go

അരിയിൽ മായമെന്ന് ക്വാളിറ്റി കൺട്രോളർ; ‘മഹാമായ’യെന്ന് ഭക്ഷ്യസുരക്ഷാ മാനേജർ

thrissur-tiruonam-special
SHARE

തൃശൂരിൽ സപ്ലൈകോ വിതരണം ചെയ്ത മട്ടയരിയിൽ മായംകലർന്നിട്ടുണ്ടെന്നു ക്വാളിറ്റി കൺട്രോളർ. അതു മായമല്ലെന്നും ‘മഹാമായ’ ഇനത്തിൽപ്പെട്ട സവിശേഷ അരിയാണെന്നും ഭക്ഷ്യസുരക്ഷാ മാനേജർ. തങ്ങൾക്കു കിട്ട‍ിയത് മഹാമായ അല്ലെന്നും വെറും മായമാണെന്നും റേഷൻ കടക്കാർ. പലതരം അരി കൂട്ടിക്കലർത്തിയ മിശ്രിതമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് റേഷൻ കാർഡുടമകൾ. 

തൃശൂർ താലൂക്കിലെ അരിവിതരണത്തെച്ചൊല്ലി തർക്കം മൂക്കുമ്പോൾ കാർഡുടമകളും റേഷൻ വ്യാപാരികളും ചേർന്ന് സപ്ലൈകോയ്ക്കും എംഎൽഎമാർക്കും മുന്നിൽ വ്യത്യസ്തമായ ഒരു ചാലഞ്ച് അവതരിപ്പിക്കുകയാണ്. എംഎൽഎമാർക്ക് സപ്ലൈകോ നൽകുന്ന ഓണക്കിറ്റിൽ തൃശൂരിലെ ‘മഹാമായ’ അരി ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. അരിയിൽ മായമില്ലെന്നും വിതരണം ചെയ്യുന്നതിൽ തടസ്സമില്ലെന്നും വാദിക്കുന്ന സപ്ലൈകോ, ഇതേ അരി തന്നെ എംഎൽഎമാർക്കു വിതരണം ചെയ്യാൻ ധൈര്യം കാട്ടണമെന്നതാണ് ചാലഞ്ചിന്റെ ഉദ്ദേശ്യം. 

എംഎൽഎമാരുടെ വീടുകളിൽ ഈ അരി എത്തിച്ചുനൽകാൻ വേണ്ട ഗതാഗതച്ചിലവു പൂർണമായി തങ്ങൾ വഹിച്ചുകൊള്ളാമെന്ന് ഒരുവിഭാഗം റേഷൻ വ്യാപാരികളും അറിയിച്ചിട്ടുണ്ട്. മായം കലർന്നുവെന്നു പകൽ പോലെ വ്യക്തമായിട്ടും വെള്ളപൂശാൻ ശ്രമിക്കുന്ന സപ്ലൈക്കോ അധികൃതരോടുള്ള പ്രതിഷേധം കൂടിയാണ് ചാലഞ്ചിനു പിന്നിൽ. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മട്ടയരി ചാലഞ്ചിനുള്ള ആഹ്വാനങ്ങൾ പരക്കുന്നുണ്ട്. 

ചാലഞ്ചിനുള്ള പ്രകോപനം മായം കലർന്ന മട്ടയരി

മായം കലർന്നതായി സംശയിക്കുന്ന മട്ടയരി.
മായം കലർന്നതായി സംശയിക്കുന്ന മട്ടയരി.

തൃശൂർ താലൂക്കിൽ വിതരണം ചെയ്ത മട്ടയരിയിൽ വൻതോതിൽ മായംകലർത്തിയെന്ന സംഭവമാണ് ചാലഞ്ചിലേക്കു നയിച്ചത്.കുരിയച്ചിറ, കൊട്ടേക്കാട് എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ നിന്നു വിതരണം ചെയ്ത ചുവന്ന മട്ടയരിയിൽ വെള്ള, മഞ്ഞ നിറത്തിലുള്ള അരി കലർന്ന നിലയിലാണ് റേഷൻ കടകളിൽ നിന്നു കാർഡുടമകൾക്കു ലഭിച്ചത്. മായം ചേർത്തതായി പ്രഥമദൃഷ്ട്യാ വ്യക്തമായതോടെ ഉപഭോക്താക്കൾ അരി വാങ്ങാൻ മടിച്ചു. 

നിലവാരം കുറഞ്ഞ അരിയിൽ തവിട് ചേർത്തുണ്ടാക്കിയ മായംചേർന്ന അരിയാണിതെന്നു റേഷൻ കടക്കാർക്കും വ്യക്തമായി. ക്വാളിറ്റി കൺട്രോളറുടെ പരിശോധനയിൽ അരിയിൽ മായം കലർന്നതായി കണ്ടെത്തിയെന്നാണ് വിവരം. മട്ടയരിയിൽ നിലവാരം കുറഞ്ഞ വിവിധതരം അരി കൂട്ടിക്കലർത്തി വിതരണം ചെയ്തെന്ന‍ു പരിശോധനയിൽ കണ്ടെത്തിയതായും വിവരമുണ്ട്. 

അതു മായമല്ല, മഹാമായ!

പലതരം അരികൾ കൂട്ടിക്കലർത്തിയ നിലയിൽ വിതരണത്തിന് എത്തിച്ച മട്ടയരി.
പലതരം അരികൾ കൂട്ടിക്കലർത്തിയ നിലയിൽ വിതരണത്തിന് എത്തിച്ച മട്ടയരി.

താലൂക്കിൽ വിതരണം ചെയ്ത അരിയിൽ മായം കലർന്നിട്ടില്ലെന്നും മഹാമായ ഇനത്തിൽപ്പെട്ട ഗുണനിലവാരമുള്ള അരിയാണെന്നുമാണ് ഭക്ഷ്യസുരക്ഷാ മാനേജരുടെ അന്വേഷണ റിപ്പോർട്ട്. സ്വർണ, മഹാമായ, പൊൻമണി തുടങ്ങിയ അരികൾ കാഴ്ചയിൽ വെള്ള അരിയാണെങ്കിലും സ്വർണ നിറത്തിലേക്കു മാറ്റമുണ്ടാകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചെർപ്പുളശേരി, ഓങ്ങല്ലൂർ, മങ്കര, മുതലമട, എരിമയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു സപ്ലൈകോ നേരിട്ടു ശേഖരിച്ചതാണ്. ഈ നെല്ല് ഡിപ്പോകൾ വഴി വിതരണം ചെയ്തതിൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, തൃശൂരിൽ വിതരണം ചെയ്ത അരി ‘മഹാമായ’ അല്ലെന്ന് പരാതിക്കാർ തറപ്പിച്ചു പറയുന്നു. മഹാമായ അരിയുടെ വലുപ്പവും തൃശൂരിൽ വിതരണം ചെയ്ത അരിയുടെ വലുപ്പവും വ്യത്യസ്തമാണെന്നും ഇവരുടെ പരാതിയിൽ പറയുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama