go

കുഴി’യോണം’, കുരു’ക്കോണം’, പൊ‘ക്കോണം’, ഇവർ പറയുന്നത് ‘കേട്ടോണം’...

thrissur news
ഇത് നമ്മുടെ വിധി: 1. മനോരമ ജംക്‌ഷനിൽ വെള്ളക്കെട്ടിൽ സ്കൂട്ടർ കുടുങ്ങിയതിനെത്തുടർന്ന് യാത്രക്കാരൻ ചെളിവെള്ളത്തിലേക്ക്. 2. പിടിച്ചെഴുന്നേൽപിക്കുന്ന മറ്റു യാത്രക്കാർ. 3. പൊലീസിന്റെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക്. ചിത്രം: ഫഹദ് മുനീർ∙മനോരമ
SHARE

പിഞ്ചുകുഞ്ഞുങ്ങൾ നടന്നുപോകുന്നതുപോലെയാണ് നഗരത്തിലെ ട്രാഫിക്കിന്റെ വേഗം എന്ന് പൊലീസ്. പൊലീസിന് ഇതു വലിയ തലവേദനയായിരിക്കുന്നു. നിയമവാഴ്ചയും ട്രാഫിക് നിയന്ത്രണവും മാത്രമല്ല പൊതുമരാമത്തിന്റെ കുഴിയടയ്ക്കൽ ജോലി കൂടി ചെയ്യേണ്ട ഗതികെട്ട അവസ്ഥയിലാണ് തങ്ങളെന്ന ആവലാതിയുമുണ്ട് സിറ്റി പൊലീസിന്.

കുഴിയോണം

തൃശൂർ∙ ഗതാഗതക്കുരുക്കിനും കുഴികൾക്കുമിടയിൽ വാഹനയാത്രക്കാരുടെ  ജീവൻ പോലും അപകടത്തിൽ. ഇന്നലെ മനോരമ ജംക്‌ഷനിൽ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിലേക്ക് സ്കൂട്ടർ മറിഞ്ഞാണ് ഒരാൾക്കു പരുക്കേറ്റത്.  യാത്രക്കാരും പൊലീസും ചേർന്ന് ഓടിയെത്തി പിടിച്ചുകയറ്റി. കാൽവിരലിന്റെ അറ്റം പൊട്ടി ചോരയൊലിക്കുന്ന നിലയിലായിരുന്നു അയാൾ.

ചെമ്പുക്കാവിൽ രാമനിലയം പരിസരത്തെ വലിയ കുഴിയിൽ വീണു ബൈക്ക് മറിഞ്ഞു ദമ്പതികൾക്കു പരുക്കേറ്റു. നഗരത്തിലെ തകർന്ന റോഡുകളുടെ നേർക്കാഴ്ചയാണ് മനോരമ ജംക്‌ഷനിൽ. ഇവിടെ റോഡിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനാണെങ്കിലും തലവേദന മുഴുവൻ കോർപറേഷനും പൊലീസിനുമാണ്. പൊതുമരാമത്ത് വകുപ്പ് മിണ്ടുന്നില്ല. സ്വരാജ് റൗണ്ട് ഒഴികെ നഗരത്തിലെ റോഡുകളിലെല്ലാം നിറയെ കുഴികളാണ്.

കുരുക്കോണം

കുഴികളും വാഹനത്തിരക്കും വന്നതോടെ നഗരം മുഴുവൻ കുരുക്കായി. രാവിലെ ഓഫിസ്, സ്കൂൾ സമയത്ത് മണിക്കൂറുകളെടുത്താണ് നഗരത്തിലെ ജംക്‌ഷനുകളിൽ വാഹനങ്ങൾ കടന്നുപോകുന്നത്. 160 പൊലീസുകാരും മേലുദ്യോഗസ്ഥരുമാണ് നഗരത്തിൽ ട്രാഫിക് നിയന്ത്രിക്കാൻ കഷ്ടപ്പെടുന്നത് എന്നിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.

നഗരത്തിലെ തിരക്കിലൂടെ ആംബുലൻസ് കടത്തിവിടാൻ മുൻസീറ്റിൽ ഇരുന്നു ഗതാഗതം നിയന്ത്രിക്കgുന്ന പൊലീസ്.

കട്ടയും കല്ലും പെറുക്കി കുഴികളടയ്ക്കുന്ന പണിയും പൊലീസിന്റെ തലയിലാണ്. പൊലീസിനു ട്രാഫിക്കല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാണിപ്പോൾ. നൂറോളം ട്രാഫിക് പൊലീസ്, കൺട്രോൾ റൂമിലെ 40 പേർ, പിങ്ക് പൊലീസ് കെഎപിയിലെ ഇരുപതോളം പേർ ഇവരെല്ലാം നഗരത്തിൽ കുഴികൾക്കു കാവൽ നിൽക്കേണ്ട അവസ്ഥയാണ്.

പൊക്കോണം

ഓണത്തിന് നഗരത്തിലെ തിരക്ക് മനസിലാക്കാതെ ഒറ്റയ്ക്കു കാറെടുത്തു കറങ്ങാനിറങ്ങുന്നവർ, തിരക്കേറിയ റോഡിന്റെ വശങ്ങളിൽ വാഹനം പാർക്കു ചെയ്തു പോകുന്നവർ.. ഇവരോടൊക്കെ പൊലീസിനു പറയാനുള്ളത് ഒന്നുമാത്രം: വിട്ടുപൊക്കോണം! കുഴിയും കുരുക്കുമുള്ള സമയത്ത് വാഹനം എളുപ്പത്തിൽ മുന്നോട്ടു പോകില്ലെന്നുറപ്പായിട്ടും തിക്കിത്തിരക്കി കൂടുതൽ ബ്ലോക്കുണ്ടാക്കുന്നവരോടും ഇതു തന്നെയാണു നിർദേശം.

തിരക്ക് സ്വരാജ് റൗണ്ടിലേക്കും: ഇന്നലെ ഉപറോഡുകളെല്ലാം തിരക്കിൽ മുങ്ങിയതിനെത്തുടർന്നു സ്വരാജ് റൗണ്ടും കുരുങ്ങിയപ്പോൾ.

നിയമപരമല്ലാത്ത മുന്നറിയിപ്പ്: നഗരത്തിലൂടെ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക... നിങ്ങൾ കുഴിയിലേക്കു വീണ് ഓണക്കാലം കുളമാക്കരുത്. മാവേലിക്ക് പാതാളത്തിൽ നിന്ന് കേരളം കാണാൻ വരാനായി തീർത്തതാണ് കുഴികൾ. നിങ്ങൾ അതിൽ വീണ് മാവേലിയുടെ വഴിമുടക്കരുത് പ്ലീസ്.. അങ്ങനെ മാവേലി വന്നില്ലെങ്കിൽ കോർപറേഷനോ പൊതുമരാമത്ത് വകുപ്പോ ഉത്തരവാദിയല്ല.

ഇവർ പറയുന്നത് കേട്ടോണം

നഗരത്തിലെ ഗതാഗതം ആകെ കുരുങ്ങി താറുമാറായ സ്ഥിതിയിൽ എന്താണു പരിഹാരം നടപടികൾ? ഉത്തരവാദിത്തപ്പെട്ടവരോടു ചോദിക്കാം. അവർ ഉത്തരം പറയട്ടെ:

മഴ കുറയും വരെ മറ്റു മാർഗമില്ല

അജിത വിജയൻ,മേയർ.

നഗരത്തിലെ കുഴികൾ പലപ്പോഴായി കോർപറേഷൻ അടച്ചിട്ടുണ്ട്. ചിലയിടത്ത് നാലും അഞ്ചും തവണ വരെ അടച്ചിട്ടുണ്ട്. പക്ഷേ കനത്ത മഴ പെയ്യുന്നതോടെ വീണ്ടും കുഴിയാവുകയാണ്. മനോരമ ജംക്‌ഷനിലാണ് കൂട്ടത്തിൽ സ്ഥിതി ഏറ്റവും രൂക്ഷം. ഇവിടെ പൊതുമരാമത്ത് വകുപ്പാണ് ജോലികൾ ചെയ്യേണ്ടത്. പഴി കേൾക്കുന്നത് കോർപറേഷനും. ഇവിടെയടക്കം എല്ലാ സ്ഥലത്തും താൽക്കാലികമായി റോഡ് നന്നാക്കുന്നുണ്ട്. എന്നാൽ മഴ കുറയും വരെ വേറെ പരിഹാരമില്ലാത്ത സ്ഥിതിയാണ്. 

? മനോരമ ജംക്‌ഷനിൽ മാർക്കറ്റിനു മുന്നിൽ റോഡിൽ വലിയ കുഴിയെടുത്തിട്ട് ഒരാഴ്ചയിലേറെയായി. ജോലി നടക്കുന്നില്ലെങ്കിൽ ഇത് അടച്ചുകൂടേ?

ഇവിടെ കലുങ്ക് പൊളിച്ച് കാന ഉയർത്തിപ്പണിതാലേ പരിഹാരമാകൂ. പൊതുമരാമത്ത് വകുപ്പ് അതിപ്പോൾ നടക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ കുഴി അപകടമാകുമെന്നതിനാൽ തൽക്കാലം ക്വാറി വേസ്റ്റ് ഇട്ടു മൂടാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതു ചെയ്യും.

മഴ കുറഞ്ഞുകിട്ടിയാൽ ടാർ ചെയ്യാൻ നടപടി

എസ്. ഷാനവാസ്, കലക്ടർ.

രാത്രിയിൽ നഗരത്തിലെ പലയിടത്തും താൽക്കാലികമായി കുഴിയടയ്ക്കുന്നുണ്ട്. ഇന്നലത്തേതുപോലെ ശക്തമായ മഴയത്ത് ഒന്നും ചെയ്യാനാവില്ല. ഏഴു ജംക്‌ഷനുകളിൽ ഗതാഗത സംബന്ധമായ മാറ്റങ്ങൾ വരുത്താൻ മുൻപേയുള്ള നിർദേശം നടപ്പാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. നഗരത്തിലെ കുഴികൾ മഴ ശക്തമാകും മുൻപ് അടയ്ക്കേണ്ടതായിരുന്നു. ഇനി മഴ മാറാതെ ടാറിങ് സാധ്യമല്ല. തൽക്കാലം ചില ട്രാഫിക് ക്രമീകരണങ്ങളിലൂടെ കുരുക്കഴിക്കും. പുഴയ്ക്കൽ പാലം കൂടി തുറക്കുന്നതോടെ അൽപം സമാധാനമുണ്ടാകും. നഗരത്തിലും പരിസരത്തും കാര്യമായ ഗതാഗത പരിഷ്കാരം ലക്ഷ്യമിടുന്നുണ്ട്.

റോഡുകൾ നന്നാവാതെ പരിഹാരമില്ല

വി.കെ. രാജു,അസിസ്റ്റന്റ് കമ്മിഷണർ

നഗരത്തിലെ റോഡുകളുടെ ദുരവസ്ഥയും ഓണത്തിരക്കിന് റോഡിലിറങ്ങുന്ന വാഹനങ്ങളുടെ പെരുക്കവും മൂലം നഗരം നിശ്ചലമായ അവസ്ഥയിലാണ്. 160 പൊലീസുകാരാണ് നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാനായി കഷ്ടപ്പെടുന്നത്. കുരുക്കിൽ വലഞ്ഞുവരുന്ന യാത്രക്കാർ വേദനിപ്പിക്കുന്ന കാഴ്ചയാണ്.

ഇതുകണ്ട് പലയിടത്തും പൊതുമരാമത്തു വകുപ്പിന്റെ പണിയായ കുഴിയടയ്ക്കൽപോലും പൊലീസ് ചെയ്യുകയാണ്. മഴ ഒന്നു കുറഞ്ഞാലുടൻ റോഡുകൾ ടാർ ചെയ്യുകയല്ലാതെ പോംവഴിയില്ല. വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ യാത്രക്കാരും ശ്രദ്ധിക്കണം. പരമാവധി പൊതുവാഹനങ്ങൾ ഉപയോഗിക്കുകയും ഓണക്കാലത്തേക്കെങ്കിലും നിരത്തിൽ കാറുകളുടെ എണ്ണം കുറയ്ക്കുകയും വേണം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama