go

ഒരു വർഷം: ഗുരുവായൂരിൽ 1.13 ലക്ഷം ചോറൂണ്, 6926 കല്യാണം

 thrissur news
ഗുരുവായൂർ ക്ഷേത്രനടയിലെ വിവാഹത്തിരക്ക് (ഫയൽ ചിത്രം).
SHARE

ഗുരുവായൂർ ∙ കണ്ണന്റെ സന്നിധിയിൽ ആദ്യത്തെ അന്നം നുണയാൻ ഒരു വർഷം എത്തിയത് 1,13,697 കുരുന്നുകൾ. കല്യാണമണ്ഡപത്തിൽ നടന്നത് 6,926 വിവാഹങ്ങൾ. ചോറൂണിൽ നിന്ന് 1.02 കോടി രൂപയും വിവാഹങ്ങളിൽ നിന്ന് 33.13 ലക്ഷം രൂപയുമാണ് ദേവസ്വത്തിന്റെ വരുമാനം. ചോറൂണ് കൂടുതൽ നടന്നത് മേടത്തിലാണ്–12,086. കുറവ് കർക്കടകത്തിൽ–5729. വിവാഹങ്ങൾ കൂടുതൽ നടന്നത് മകരത്തിലാണ്–1085, കുറവ് കർക്കടകത്തിലും–63.

1194 ചിങ്ങം ഒന്നു മുതൽ കർക്കടകം 31 വരെയുള്ള (2018 ഓഗസ്റ്റ് 17 മുതൽ 2019 ഓഗസ്റ്റ് 16 വരെ) കണക്കാണിത്. ക്ഷേത്രത്തിൽ രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1.30 വരെ നട തുറന്നിരിക്കുമ്പോൾ ചോറൂണ് നടത്താം. രാത്രി 8.15 മുതൽ 9വരെയും നടത്താം. വാവ്, ഏകാദശി ദിവസങ്ങളിൽ രാത്രി ചോറൂണില്ല.  100 രൂപയാണ് നിരക്ക്. വിവാഹച്ചടങ്ങ് രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1.30വരെയാണ് പതിവ്. അപൂർവമായി രാത്രിയും ഉണ്ടാകും. വിവാഹത്തിന് 500 രൂപയും ഫൊട്ടോഗ്രഫിക്ക് 500 രൂപയും ഫീസുണ്ട്.

ചോറൂണ്

ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ കുളപ്പുരമാളികയുടെ ഒന്നാംനിലയിലാണ് ചടങ്ങ്. ദേവസ്വം കോയ്മ തീർഥം നൽകി നാക്കിലയിൽ ഭഗവാന്റെ നെയ്പായസം, നിവേദ്യച്ചോറ് എന്നിവയ്ക്കൊപ്പം കാളൻ, ഓലൻ, പച്ചടി, പപ്പടം, പഴം എന്നിവ വിളമ്പും.

വിവാഹം

കിഴക്കേനടയിലെ കല്യാണമണ്ഡപത്തിലാണ് ചടങ്ങ്. ദേവസ്വം കോയ്മ കാർമികനാകും. നെയ്ത്തിരിയിട്ട നിലവിളക്ക്, ചന്ദനം, വധൂവരൻമാർക്കുള്ള തുളസിമാല, നാഗസ്വരം എന്നിവ ദേവസ്വം ഒരുക്കും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama