go

വെള്ളക്കെട്ട‌് പരിഹരിക്കാൻ നടപടി

thrissur-to-avoid-flood
കുണ്ടുവാറ മുതൽ ചേറ്റുവ വരെ വെള്ളക്കെട്ട് ഒഴിവാക്കാൻ യുണൈറ്റഡ് ആക‌്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ മന്ത്രി വി.എസ്. സുനിൽ കുമാർ പ്രസംഗിക്കുന്നു.
SHARE

തൃശൂർ ∙ കുണ്ടുവാറ മുതൽ ചേറ്റുവ വരെ 17 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലെ വെള്ളക്കെട്ടും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിന് മന്ത്രി വി.എസ്.സുനിൽകുമാർ കലക്ടർ എസ്.ഷാനവാസിനെ ചുമതലപ്പെടുത്തി.

യുണൈറ്റഡ് ആക‌്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 30 റസിഡന്റ്സ് അസോസിയേഷനുകൾ ചേർന്ന്, വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. കലക്ടർ എസ്.ഷാനവാസും യോഗത്തിൽ പങ്കെടുത്തിരുന്നു. 2738 വീടുകൾ ആണ് ഈ പ്രദേശത്ത് ആകെയുള്ളത്.
2 കോടി രൂപയെങ്കിലും നീക്കിവയ്ക്കാനായാൽ വെള്ളക്കെട്ടിനുള്ള പരിഹാര നടപടികൾക്കു തുടക്കമിടാനാവും. കൃഷി വകുപ്പിനു മാറ്റി വയ്ക്കാവുന്ന അത്രയും തുക മാറ്റിവയ്ക്കും. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽപ്പെടുത്തി ഫണ്ട് കണ്ടെത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പഞ്ചിക്കൽ തോട് പുഴയ്ക്കൽ പുഴയുമായി ചേരുന്ന ഭാഗത്തു നിർമിച്ച സ്ലൂസ് അശാസ്ത്രീയമാണെന്നും കുറിഞ്ഞാക്കൽ ദ്വീപ് നിവാസികൾക്കു വേണ്ടി പണിത പുതിയ പാലത്തിന്റെ അടിയിൽ നിർമിച്ച താൽക്കാലിക മണൽത്തിട്ട സ്വാഭാവികമായ ഒഴുക്കു തടയുന്നതാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പഞ്ചിക്കൽ തോടിന്റെ വീതി 108 അടിയിൽ നിന്ന് 52 അടിയായി കുറച്ചാണ് കെഎൽഡിസി ബണ്ട് നിർമിച്ചതെന്നും ആരോപിച്ചിരുന്നു. ഏനാമാവ് ഷട്ടറും അതിന്റെ മുൻഭാഗത്തായി സ്ഥാപിച്ച വളയക്കെട്ടും കൃത്യസമയത്തു തുറക്കുന്നില്ലെന്നും പഞ്ചിക്കൽ തോട് സമയാസമയങ്ങളിൽ വൃത്തിയാക്കുന്നില്ലെന്നും നിവേദനത്തിൽ ആരോപിച്ചിട്ടുണ്ട്. പഞ്ചിക്കൽ തോടിന്റെ ഇരുഭാഗത്തും ബണ്ട് കെട്ടി കോൾ പാടത്തേക്ക് ഒഴുക്കു തടഞ്ഞതും വെള്ളക്കെട്ടിനു കാരണമാകുന്നതായി നിവേദനത്തിലുണ്ട്.

തോടിനു വീതി കൂട്ടേണ്ടത് അത്യാവശ്യമാണെന്നും അതിനുള്ള പദ്ധതി തയാറായി കഴ‌ിയുമ്പോൾ‌ തടസ്സവുമായി വരാതെ എല്ലാവരും തുറന്ന സമീപനം സ്വീകരിക്കണമെന്നുമാണു മന്ത്രി മറുപടി പറഞ്ഞത്.യുണൈറ്റഡ് ആക്‌ഷൻ കൗൺസിൽ ചെയർമാൻ സിജോ ജോസ് അധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എംപി, അനിൽ അക്കര എംഎൽഎ, മേയർ അജിത വിജയൻ, ഡപ്യൂട്ടി മേയർ പി.റാഫി ജോസ്, കൗൺസിലർമാരായ ജോൺ ഡാനിയൽ, വൽസല ബാബുരാജ്, സി.രാവുണ്ണി, സി.ബി.ഗീത, സുബി ബാബു, ലളിതാംബിക എ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama