടുന്നു. ജില്ലയിലെ ഈ കിഴക്കൻ മലയോര ഗ്രാമത്തിലേക്ക് ഉണ്ണിമാമനെ തേടിയെത്തുന്നത് ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ചെസ് പ്രേമികൾ.  ഓസ്ട്രേലിയയ്ക്കു സമീപത്തുള്ള സോളമൻ ഐലൻഡ് എന്ന രാജ്യം ഉണ്ണി മാമനെക്കുറിച്ചും ഗ്രാമത്തെക്കുറിച്ചും സ്റ്റാംപുകൾ വരെ ഇറക്കിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 1500 പേരെ സംഘടിപ്പിച്ചു കൊണ്ട് മരോട്ടിച്ചാലിൽ നടത്തിയ ചെസ് ടൂർണമെന്റ് ഏഷ്യൻ റെക്കോർഡ് നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സിഎൻഎൻ, ബിബിസി അടക്കമുള്ള രാജ്യാന്തര ചാനലുകൾ ഗ്രാമത്തിലെത്തിയത്. ഇതോടെ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഉണ്ണിമാമനെ തേടി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കം ചെസ് പ്രേമികൾ എത്താൻ തുടങ്ങിയത്. ഇതിനകം 300 വിദേശികൾ ഗ്രാമത്തിലെത്തി.

Thrissur News
ഉണ്ണിമാമൻ.

പുത്തൂർ പഞ്ചായത്തിലെ 3 വാർഡുകളിലായുള്ള മരോട്ടിച്ചാലിലെ 1500 കുടുംബങ്ങളിലെ 4000 പേർക്ക് ഇന്ന് ചെസ് അറിയാം. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഉണ്ണിമാമൻ എന്നു നാട്ടുകാർ സ്നേഹപൂർവം വിളിക്കുന്ന സി. ഉണ്ണിക്കൃഷ്ണനാണ്. മരോട്ടിച്ചാൽ സെന്ററിലെ ഉണ്ണിമാമന്റ ചായക്കടയാണ് പാഠശാല. വീടിനോട് ചേർന്ന് ചെസ് കളിക്കാൻ ഒരു ഷെഡും മാമൻ നിർമിച്ചു. ഇവിടെ ഒരേ സമയം 30 പേർക്ക് ചെസ് കളിക്കാം.പതിനഞ്ചാം വയസ്സിൽ റേഡിയോയിലൂടെ അമേരിക്കൻ ഇതിഹാസ താരം ബോബി ഫിഷറിന്റെ കഥകൾ കേട്ടാണ് ഉണ്ണിക്ക് ചെസ് പ്രേമം തുടങ്ങിയത്. വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ തലോരിലെത്തി ചെസ് പഠിച്ചു. തിരിച്ചെത്തി കൂട്ടുകാരെ പഠിപ്പിച്ചു.പലകയിൽ കളങ്ങൾ വരച്ചാണ് ആദ്യത്തെ ചതുരംഗ പലക തയാറാക്കിയത്. തുടർന്ന് ഫ്രണ്ട്സ് ക്ലബ് രൂപീകരിച്ച് കൂടുതൽ പേരെ പഠിപ്പിച്ച് ടൂർണമെന്റുകൾ നടത്തുകയും സമീപത്തെ സ്കൂളുകളിലെത്തി കുട്ടികളെ ചെസ് പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു. 

Thrissur News
മരോട്ടിച്ചാലിലെ ചെസ് പ്രേമി ഉണ്ണിമാമനെപ്പറ്റി സോളമൻ ഐലൻഡിൽ പുറത്തിറങ്ങിയ സ്റ്റാംപുകൾ.

ഏഷ്യൻ റെക്കോർഡ് നേടുന്നതിനായാണ് ക്ലബിന്റെ നേതൃത്വത്തിൽ വീടുകളിൽ കയറി പരിശീലനം ആരംഭിച്ചത്.  ഒടുവിൽ ഒന്നര കിലോമീറ്റർ നീളത്തിൽ 750 മേശകൾ നിരത്തി 1500 പേരെ പങ്കെടുപ്പിച്ചു കൊണ്ട് ടൂർണമെന്റ് നടത്തി റെക്കോർഡ് നേടി.സമ്പൂർണ ചെസ് സാക്ഷരത നേടുന്ന ലോകത്തിലെ ആദ്യ ഗ്രാമമായി മാറി ഗിന്നസ് ലോക റെക്കോർഡ് നേടുക എന്നതാണ് അടുത്ത ലക്ഷ്യം. 20 ലക്ഷം രൂപ ചെലവ് വരുന്ന ഈ യജ്ഞത്തിനുള്ള കരുക്കൾ നീക്കിത്തുടങ്ങിയിരിക്കുകയാണ് ഉണ്ണി മാമനും മരോട്ടിച്ചാൽ നിവാസികളും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama