go

‘പറന്നെത്തിയ’ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു; ചക്രം യുവാവിന്റെ തലയ്ക്കരികിൽ

thrissur-life-in-danger
പുഴയ്ക്കലിൽ എതിർ ട്രാക്കിലേക്കു കടന്ന് ബൈക്കിനെ ഇടിച്ചിട്ട ബസ്.
SHARE

തൃശൂർ ∙ പുഴയ്ക്കലിൽ റോഡിന്റെ എതിർദിശയിലൂടെ പാഞ്ഞെത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് ഇടിച്ചു കയറി. തൊട്ടുപിന്നാലെയെത്തിയ മറ്റൊരു സ്വകാര്യ ബസിനിടയിലേക്കു ബൈക്കും യാത്രക്കാരനും തെറിച്ചു വീണെങ്കിലും ശബ്ദം കേട്ടു ഡ്രൈവർ ബസ് വെട്ടിച്ചുമാറ്റിയതിനാൽ വൻദുരന്തമൊഴിവായി. ബസിന്റെ ചക്രം യുവാവിന്റെ തലയ്ക്കരികിലെത്തി നിന്ന കാഴ്ച യാത്രക്കാരെ ഭീതിയിലാഴ്ത്തി. ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യത്തിനു പൊലീസില്ലാത്ത സാഹചര്യം മുതലെടുത്ത് പുഴയ്ക്കലിൽ സ്വകാര്യ ബസുകൾ റോഡിന്റെ മറുവശത്തുകൂടി മരണപ്പാച്ചിൽ നടത്തുന്നത് പതിവാണ്.

thrissur-life-in-danger
പുഴയ്ക്കലിലെ ഗതാഗതക്കുരുക്ക്.

തൃശൂരിൽ നിന്നു കുന്നംകുളം ദിശയിലേക്കുള്ള ട്രാക്കിലൂടെ എത്തിയ തൃശൂർ – അടാട്ട് റൂട്ടിലോടുന്ന ഇമ്മാനുവൽ എന്ന ബസാണ് വാഹനനിരയെ മറികടക്കാൻ പെട്ടെന്ന് എതിർ ദിശയിലെ ട്രാക്കിലേക്കു കയറിയത്. അപ്രതീക്ഷിത ഇടിയേറ്റു തെറിച്ചുവീണ ബൈക്ക് മറ്റൊരു ബസിനടിയിലേക്ക‍ാണ് പതിച്ചത്. കുന്നംകുളം കാണിപ്പയ്യൂർ വെട്ടത്തറയിൽ തോമസിന്റെ മകൻ പ്രെയ്സന് (19) ആണ് പരുക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു യാത്രക്കാരനെ വലിച്ചു പുറത്തെടുത്തു.

ഇയാൾ വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കയ്യിലും കാലിലും ഒടിവുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടർമാർ അറിയിച്ചു. അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ക്യൂ മറി കടക്കാൻ േവണ്ടി അമിത വേഗത്തിൽത്തന്നെ എതിർ ദിശയിലേക്കു കടന്നു കയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

അപകടം നടക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്നത് ഒരു ട്രാഫിക് പൊലീസുകാരൻ മാത്രം. ബസുകൾ വാഹനവരിയും ദിശയും തെറ്റിക്കുന്നതു തടയാൻ തൃശൂർ ഭാഗത്തു പൊലീസുകാർ ഉണ്ടായിരുന്നില്ല. ഏറെ ദിവസമായി ഇവിടെ വൻ ഗതാഗതക്കുരുക്കാണെങ്കിലും പൊലീസ് സഹായം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ലെന്നു പരാതിയുണ്ട്.

മന്ത്രിമാരോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ ഇതുവഴി പോകുമ്പോൾ മാത്രമാണ് പൊലീസ് സംഘം എത്തുന്നത്. അപകടത്തിനിരയായ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബസിനെതിരെ നടപടി സ്വീകരിക്കുമെന്നു വെസ്റ്റ് പൊലീസ് അറിയിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama