go

വേഗം വന്നോണം, ഇനി തിരക്കാവും

thrissur-rush-bussiness
തൃശൂർ എം.ഒ റോഡിലെ തിരക്ക്
SHARE

തൃശൂർ ∙ ഇന്നലെ ഉച്ചയ്ക്കു ശേഷം മഴ മാറി നിന്നതോടെ ഓണം ചൂടു പിടിച്ചു. ഞായറാഴ്ചയുടെ ആലസ്യം മറന്ന തിരക്കായിരുന്നു ഇന്നലെ പ്രധാന നഗരങ്ങളിലെല്ലാം. വലിയ ഷോറൂമുകളിലും വഴിയോരക്കച്ചവടക്കാർക്കു മുൻപിലുമെല്ലാം ആളുകൾ നിറഞ്ഞു. തുണിക്കടകളിൽ‌ ഓണത്തിന്റെ കനത്ത തിരക്കു കണ്ട ദിവസമായിരുന്നു ഇന്നലെ.

ഒഴിവ് ആരംഭിച്ച ദിവസം തന്നെ മഴ മാറി നിന്നതോടെ ഷോപ്പിങ് ഇനി മാറ്റിവയ്ക്കേണ്ടെന്ന് ആളുകൾ തീരുമാനിച്ചതായിരുന്നു ഇന്നലത്തെ തിരക്കിനു കാരണം. ഉച്ചയോടെ കനപ്പെട്ട ഒരു മഴ പെയ്തെങ്കിലും അതിനു പിന്നാലെ വെയിൽ വീണതോടെ കച്ചവടവും കനത്തു.

സ്കൂൾ, കോളജുകളിലെ ഓണാഘോഷ പരിപാടികളെല്ലാം കഴിഞ്ഞെങ്കിലും പൂവിപണിയും ഇന്നലെ മോശമായില്ല. ക്ലബുകളുടെയും യുവജന സംഘടനകളുടെയും ഓണാഘോഷ പരിപാടികൾക്കായി പൂ വാങ്ങിക്കാൻ ഒട്ടേറെ പേരാണ് എത്തിയത്. പച്ചക്കറികളിൽ എളുപ്പം കേടുവരാത്തവ ഇന്നലെ തന്നെ ആളുകൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്നലത്തെ തിരക്ക് ഇനിയുള്ള ദിവസങ്ങളിൽ വരാൻ പോകുന്ന കനത്ത തിരക്കിന്റെ സൂചനയാണ് എന്നാണു വ്യാപാരികളുടെ പ്രതീക്ഷ.പ്രാദേശികമായി വിവിധ സംഘങ്ങൾ നടത്തുന്ന പച്ചക്കറിച്ചന്തകളിലും തിരക്ക് തുടങ്ങി. പൊതുവിപണിയെക്കാൾ വില കുറച്ചു കിട്ടുമെന്നതാണു സംഘം ചന്തകളുടെ പ്രത്യേകത.

കായ, കായ വറുത്തത്, ശർക്കര വരട്ടി എന്നിവയ്ക്കു പ്രാദേശിക ചന്തകളി‍ലാണു വിൽപന കൂടുതൽ.ഗൃഹോപകരണ വിൽപന കേന്ദ്രങ്ങളിലും ഇന്നലെ നല്ല തിരക്കായിരുന്നു. വാഷിങ് മെഷീൻ, റഫ്രിജറേറ്ററുകൾ, എസി എന്നിവയ്ക്കായിരുന്നു ഏറെയും ആവശ്യക്കാർ. വൻകിട ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണ് ഏറെയും ഇന്നലെ വിൽപന നടന്നത്.

മഴ മാറി നിന്നാൽ ഓണം ഓഫറുകൾ തീരും മുൻപ് ഗൃഹോപകരണങ്ങളുടെ വൻ വിൽപന തന്നെ നടക്കും എന്നു വ്യാപാരികൾ പറയുന്നു.മൊബൈൽ വിപണിക്കും ഓണം വലിയ ഉണർവു പകർന്നിട്ടുണ്ട്. കടകൾ സ്വന്തം നിലയിൽ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളിലാണ് ഉപഭോക്താക്കളുടെ കണ്ണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama